അബുദാബി: വാഹനവുമായി റോഡിൽ ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ച് വാഹനം ഓടിക്കണമെന്നും അബുദാബി പോലീസ്. വാഹനമോടിക്കുമ്പോൾ അശ്രദ്ധമായി ഓടവര്‍ടേക്ക് ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് അവർ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. അബുദാബി പോലീസിന്‍റെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ അപകട ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ലെയിൻ മാറുമ്പോള്‍ ഡ്രൈവര്‍മാര്‍ വളരെയധികം ജാഗ്രത പാലിക്കണമെന്നും പോലീസ് ഓര്‍മ്മപ്പെടുത്തി. 51 സെക്കന്‍ഡുള്ള വീഡിയോയാണ് പോലീസ് പങ്കുവെച്ചത്. വീഡിയോയിൽ ഒരു വാന്‍ കാറിലിടിച്ച് പല തവണ മറിയുന്നത് കാണാം. മൂന്ന് അപകടങ്ങളാണ് വീഡിയോയിൽ ഉള്ളത്.

ഇതില്‍ നിരവധി കാറുകളും കൂട്ടിയിടിക്കുന്നുണ്ട്. ആദ്യത്തെ അപകടത്തിൽ, സിഗ്നൽ ഇടാതെ ഒരു വാഹനം മറ്റൊരു കാറിനെ ഓവര്‍ടേക്ക് ചെയ്ത് തിരിയുന്നതിനിടെ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സിഗ്നൽ ഇടാതെയാണ് ഈ വാഹനം കാറിനെ ഓവര്‍ടേക്ക് ചെയ്തത്.

മറ്റൊരു അപകടം സംഭവിച്ചതും അശ്രദ്ധമായ ഓവര്‍ടേക്കിങ് മൂലമാണ്. ഇടത് ലെയിനിലൂടെ വന്ന കാര്‍ മധ്യഭാഗത്തെ ലെയിനിലേക്ക് കയറി ഓവര്‍ടേക്ക് ചെയ്യാൻ് ശ്രമിച്ചതോടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അശ്രദ്ധമായി ഓവര്‍ടേക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അബുദാബി പോലീസ് പറയുന്നു.