- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ താപനില ഇനിയും കുറയും; പൊടിക്കാറ്റിനും സാധ്യത; തുറസ്സായ സ്ഥലങ്ങളിൽ പോയി നിൽക്കരുത്; മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം
ദുബായ്: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ പൊടിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുമെന്നും താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
പൊടിക്കാറ്റ് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അഭ്യർത്ഥിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ പൊടിക്കാറ്റ് ഉള്ളപ്പോൾ തുറസ്സായ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. പൊടിപടലങ്ങൾ ഉയരുമ്പോൾ വീടുകളിലെ വാതിലുകളും ജനലുകളും അടച്ചിടാനും നിർദ്ദേശമുണ്ട്. ശക്തമായ കാറ്റും കാഴ്ച പരിമിതിയുള്ള സമയങ്ങളിലും യാത്രകൾ കഴിവതും ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
പുറത്തുപോകേണ്ടി വരുന്നവർ മാസ്ക് ധരിക്കുകയോ മൂക്കും വായും നനഞ്ഞ തുണി കൊണ്ട് മറയ്ക്കുകയോ ചെയ്യണം. വാഹനമോടിക്കുന്നവർ കാറിന്റെ ചില്ലുകൾ തുറന്നിടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇതുകൂടാതെ, ഈ ആഴ്ച രാജ്യത്ത് തണുത്ത കാലാവസ്ഥയായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതർ അറിയിച്ചു. തെക്ക് കിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിലായിരിക്കും. പിന്നീട് ഇത് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 30 കിലോമീറ്റർ വരെയും കാറ്റിന്റെ വേഗത പ്രതീക്ഷിക്കുന്നു. ദുബൈയിൽ ഏറ്റവും കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസ് വരെയും ഷാർജയിൽ 19 ഡിഗ്രി സെൽഷ്യസ് വരെയും അബുദാബിയിൽ 22 ഡിഗ്രി സെൽഷ്യസ് വരെയും താഴാൻ സാധ്യതയുണ്ട്.




