- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്യാണമൊക്കെ കഴിച്ച് പുതു മണവാളനായി എൻട്രി; ദുബായ് വിമാനത്താവളത്തിൽ വന്നിറങ്ങിയതും കസ്റ്റംസിന് സംശയം; സ്യൂട്ട്കേസ് തുറന്നതും ഞെട്ടൽ; യുവാവ് ഇനി പത്ത് വർഷം അഴിയെണ്ണണം
ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 26-കാരന് 10 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഏഷ്യൻ രാജ്യത്ത് നിന്ന് ദുബൈയിൽ എത്തിയപ്പോഴാണ് പതിവ് പരിശോധനയ്ക്കിടെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇയാളുടെ ലഗേജിൽ സംശയം തോന്നിയത്. വിശദമായ പരിശോധനയിൽ, യുവാവിൻ്റെ സ്യൂട്ട്‌കേസിലെ രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ വലിയ അളവിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ അളവ് വ്യക്തിഗത ഉപയോഗത്തിന് കവിയുന്നതാണെന്നും ഇത് ലഹരിക്കടത്ത് ലക്ഷ്യമിട്ടുള്ളതാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയുടെ ലഹരി ഒളിപ്പിച്ച രീതിയും ഫോറൻസിക് പരിശോധനാ ഫലങ്ങളും ലഹരിക്കടത്ത് ഉദ്ദേശ്യം ശരിവെക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. താൻ കുറ്റം സമ്മതിച്ചെന്നും, ഇത് വ്യക്തിപരമായ ഉപയോഗത്തിനുള്ളതാണെന്നുമുള്ള ആദ്യവാദം കോടതി തള്ളി.
പ്രതിക്ക് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്നും കോടതി നടപടികളിൽ ഖേദം പ്രകടിപ്പിച്ചതായും കോടതി നിരീക്ഷിച്ചു. എന്നാൽ, പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മയക്കുമരുന്ന് ഇറക്കുമതിയെ ഗൗരവമായാണ് കാണുന്നതെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മാസങ്ങൾക്ക് മുമ്പ് വിവാഹിതനായ യുവാവിൻ്റെ കുടുംബം വിധിയിൽ ഞെട്ടൽ രേഖപ്പെടുത്തി. മികച്ച അക്കാദമിക് പശ്ചാത്തലമുള്ള ഇയാൾ ഒരു മാതൃകാ യുവാവാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. ദുബൈയിൽ മയക്കുമരുന്നിനോട് കർശനമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും നിയമലംഘകർക്ക് കനത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.