- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ രാശി നോക്കാനെത്തിയ ജോത്സ്യൻ വീട്ടമ്മയുമായി മുങ്ങി; വിവരമറിഞ്ഞ ജ്യോത്സ്യരുടെ ഭാര്യക്ക് ഹൃദയാഘാതം; ആത്മഹത്യാ ഭീഷണിയുമായി ഡോക്ടറായ മകൾ; വീട്ടമ്മയെ കൊണ്ടുപോകാൻ ഭർത്താവ്; ഹൊസ്ദുർഗ് കോടതിയിൽ നാടകീയ രംഗങ്ങൾ
കാഞ്ഞങ്ങാട്: രാശി നോക്കാനെത്തിയ മലപ്പുറത്തെ ജോത്സ്യനൊപ്പം തൃക്കരിപ്പൂരിൽ നിന്നും ആറ് മാസം മുമ്പ് കാണാതായ ഭർതൃമതിയെയും ഏഴ് വയസുള്ള മകളെയും തളിപ്പറമ്പിലെ ഒരു വീട്ടിൽനിന്നും കണ്ടെത്തി. മലപ്പുറം മഞ്ചേരി സ്വദേശിയായ ജോത്സ്യരുടെ കൂടെയാണ് യുവതി പോയതെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് തളിപ്പറമ്പിൽ താമസിക്കുന്ന വിവരം ലഭിച്ചത്.
ജ്യോത്സ്യർ വാങ്ങിയ വീട്ടിലാണ് യുവതി താമസിച്ചത്. ചന്തേര പൊലീസാണ് യുവതിയെ കോടതിയിൽ ഹാജരാക്കിയത്. യുവതിയെയും കുഞ്ഞിനെയും ഹാജരാക്കാൻ എത്തിയപ്പോൾ കോടതി പരിസരം നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വീട്ടുകാരറിയാതെയാണ് ഇടയ്ക്കിടെ യുവതിയുടെ കൂടെ ജ്യോത്സ്യൻ താമസിച്ചിരുന്നത്. ഈ വിവരമറിഞ്ഞ ജോത്സ്യന്റെ ഭാര്യയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിനിടെ പിതാവിന്റെ കൂടെയല്ലാത്ത ജീവിതം തങ്ങൾക്ക് വേണ്ടെന്ന് പറഞ്ഞ് ഡോക്ടർ കൂടിയായ ജ്യോത്സ്യരുടെ മകളും മകനുമുൾപ്പെടെ നിരവധി ബന്ധുക്കൾ ഹൊസ്ദുർഗ് കോടതി പരിസരത്തെത്തി. അച്ഛനെ തങ്ങൾക്ക് തന്നെ കിട്ടണമെന്നും ഇല്ലെങ്കിൽ ജീവിതമവസാനിപ്പിക്കാനെ വഴിയുള്ളൂവെന്ന് അവർ പറഞ്ഞു. എന്നാൽ യുവതി താൻ ജോത്സ്യരുടെ കൂടെ മാത്രമേ പോവുകയുള്ളൂവെന്നും പറഞ്ഞ് വാശി പിടിച്ചു.
പിന്നീട് പൊലീസും കോടതി ജീവനക്കാർ ഉൾപ്പെടെ എല്ലാവരുമായി ദീർഘനേരം സംസാരിച്ചു. എന്നിട്ടും തീരുമാനമായില്ല. ഭാര്യയെയും കുഞ്ഞിനെയും സ്വീകരിക്കാൻ യുവതിയുടെ ഭർത്താവ് കോടതിയിൽ എത്തിയെങ്കിലും ഒപ്പം പോകാൻ യുവതി കൂട്ടാക്കിയില്ല. ഒരു ഭാഗത്ത് മക്കൾ. മറുഭാഗത്ത് തന്നെ വിശ്വസിച്ച് ഇറങ്ങി വന്ന ഭർതൃമതിയും കുഞ്ഞും. ഇതോടെ ജോത്സ്യൻ ത്രിശങ്കുവിലായി.
കോടതി പരിസരത്ത് മണിക്കൂറുകൾ നീണ്ട പിരിമുറുക്കം. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 5 മണിയോടെ ഭർതൃമതിയേയും കുഞ്ഞിനെയും ചേമ്പറിലേക്ക് വിളിപ്പിച്ച് മൊഴിയെടുത്തു. യുവതി ഭർത്താവിനെതിരെ ഗുരുതരമായ പരാതി മജിസ്ട്രേറ്റിന് മുന്നിൽ ഉന്നയിച്ചു. ഭർത്താവ് തന്നെയും മകളെയും ദ്രോഹിക്കുന്നതായി പരാതിപ്പെട്ടു. കുഞ്ഞിനെ മർദ്ദിച്ചു. തന്നെ മൃഗീയമായി മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി പറഞ്ഞു.
ഇതേതുടർന്ന് കോടതി യുവതിയുടെ മൊഴിയിലെ പരാതിയിൽ ഭർത്താവിനെതിരെ പീഡനം, പോക്സോ വകുപ്പുകൾ കേസെടുക്കാൻ ചന്തേര പൊലീസിന് നിർദ്ദേശം നൽകി. യുവതിയെയും കുഞ്ഞിനെയും പടന്നക്കാട്ടെ സ്നേഹ ഭവനിൽ തത്കാലം താമസിപ്പിച്ച് നടപടി സ്വീകരിക്കാൻ ന്യായാധിപൻ വിധിച്ചു. ഇതോടെ. ജോത്സ്യനും മക്കളും ഒരു വഴിക്കും ഭർത്താവും സുഹൃത്തുക്കളും മറുവഴിക്കും സ്ഥലം വിട്ടു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്