- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ പൊലീസിലെ ഡിറ്റക്ടീവുകൾ അന്വേഷിച്ച് തുമ്പ് കിട്ടിയില്ല; തഞ്ചാവൂരിൽ നിന്നും കണ്ടെടുത്ത മരതക ശിവലിംഗം കാലടിയിൽ നിന്നും കളവ് പോയതോ? അതോ നാഗപട്ടണത്തേതോ? മരതകക്കല്ലിൽ നിർമ്മിച്ച '500 കോടി'യുടെ വിഗ്രഹത്തിന്റെ 'ഉറവിടം' കണ്ടെത്താൻ അന്വേഷണം; കാലടിയിലേത് ആരെയും ഞെട്ടിക്കുന്ന 'ചോര ശാസ്ത്രം'
ചെന്നൈ: തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ നിന്നും കണ്ടെത്തിയ കോടികൾ വിലമതിക്കുന്ന മരതകത്തിൽ തീർത്ത ശിവലിംഗത്തിന്റെ 'ഉറവിടം' തേടി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തഞ്ചാവൂരിലെ ബാങ്ക് ലോക്കറിൽ നിന്നുമാണ് ശിവലിംഗം കണ്ടെടുത്തത്. കണ്ടെടുത്ത ശിവലിംഗത്തിന് ഏകദേശം അഞ്ഞൂറ് കോടി രൂപയോളം വിലയുണ്ടായിരിക്കുമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.
നവരത്നങ്ങളിൽ ഒന്നായ മരതകക്കല്ലിലാണ് ശിവലിംഗം നിർമ്മിച്ചിരിക്കുന്നത്. പുരാവസ്തു എന്നനിലയിലും വിഗ്രഹത്തിന് മൂല്യമുണ്ടാവും എന്നാണ് പൊലീസും ജെമ്മോളജിസ്റ്റും വ്യക്തമാക്കുന്നത്. 530 ഗ്രാം തൂക്കവും 8 സെന്റീമീറ്റർ ഉയരവുമുള്ള ശിവലിംഗമാണ് കണ്ടെടുത്തിരിക്കുന്നത്.
വിഗ്രഹം എങ്ങനെയാണ് ബാങ്ക് ലോക്കറിൽ എത്തിയത് എന്നും ഇതിന്റെ ഉടമയ്ക്ക് എങ്ങനെയാണ് ഇത്രയും പണം ലഭിച്ചത് എന്നും അന്വേഷിച്ചുവരികയാണെന്ന് അഡി. ഡിജിപി ജയനാഥ് മുരളി അറിയിച്ചു.
തഞ്ചാവൂരിലെ ഒരു വീട്ടിൽ വൻ തോതിൽ പുരാവസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.
എൻ.എസ്. അരുൺ എന്നയാളുടെ വീട്ടിലാണ് പരിശോധന നടന്നത്. എന്നാൽ തനിക്ക് വിഗ്രഹത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും അച്ഛൻ സാമിയപ്പനാണ് വിഗ്രഹം ബാങ്ക് ലോക്കറിൽ വെച്ചത് എന്നും അരുൺ പറഞ്ഞു. തുടർന്നാണ് ബാങ്ക് ലോക്കറിൽ നിന്നും ഇത് കണ്ടെടുത്തത്. ഇതിന് പിന്നാലെ സാമിയപ്പനേയും മകനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരും ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇത്രയും വിലപിടിപ്പുള്ള ഒരു പുരാതനമായ ശിവലിംഗം എങ്ങനെയാണ് ഇയാളുടെ പക്കലെത്തിയത്, അഥവാ വിലകൊടുത്തു വാങ്ങിയതാണെങ്കിൽ എങ്ങനെ ഇത്രയധികം പണം ഇയാളുടെ കയ്യിലെത്തി തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് എ.ഡി.ജി.പി ജയനാഥ് മുരളി പറഞ്ഞു.
കാലടിയലെ ആദിശങ്കര ജന്മഭൂമിയിൽ നിന്നും 2009ൽ ഇത്തരത്തിലുള്ള ഒരു ശിവലിംഗം കാണാതായിരുന്നു. കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇപ്പോൾ കണ്ടെടുത്ത വിഗ്രഹത്തിന് കാലടിയിലെ ശിവലിംഗം തന്നെയാണോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. 2016ൽ നാഗപട്ടണത്തിലെ തിരുക്കവലായ് ശിവക്ഷേത്രത്തിൽ നിന്നും വിലപിടിപ്പുള്ള ശിവലിംഗം മോഷണം പോയിലുന്നു. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊർജിതമാക്കുന്നുണ്ട്.
കാലടിയിലേത് മരതക ശിവലിംഗം, ആരെയും ഞെട്ടിക്കുന്ന 'ചോര ശാസ്ത്രം'
2009 മാർച്ച് 28 പുലർച്ചെ ഒരു മണി. അതു കള്ളന്മാരുടെ നല്ല സമയമാണ്. പുലർച്ചെ ഒരു മണി മുതൽ മൂന്നു മണി വരെയുള്ള ഉറക്കം അഗാധമാണ്. ഉറക്കത്തിന്റെ ഈ മൂന്നാം ഘട്ടത്തിൽ കട്ടിലോടെ എടുത്തുകൊണ്ടു പോയാൽ പോലും മനുഷ്യർ അറിയില്ലെന്നാണു 'ചോര ശാസ്ത്രം'. അതിനിടയിൽ മഴ കൂടി പെയ്താൽ പറയാനുമില്ല.അന്നാണു കാലടി ആദിശങ്കരാചാര്യ ക്ഷേത്രത്തിലെ വിലമതിക്കാൻ കഴിയാത്ത മരതക ശിവലിംഗം മോഷ്ടിക്കപ്പെട്ടത്. മരതക രത്‌നത്തിന്റെ മാത്രം മൂല്യം അഞ്ചു കോടി രൂപ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. മരതക ശിവലിംഗത്തിനൊപ്പം അതു പ്രതിഷ്ഠിച്ചിരുന്ന പ്രഭാവലിയടക്കം 12 കിലോഗ്രാം തൂക്കമുള്ള മൂന്നു ലക്ഷം രൂപയുടെ വെള്ളി ഉരുപ്പടികൾ, ഭണ്ഡാരത്തിലുണ്ടായിരുന്ന നാൽപതിനായിരത്തോളം രൂപ എന്നിവയും നഷ്ടപ്പെട്ടു.
ഒരു കിലോഗ്രാം തൂക്കവും ആറ് ഇഞ്ച് ഉയരവുമുള്ള മരതക ശിവലിംഗത്തിന്റ മതിപ്പു മൂല്യം കണക്കാക്കാൻ പോലും കഴിഞ്ഞിട്ടില്ല. കവർച്ചാസംഘം പെരിയാറിലൂടെ വഞ്ചിയിൽ ക്ഷേത്ര കടവിൽ എത്തിയതാവാമെന്ന നിഗമനത്തിലാണ് അന്വേഷകർ എത്തിയത്. ക്ഷേത്രത്തിന്റെ രൂപരേഖ, സമീപത്തെ കടവുകൾ, ഈ കടവുകളിൽ എത്താനുള്ള വഴികൾ എന്നിവ കൃത്യമായി മനസ്സിലാക്കിയായിരുന്നു ഓപ്പറേഷൻ. ശിവരാത്രിയോടനുബന്ധിച്ചു മരതക ശിവലിംഗത്തിന്റെ ഐതിഹ്യവും മൂല്യവും വ്യക്തമാക്കുന്ന ഫീച്ചറുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഇതായിരിക്കണം മോഷ്ടാക്കളുടെ ശ്രദ്ധ ഇങ്ങോട്ടു തിരിഞ്ഞത്.
എല്ലാ വർഷവും ഏപ്രിലിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരം തുറക്കുന്നത്. ഇക്കാര്യം കൃത്യമായി മനസ്സിലാക്കിയവരാണു കവർച്ച നടത്തിയത്. ഭണ്ഡാരത്തിൽ നിന്നു താഴെ വീണ ഏതാനും നാണയങ്ങൾ കൽപ്പടവിൽ ഉപേക്ഷിക്കപ്പെട്ടു കിടന്നു. സത്യത്തിൽ ഇതുമാത്രമാണ് ഇതുവരെ തിരിച്ചു കിട്ടിയ മോഷണ മുതൽ. കേരളാ പൊലീസിന്റെ മുഴുവൻ ഡിറ്റക്ടീവുകളും അന്വേഷിച്ച അഭിമാന കേസായിരുന്നു മരതക മോഷണം. പക്ഷേ ഒരു തുമ്പും ലഭിച്ചില്ല.
പഴയ മറ്റൊരു മോഷണക്കഥ
അഡയാറിലെ ഒരു ക്ഷേത്രത്തിൽ നിന്നു രത്‌നാഭരണങ്ങളുടെ ശേഖരം കവർച്ച ചെയ്യപ്പെട്ടു. അന്വേഷണങ്ങളിൽ ഒരു തുമ്പും കിട്ടാതെ അതങ്ങനെ കിടന്ന കാലം...ഇന്ത്യയിലെ രാജാക്കന്മാരെ സന്ദർശിക്കാൻ രണ്ടു വിദേശികളെത്തി റോബർട്ട് മോർഗനും ജോർജ് ബക്കറും. സൊസൈറ്റി ഫോർ ആർക്കിയോളജിക്കൽ ഇൻവെസ്റ്റിഗേഷൻ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികളാണെന്നും ചരിത്രസ്മാരകങ്ങൾ കണ്ടു പഠിക്കുകയാണു ലക്ഷ്യമെന്നും അവർ രാജാക്കന്മാരോടു വിശദീകരിച്ചു. തിരുവിതാംകൂറിൽ എത്തിയ ഇവർ വൈസ്രോയിയുടെ സ്വന്തം ആൾക്കാരെന്നു പരിചയപ്പെടുത്തി മഹാരാജാവിനെ മുഖം കാണിച്ചു. ഇവരുടെ പ്രൗഢമായ പെരുമാറ്റത്തിൽ വീണുപോയ രാജാവ് മോർഗനെയും ബക്കറെയും ആദരിച്ചാനയിച്ചു ദിവാൻ പേഷ്‌ക്കാർ രുദ്രൻപിള്ളയുടെ അടുത്തേക്കു വിട്ടു. വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കാനുള്ള തിട്ടൂരവും.
അന്നത്തെ റവന്യു അധികാരിയാണ് പേഷ്‌ക്കാർ. ഇന്നത്തെ ജില്ലാ കലക്ടർക്കു തുല്യൻ. ഘനഗംഭീരനായി മോർഗൻ പറഞ്ഞു. ''ഞങ്ങൾക്കു പത്മനാഭപുരം കൊട്ടാരത്തിലെ ചരിത്രപ്രധാനമായ ശിലാരേഖകൾ, ദാരുശിൽപ്പങ്ങൾ, ചാരോട്ടു കൊട്ടാരത്തിലേക്കുള്ള ഗുഹാമാർഗം, ഉദയഗിരിക്കോട്ട, ശുചീന്ദ്രം ക്ഷേത്രം, വട്ടക്കോട്ട, ആരൂവാമൊഴിക്കോട്ട, ഇരണിയൽ കൊട്ടാരം... എല്ലാം കാണണം.'' ഇവർ പറഞ്ഞ സ്ഥലങ്ങളുടെ തന്ത്രപരമായ സ്ഥാനം രുദ്രൻപിള്ളയുടെ മനസ്സിൽ ഉടക്കി.
രണ്ടു പേരെയും ഉഴിഞ്ഞൊന്നു നോക്കിയ അധികാരി സ്വയം കുറ്റാന്വേഷണത്തിന് ഇറങ്ങാൻ തീരുമാനിച്ചു. പക്ഷേ, സായിപ്പന്മാരെ മുഷിപ്പിക്കാൻ പറ്റില്ല, രാജാവ് പറഞ്ഞു വിട്ട അതിഥികളാണ്. ഇവരെ പത്മനാഭപുരം, ഉദയഗിരി കോട്ടകളിൽ രണ്ടു ദിവസം കറക്കാൻ ഏർപ്പാടാക്കി പേഷ്‌ക്കാർ നേരെ അഡയാറിനു തിരിച്ചു. ഇതിനിടയിൽ പേഷ്‌ക്കാരുടെ സുഹൃത്തായ ചിത്രകാരൻ ഒളിച്ചു നിന്നു രണ്ടു സായിപ്പന്മാരുടെയും രേഖാചിത്രം വരച്ചിരുന്നു. ഇതുമായാണു രുദ്രൻപിള്ള അഡയാറിനു തിരിച്ചത്.
രത്‌നക്കവർച്ച നടന്ന ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകർ, പരിസരത്തെ കച്ചവടക്കാർ എല്ലാവരെയും രേഖാചിത്രങ്ങൾ കാണിച്ചു. കവർച്ചയ്ക്കു മുൻപുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഇവരോടു ഛായയുള്ള രണ്ടുപേരെ കണ്ടിരുന്നതായി പലരും പേഷ്‌ക്കാരോടു പറഞ്ഞു. സംശയം വെറുതെയായില്ല.പത്മനാഭപുരം, ഉദയഗിരി കോട്ടകളിൽ കണ്ടതു തന്നെ വീണ്ടും കാണിച്ചു തങ്ങളെ കറക്കുന്നതായി മോർഗനും ബക്കറും രാജാവിനോടു പരാതി പറഞ്ഞു. ക്ഷുഭിതനായ രാജാവ് പേഷ്‌ക്കാരോട് എത്രയും വേഗം ഹാജരാവാൻ പറഞ്ഞു.
രണ്ടു കയ്യാമങ്ങളുമായാണു പേഷ്‌ക്കാറുടെ വരവ്. ഉടൻ അറസ്റ്റ് നടന്നു. രാജാവും ഞെട്ടി. അഡയാർ ക്ഷേത്രത്തിലെ പൂമാലക്കാരൻ പറഞ്ഞ ഒരു വാചകമുണ്ട്. ''പടമെല്ലാം ഇതു പോലുണ്ട്, പക്ഷേ ഇവിടെ വന്ന സായിപ്പിന്റെ നെറ്റിയിൽ ഒരു ചന്ദ്രക്കല അടയാളത്തിൽ മുറിവേറ്റ പാടുണ്ടായിരുന്നു.'' അതു കേട്ട് ആവേശഭരിതനായാണു പേഷ്‌ക്കാർ രുദ്രൻപിള്ള തിരുവിതാംകൂറിനു തിരിച്ചത്. കാരണം മോർഗന്റെ നെറ്റിയിലെ ആ പാട് ചിത്രകാരൻ വരയ്ക്കാൻ വിട്ടുപോയെങ്കിലും പേഷ്‌ക്കാർ ശ്രദ്ധിച്ചിരുന്നു.
'ചോര ശാസ്ത്രം' തിരിച്ചറിഞ്ഞ അന്വേഷണ വിദഗ്ദ്ധർ അല്ലെങ്കിൽ ഡിറ്റക്ടീവുകൾ അന്നത്തെ കാലത്തേതോ അതോ ആധുനിക കാലഘട്ടത്തതിലേതോ എന്ന ചോദ്യമാണ് ഇതൊടൊപ്പം ഉയരുന്നത്. കണ്ടെത്തിയ മരതക വിഗ്രഹം എവിടെനിന്നും മോഷ്ടിക്കപ്പെട്ടത് എന്നതിലാണ് അന്വേഷണം തുടരുന്നത്.
ന്യൂസ് ഡെസ്ക്