തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ആഴക്കടൽ ചതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ ഇഎംസിസി സർക്കാരിനു സമർപ്പിച്ച പദ്ധതി രൂപരേഖയിൽ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഎസ്ആർഒയും കോസ്റ്റ് ഗാർഡും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്‌ഐഎൻസി). ഐഎസ്ആർഒ, കോസ്റ്റ് ഗാർഡ് പോലുള്ള സ്ഥാപനങ്ങളുമായി ഒരു തരത്തിലുള്ള ചർച്ചകളും ഇഎംസിസി നടത്താതെയായിരുന്നു സർക്കാരിനെ തെറ്റിധരിപ്പിക്കാനുള്ള നീക്കം.

പ്രതിപക്ഷം വിവാദം ചർച്ചയാക്കിയപ്പോൾ സർക്കാർ പിന്നോട്ട് പോയി. അപ്പോഴും തെറ്റായ വിവരങ്ങൾ കൊടുത്ത അമേരിക്കൻ സ്ഥാപനത്തിനെതിരെ അന്വേഷണമില്ല. രൂപരേഖയിലെ തെറ്റായ വിവരങ്ങളിൽ സർക്കാരിന് ക്രിമിനൽ കേസ് എടുക്കാവുന്നതാണ്. എന്നാൽ അതിന് പോയിട്ട് അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ല. അസെൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുടെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി ഉൾപ്പെടുത്തിയത് അവസാന നിമിഷമായിരുന്നു. ഇതായിരുന്നു അമേരിക്കൻ കമ്പനിക്ക് നുഴഞ്ഞു കയറ്റത്തിന് സാധ്യതയൊരുക്കിയതും.

സംഗമത്തിനു തൊട്ടു മുൻപ് പ്രതീക്ഷിച്ചത്ര നിക്ഷേപ വാഗ്ദാനങ്ങൾ വരില്ലെന്ന് ഉറപ്പായതോടെ വിവിധ വകുപ്പുകളിൽ പരിഗണനയിലുള്ള പദ്ധതികൾ അസെൻഡിൽ ഉൾപ്പെടുത്താൻ സർക്കാർ ആവശ്യപ്പെടുകയായിരുന്നു. നിക്ഷേപക സംഗമത്തിനിടെ ധാരണാപത്രം ഒപ്പിടാൻ കഴിയാതിരുന്നതിന് കാരണവും ഈ തിടുക്കമാണ്. കഴിഞ്ഞ വർഷം ജനുവരി 9,10 തീയതികളിലാണ് കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിക്ഷേപകസംഗമം നടന്നത്. ഇതിന് ഏതാനും ദിവസം മുൻപു നടന്ന അവലോകന യോഗത്തിലാണ് ആകെ 16,000 കോടി രൂപയുടെ വാഗ്ദാനങ്ങൾ മാത്രമേയുള്ളൂ എന്നു മനസ്സിലായി.

തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം വ്യവസായ വകുപ്പ് മറ്റു വകുപ്പു മേധാവികളോട് പരിഗണനയിലുള്ള പദ്ധതികൾ മുഴുവൻ അസെൻഡിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥിക്കുകയായിരുന്നു. ഇങ്ങനെയാണ് ഇഎംസിസിയുടെ 5000 കോടി രൂപയുടെ പദ്ധതി നിക്ഷേപക സംഗമത്തിനെത്തിയത്. 2019 ഓഗസ്റ്റ് 3നു ഫിഷറീസ് വകുപ്പിനു സമർപ്പിച്ച രൂപരേഖയുടെ അടിസ്ഥാനത്തിലാണ് 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപകസംഗമത്തിലേക്ക് പദ്ധതി സർക്കാർ ശുപാർശ ചെയ്തതും ഫെബ്രുവരിയിൽ ധാരണാപത്രം ഒപ്പിട്ടതും. ഈ ധാരണാപത്രവും രൂപരേഖയുമാണ് കെഎസ്‌ഐഎൻസിയുമായുള്ള ട്രോളർ നിർമ്മാണത്തിന് വഴിയൊരുക്കിയത്.

സംസ്ഥാന തുറമുഖ വകുപ്പ്, കേന്ദ്ര ഷിപ്പിങ് രജിസ്റ്റ്രാർ, കോസ്റ്റ് ഗാർഡ്, എയർ ആംബുലൻസുമായി ബന്ധപ്പെട്ട വകുപ്പുകൾ, കേന്ദ്ര ഷിപ്പിങ് കോർപറേഷൻ, കൊച്ചിൻ ഷിപ്യാർഡ്, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ, റീജിനൽ ട്രാൻസ്‌പോർട്ട് ഓഫിസ്, മത്സ്യഫെഡ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് എന്നീ സ്ഥാപനങ്ങളുമായുള്ള സഹകരണവും സർക്കാരിനു സമർപ്പിച്ച രൂപരേഖയിലുണ്ട്.

കെഎസ്‌ഐഎൻസി ധാരണാപത്രത്തിനൊപ്പം ഇഎംസിസി സമർപ്പിച്ച പദ്ധതി രൂപരേഖയിലെ സഹകരിക്കുന്ന സ്ഥാപനങ്ങളുടെ പട്ടിക രൂപരേഖയുടെ അടിസ്ഥാനത്തിൽ അസെൻഡിൽ ആദ്യ ധാരണാപത്രം ഒപ്പിട്ടപ്പോഴൊന്നും ഈ സ്ഥാപനങ്ങളുമായുള്ള സഹകരണത്തെക്കുറിച്ച് സർക്കാർ അന്വേഷിച്ചില്ല. അസെൻഡിലെ ധാരണാപത്രവും ഒപ്പം സർക്കാരിനു നൽകിയ ഈ രൂപരേഖയും ഉപയോഗിച്ചാണ് ഇഎംസിസി കെഎസ്‌ഐഎൻസിയുമായി ധാരണയുണ്ടാക്കിയത്.

അസെൻഡിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി 1 ലക്ഷം കോടി രൂപയുടെ വാഗ്ദാനങ്ങളെക്കുറിച്ചു പ്രഖ്യാപനം നടത്തിയെങ്കിലും അതിൽ ഇഎംസിസി പദ്ധതി ഉണ്ടായിരുന്നില്ല. നിയമസഭയിലെ മറുപടികളിലും ഇതുൾപ്പെടുത്തിയിരുന്നില്ല. ഫെബ്രുവരി 28നാണ് ഇഎംസിസിയും കെഎസ്‌ഐഡിസിയും ധാരണാപത്രം ഒപ്പിട്ടത്.