അൽ ഐൻ: യുഎഇയിലെ അൽ ഐനിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വാട്ടർ ടാങ്കിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്. വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ടാങ്കിലാണ് കുട്ടി വീണത്.

മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ഈസ, സംഭവസമയത്ത് സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിന് മുൻപ് കുട്ടികളെ അകത്താക്കി വാതിൽ പൂട്ടിയിട്ട ശേഷമാണ് പിതാവ് പുറത്തുപോയത്. എന്നാൽ, അമ്മ മറ്റ് ജോലികളിൽ ശ്രദ്ധിച്ചിരുന്ന സമയത്ത് കുട്ടികൾ വീണ്ടും പുറത്തിറങ്ങുകയായിരുന്നു. അധികം താമസിയാതെ ഈസ വെള്ളം നിറഞ്ഞ ടാങ്കിൽ വീഴുകയും മുങ്ങിമരിക്കുകയുമായിരുന്നു.

"എല്ലാം ഏതാനും മിനിറ്റുകൾക്കുള്ളിൽ സംഭവിച്ചു. ഞാൻ അവരെ അകത്ത് പൂട്ടിപ്പോയതാണ്. ഒരു മണിക്കൂറിനുള്ളിൽ ഈസ മരിച്ചെന്ന ഭാര്യയുടെ നിലവിളിയോടെയുള്ള ഫോൺ കോൾ വന്നു," പിതാവ് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ അയൽക്കാർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെന്നും മരണം സംഭവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.