അടൂർ: ഏനാദിമംഗലം പഞ്ചായത്തിലെ സ്‌കിന്നർ പുരത്ത് തോട്ടം മേഖലയിൽ അതീവ മാരകമായ വിഷപ്പുക പുറത്തു വിടുന്ന ടാർ മിക്സിങ് പ്ലാന്റ് സ്ഥാപിക്കാൻ സർക്കാരിന്റെയും സിപിഎമ്മിന്റെയും ഒത്താശ. പഞ്ചായത്തിലെ ജനങ്ങൾക്ക് മേൽ വിഷപ്പുക പടർത്തുന്ന പ്ലാന്റിന് ഒത്താശ ചെയ്യാൻ ഇന്നാട്ടുകാരൻ തന്നെയായ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും ഉണ്ടെന്നതാണ് വിരോധാഭാസം. പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം രംഗത്തു വന്നെങ്കിലും അനുമതി നൽകിയേ തീരൂവെന്ന് സെക്രട്ടറിയുടെ പിടിവാശി.

കമ്മിഷൻ ഇനത്തിൽ പാർട്ടി നേതാക്കളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലക്ഷങ്ങൾ വാങ്ങി പോക്കറ്റിലാക്കിയ ശേഷമാണ് പ്ലാന്റിനായി രംഗത്ത് ഇറങ്ങിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഎമ്മിലെ ഭൂരിപക്ഷവും പ്ലാന്റിന് എതിരാണ്. എന്നാൽ, എതിർക്കാൻ കഴിയാതെ അവർ നിസഹായരാണ്. ജില്ലാ സെക്രട്ടറി ഉറക്കം നടിക്കുകയും സംസ്ഥാന നേതൃത്വവും സർക്കാരും പ്ലാന്റ് മുതലാളിക്ക് വേണ്ടി വികസനമെന്ന പേര് പറഞ്ഞ് രംഗത്ത് വരികയും ചെയ്യുമ്പോൾ തങ്ങൾ കുലംകുത്തികളാകുമെന്ന ഭയമാണ് നാട്ടുകാർക്ക്.

ഒരു കാരണവശാലും ജനവാസ മേഖലയിൽ സ്ഥാപിക്കാൻ പാടില്ലാത്ത ഡ്രം മിക്സിങ് പ്ലാന്റാണ് സ്‌കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടത്തിൽ വരുന്നത്. അപേക്ഷ കിട്ടിയ പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചു. പരിസ്ഥിതി മലിനീകരണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പ്ലാന്റ് എന്നതായിരുന്നു കാരണം. എന്നാൽ, സിപിഎമ്മിന്റെ രണ്ടു നേതാക്കൾ ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെ തിരുവനന്തപുരത്തിന് വണ്ടി കയറി.

മന്ത്രി തലത്തിൽ സമ്മർദം വന്നതോടെ പ്ലാന്റിന് പ്രാഥമിക അനുമതി മലിനീകരണ നിയന്ത്രണ ബോർഡിന് നൽകേണ്ടി വന്നു. നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ തങ്ങൾ അനുമതി നൽകാൻ നിർബന്ധിതരായെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരിൽ ചിലർ പറയുന്നത്. മന്ത്രി തലത്തിൽ വഴിവിട്ട ഇടപെടലുണ്ടായെന്ന് സാരം. ചില ഉദ്യോഗസ്ഥർക്ക് വൻതുക പടി ഇനത്തിലും എത്തിച്ചേർന്നു.

ചങ്ങനാശേരി ആസ്ഥാനമായ പാലത്ര കൺസ്ട്രക്ഷൻസ് ആണ് സ്‌കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടത്തിൽ അഞ്ചേക്കർ പാട്ടത്തിനെടുത്ത് പ്ലാന്റ് സ്ഥാപിച്ചത്. ഒരു അനുമതിയും കിട്ടുന്നതിന് മുൻപ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. തോട്ടഭൂമി മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സർക്കാർ നോട്ടിഫൈ ചെയ്യണം. സുപ്രീംകോടതിയും ഇതേ നിർദ്ദേശം നൽകണം. അങ്ങനെ ഒന്ന് ഇവിടെ നടന്നിട്ടില്ല. മറ്റൊന്ന് പഞ്ചായത്തിന്റെ അനുമതിയാണ്. പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം പ്ലാന്റിന് അനുമതി നിഷേധിച്ചു. എന്നാൽ, സെക്രട്ടറി കൊടുത്തേ തീരുവെന്ന് വാശി പിടിച്ചു. അനുമതി കൊടുക്കരുതെന്ന് കമ്മറ്റിയിൽ പറഞ്ഞ ചിലരുടെ പോക്കറ്റിൽ വൻ തുക വീണപ്പോൾ ഇവരും പ്ലാന്റിന് അനുമതി വാങ്ങിക്കൊടുക്കാൻ തിരുവനന്തപുരത്തിന് വണ്ടി കയറി.

സിപിഎം മൊത്തത്തിൽ ക്വട്ടേഷൻ എടുത്താണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്നത്. ഡ്രം പ്ലാന്റ് കാലഹരണപ്പെട്ടതാണ്. വിദേശരാജ്യങ്ങളൊക്കെ പണ്ടേക്ക് പണ്ടേ ഉപേക്ഷിച്ച സംവിധാനമാണ്. സ്‌കിന്നർ പുരത്തേക്ക് കൊണ്ടു വരുന്നത് സെക്കൻഡ് ഹാൻഡ് പ്ലാന്റ് ആണെന്നതാണ് ഏറ്റവും വലിയ അപകടം. പ്ലാന്റ് സ്ഥാപിക്കുന്നതിനായി തോട്ടഭൂമിയിലെ മണ്ണെടുത്തു മാറ്റി. ലോഡ് കണക്കിന് പാറയും പൊട്ടിച്ചു നീക്കി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇത് അറിഞ്ഞ മട്ടില്ല.

വളരെ ആസൂത്രിതമായിട്ടാണ് മാരക മലിനീകരണ ശേഷിയുള്ള പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ആദ്യം ഒരു ഇന്റർ ലോക്ക് കമ്പനി സ്ഥാപിച്ചു. ഇതിനായി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകി.

ഇതിന്റെ മറവിൽ ഡ്രം മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. സിപിഎമ്മിന്റെ നേതാക്കൾ തിരുവനന്തപുരത്തിന് വണ്ടി കയറി. മന്ത്രിമാരുടെ ഓഫീസ് കയറിയിറങ്ങി. ഒടുക്കം ഒരു കാരണവശാലും അനുമതി കിട്ടാത്ത പ്ലാന്റിന് അനുമതിയും നൽകി. ലക്ഷങ്ങൾ കോഴയായി നേതാക്കൾ പോക്കറ്റിലാക്കി. നാട്ടുകാർ ആകെ പരിഭ്രാന്തിയിലാണ്. സിപിഎം പ്രവർത്തകരും അനുഭാവികളുമായ ഇവർക്ക് പാർട്ടിയെ ധിക്കരിക്കാൻ ഭയമാണ്. മാധ്യമങ്ങളെ സമീപിച്ചെങ്കിലും ആരും ഇത് ഏറ്റെടുത്തില്ല. സമരം ചെയ്യാൻ കോൺഗ്രസും ബിജെപിയും തയാറല്ല. ഇവരുടെ നേതാക്കളെയും വിലയ്ക്കെടുത്തുവെന്ന ആരോപണം ജനങ്ങൾക്കിടയിൽ സജീവമാണ്.