- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലീവ് കഴിഞ്ഞ് സൈന്യത്തിലേക്ക് മടങ്ങിയപ്പോൾ കാണാതായത് 21 വർഷം മുൻപ്; ആനുകൂല്യങ്ങൾ കിട്ടാൻ മരിച്ചു എന്ന സർട്ടിഫിക്കറ്റിനായി ഭാര്യ പൊലീസിനെ സമീപിച്ചു; ഭർത്താവിനെ ജീവനോടെ പിടിച്ചു കൊണ്ടു വന്ന് കൊടുത്ത് പൊലീസ്; പന്തളത്ത് നിന്ന് ഒരു അപൂർവ ഒളിച്ചോട്ടക്കഥ
പന്തളം: മുളമ്പുഴ സ്വദേശിനി രാധ കഴിഞ്ഞ വർഷം ഏപ്രിൽ 20 ന് ഒരു പരാതിയുമായി പന്തളം പൊലീസ് സ്റ്റേഷനിൽ എത്തി. തന്റെ ഭർത്താവും സൈനികനുമായ വേണുഗോപാലിനെ കഴിഞ്ഞ 20 വർഷമായി കാണാനില്ലെന്നും അതിനാൽ അദ്ദേഹം മരിച്ചുവെന്നു കാട്ടി ഒരു സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. അങ്ങനെ ചാടിക്കയറി ഒരു സർട്ടിഫിക്കറ്റ് നൽകാൻ പൊലീസിന് കഴിയുമായിരുന്നില്ല. വേണുഗോപാൽ മരിച്ചുവെന്ന് ഉറപ്പാക്കണ്ടേ? അതിനായി ഇറങ്ങിത്തിരിച്ച പൊലീസ് ശനിയാഴ്ച തിരിച്ചു കയറിയത് വേണുഗോപാലുമായിട്ടായിരുന്നു. ആൾ മരിച്ചിട്ടില്ല, മുങ്ങി നടക്കുകയായിരുന്നു. കൊല്ലത്തെ ഒരു ചായക്കടയിൽ നിന്നുമാണ് കക്ഷിയെ കണ്ടെത്തിയത്. അതിനായി പൊലീസ് ഏറെ അലഞ്ഞു. ആ കഥയാകട്ടെ ത്രില്ലിങ്ങും.
ഓമല്ലൂർ പന്ന്യാലി സ്കൂളിന് സമീപം താമസിച്ചിരുന്ന വേണുഗോപാലിനെ(59)നെയാണ് ഭാര്യയുടെ പരാതി പ്രകാരം കൊല്ലത്തെ ഒരു ഹോട്ടലിൽ നിന്നും കണ്ടെത്തി പൊലീസ് കോടതിയിൽ ഹാജരാക്കിയത്. കൂട്ടിക്കൊണ്ടു പോകാൻ മകൻ എത്തിയെങ്കിലും വേണുഗോപാൽ പോയില്ല. ഇതോടെ കോടതി അയാളെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. വേണുഗോപാൽ ഒരു കേസിലും പ്രതിയല്ല എന്നതു തന്നെ കാരണം.
ഭാര്യ രാധയുടെ മുളമ്പുഴയിലെ വീട്ടിൽ നിന്നും 2000 ജനുവരി 14 ന് ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോയ വേണുവിനെ കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. മിലിട്ടറി എൻജിനീയറിങ് സർവീസിലായിരുന്നു ഇയാൾക്ക് ജോലി. രാധയുടെ പരാതിയിൽ വിവിധ ഇൻസ്പെക്ടർമാർ അന്വേഷണം നടത്തി. ഒടുവിൽ വേണുവിന്റെ ആധാർ കാർഡിന്റെ ഒരു കോപ്പി കിട്ടി. ഈ കാർഡ് ഉപയോഗിച്ച് ഒരു മൊബൈൽ ഫോൺ സിം കാർഡ് എടുത്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. അങ്ങനെയാണ് കൊല്ലത്തെ ഒരു ഹോട്ടലിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആദ്യമൊന്നും താൻ വേണുഗോപാൽ ആണെന്ന് സമ്മതിച്ചു കൊടുക്കാൻ ഇയാൾ തയാറായില്ല.
17 വർഷം മുൻപാണ് വേണുഗോപാൽ മിലിട്ടറി ജോലി ഉപേക്ഷിച്ചത്. ബംഗളൂരുവിൽ മറ്റൊരു മലയാളി യുവതിക്കൊപ്പമായിരുന്നു താമസം. നിയമപരമായി അവരെ വിവാഹം കഴിച്ചിട്ടില്ല. ഈ ബന്ധത്തിലും രണ്ടു കുട്ടികളുണ്ട്. പിന്നീട് അവരെയും ഉപേക്ഷിച്ച വേണു ബംഗളൂരുവിലും ഗുരുവായൂരിലും കൊല്ലത്തും വിവിധ ഹോട്ടലുകളിൽ ജോലിനോക്കി. ഇയാളെ പിന്നീട് സൈന്യത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സർവീസ് പൂർത്തിയാക്കിയില്ലെങ്കിലും തക്കതായ കാരണം ബോധിപ്പിച്ചാൽ ഇയാൾക്ക് പെൻഷനും മറ്റ് .ആനുകൂല്യങ്ങളും ലഭിച്ചേക്കും.
എസ്എച്ച്ഓ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ക്രൈം എസ്ഐ. സി.കെ. വേണു, എഎസ്ഐ അജിത്കുമാർ, സി.പി.ഓമാരായ കൃഷ്ണ ദാസ്, സുഭാഷ്, ജയപ്രകാശ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്