യുഎഇ: ജനുവരി പകുതിയോടെ യുഎഇയിൽ അതിശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ ആഴ്ച പകുതിയോടെ താപനില 7 മുതൽ 8 ഡിഗ്രി വരെ കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കനത്ത മൂടൽമഞ്ഞും പ്രതീക്ഷിക്കുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ജനുവരി 15 ബുധനാഴ്ച മുതൽ രാജ്യത്തിൻ്റെ വടക്കുഭാഗത്തുനിന്നുള്ള തണുത്ത കാറ്റ് വീശിത്തുടങ്ങുന്നതോടെയാണ് കാലാവസ്ഥയിൽ മാറ്റം പ്രകടമാകുന്നത്. അന്ന് പടിഞ്ഞാറൻ പ്രദേശങ്ങളിൽ താപനില 3 മുതൽ 4 ഡിഗ്രി വരെ കുറയും. ജനുവരി 16-ഓടെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും താപനില 5 ഡിഗ്രിയോളം താഴുമെന്നും റിപ്പോർട്ടിൽ പറയുന്നു. പുലർച്ചെ സമയങ്ങളിൽ പർവതപ്രദേശങ്ങളിൽ താപനില 5 മുതൽ 7 ഡിഗ്രി വരെ താഴാൻ സാധ്യതയുണ്ട്. അജ്മാൻ ഉൾപ്പെടെയുള്ള മരുഭൂമി പ്രദേശങ്ങളിൽ താപനില 10 ഡിഗ്രിയിൽ താഴെയായിരിക്കും.

തണുപ്പിനൊപ്പം മേഘാവൃതമായ അന്തരീക്ഷവും കനത്ത മൂടൽമഞ്ഞും പ്രതീക്ഷിക്കാം. ജനുവരി 15-ന് വടക്കൻ, കിഴക്കൻ മേഖലകളായ റസൽ ഖൈമ, വടക്കൻ ഫുജൈറ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ തണുപ്പ് കൂടുതൽ അനുഭവപ്പെടും.

തീരദേശ മേഖലകളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങളിലും മരുഭൂമികളിലും തണുപ്പ് കൂടുതലായിരിക്കും. കടൽവെള്ളം പകൽ സമയത്ത് ആഗിരണം ചെയ്യുന്ന ചൂട് രാത്രിയിൽ സാവധാനം പുറത്തുവിടുന്നതിനാലാണ് തീരപ്രദേശങ്ങളിൽ താപനില ക്രമാതീതമായി താഴാത്തത്. എന്നാൽ, മണൽ പെട്ടെന്ന് തണുക്കുന്നതാണ് മരുഭൂമിയിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നതിന് കാരണം.