ഷാർജ: കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത കാർ നിമിഷങ്ങൾക്കുള്ളിൽ കവർന്ന പ്രതിയെ ഷാർജ പോലീസ് പിടികൂടി. വാഹന ഉടമയുടെ അശ്രദ്ധ മുതലെടുത്തായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് മിനറ്റുകൾക്കുള്ളിൽ തന്നെ പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വാഹന ഉടമ സാധനങ്ങൾ വാങ്ങാനായി കടയിലേക്ക് കയറിയ സമയത്താണ് മോഷണം നടന്നത്. കാറിന്റെ ലോക്ക് തുറന്നു കിടക്കുന്നതും ജനൽ ഗ്ലാസ് ഭാഗികമായി താഴ്ത്തി വെച്ചതും മോഷ്ടാവിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടമ തിരികെ എത്തുന്നതിന് മുൻപ് തന്നെ മോഷ്ടാവ് കാറിനുള്ളിൽ കയറി വാഹനം ഓടിച്ചു പോകുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടമ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ച പോലീസ് മോഷ്ടാവിനെ പിന്തുടരുകയും പിടികൂടുകയുമായിരുന്നു.