- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയത് താൽക്കാലിക അനുമതി; ചട്ടം പാലിച്ചില്ലെങ്കിലും അനുമതി നൽകണമെന്ന് പഞ്ചായത്ത് കമ്മറ്റിക്കും സെക്രട്ടറിക്കും പിടിവാശി; തോട്ടം മേഖല വ്യാവസായിക മേഖലയാക്കിയില്ലെങ്കിലും ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തിക്കും; ഏനാദിമംഗലത്ത് മാരകമായ മലിനീകരണത്തോതുള്ള ഡ്രം മിക്സിങ് പ്ലാന്റ് പ്രവർത്തനം തുടങ്ങും
അടൂർ: അത് സിപിഎം നേതാക്കളുടെ വാക്കായിരുന്നു. ആരെതിർത്താലും എന്തു തന്നെ സംഭവിച്ചാലും ഈ ടാർ മിക്സിങ് പ്ലാന്റ് സ്‌കിന്നർ പുരത്ത് പ്രവർത്തിക്കും. ഒരു സർക്കാർ അനുമതിയും കിട്ടിയില്ലെങ്കിലും ഞങ്ങൾ ഈ പ്ലാന്റ് ഓടിക്കും. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ നാട്ടിൽ സ്വന്തം നാട്ടുകാരെ വിഷപ്പുകയിൽ മുക്കിക്കൊല്ലാനുള്ള ഡ്രം മിക്സിങ് പ്ലാന്റ് പ്രവർത്തന സജ്ജമായി. അനുമതികളൊന്നും പൂർണമല്ലെങ്കിലും സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഏരിയാ കമ്മറ്റി സെക്രട്ടറിയുടെയും അംഗത്തിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും ഒത്താശയോടെ പ്ലാന്റ് ചലിച്ചു തുടങ്ങും. കാലഹരണപ്പെട്ട സംവിധാനമാണ് ഈ ടാർ മിക്സിങ് പ്ലാന്റ്. അൽപ്പം പോലും പുക അന്തരീക്ഷത്തിലേക്ക് പോകാത്ത അത്യാധുനിക പ്ലാന്റുകൾ പ്രചാരത്തിലുള്ളപ്പോഴാണ് സെക്കൻഡ് ഹാൻഡ് വിലയ്ക്ക് പ്ലാന്റ് സ്ഥാപിക്കുന്നത്.
ഇതിന് മുഴുവൻ ഒത്താശയും ചെയ്തത സിപിഎം ജി്ല്ലാ സെക്രട്ടറി മുതൽ പഞ്ചായത്തംഗം വരെയുള്ള രാഷ്ട്രീയക്കാരും പഞ്ചായത്ത് സെക്രട്ടറിയുമാണ്. പിന്നീട് പരാതി ഉയരുമെന്ന് വന്നപ്പോൾ മലിനീകരണ നിയന്ത്രണ ബോർഡ് താൽക്കാലിക അനുമതിയാണ് കൊടുത്തത്. ആദ്യം പഞ്ചായത്ത് കമ്മറ്റി ചില ്എതിർപ്പ് നാടകമൊക്കെ നടത്തി. പിന്നീട് സെക്രട്ടറി തന്നെ അനുമതിക്ക് വാശിപിടിച്ചു. മറ്റു അനുമതികളൊക്കെയും രാഷ്ട്രീയ സമ്മർദത്തിലുടെ നേടിയെടുത്തു. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട അനുമതി ഇതു വരെ ലഭിച്ചിട്ടില്ല.
സ്‌കിന്നർ പുരത്ത് വ്യക്തിയുടെ റബർ എസ്റ്റേറ്റിൽ അഞ്ചേക്കർ പാട്ടത്തിന് എടുത്താണ് ചങ്ങനാശേരി ആസ്ഥാനമായ പാലത്ര കൺസ്ട്രക്ഷൻസ് ഡ്രംമിക്സിങ് പ്ലാന്റ് സ്ഥാപിക്കുന്നത്. തോട്ടം മേഖലയിൽ വ്യവസായങ്ങൾ അനുവദിക്കാൻ പാടില്ലെന്നാണ് നിലവിലുള്ള നിയമം. അങ്ങനെ വ്യവസായം അനുവദിക്കണമെങ്കിൽ തോട്ടം മേഖല വ്യവസായ മേഖലയാക്കി സർക്കാർ ഡി-നോട്ടിഫൈ ചെയ്യണം. വ്യവസായ വകുപ്പ് ഇതു വരെ അങ്ങനെ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ എന്തൊക്കെ അനുമതി കിട്ടിയാലും പ്ലാന്റ് പ്രവർത്തിപ്പിക്കാൻ കഴിയില്ല.
എന്നാൽ പ്ലാന്റ് പ്രവർത്തനം തുടങ്ങുമെന്ന് തന്നെയാണ് സിപിഎം നേതാക്കളുടെ പ്രഖ്യാപനം. ഭരണത്തിലിരിക്കുന്നതിന്റെ ധാർഷ്ട്യമാണ് ഇത്തരമൊരു നിയമവിരുദ്ധ പ്രവർത്തനം നടത്തി കാണിക്കാൻ നേതാക്കൾക്ക് തുണയാകുന്നത്. പ്രദേശവാസികൾ സമരവുമായി രംഗത്തുണ്ടെങ്കിലും ശക്തി പോരാ. വൻ തുക തന്നെ പല നേതാക്കളുടെയും പോക്കറ്റിൽ ഇതിനോടകം എത്തിയിട്ടുണ്ടെന്നാണ് വിവരം. പരിസ്ഥിതി വാദികൾ കോടതിയെ സമീപിച്ചാൽ പ്ലാന്റ് പ്രവർത്തനം നിർത്തി വയ്ക്കേണ്ടി വരും. ഇക്കാര്യം മുൻകൂട്ടി മനസിലാക്കി പരിസ്ഥിതി പ്രവർത്തകരെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങൾക്ക് മേൽ വിഷപ്പുക പടർത്തുന്ന പ്ലാന്റിന് ഒത്താശ ചെയ്യാൻ ഇന്നാട്ടുകാരൻ തന്നെയായ സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും ഉണ്ടെന്നതാണ് വിരോധാഭാസം. കമ്മിഷൻ ഇനത്തിൽ പാർട്ടി നേതാക്കളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ലക്ഷങ്ങൾ വാങ്ങി പോക്കറ്റിലാക്കിയ ശേഷമാണ് പ്ലാന്റിനായി രംഗത്ത് ഇറങ്ങിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സിപിഎമ്മിലെ ഭൂരിപക്ഷവും പ്ലാന്റിന് എതിരാണ്. എന്നാൽ, എതിർക്കാൻ കഴിയാതെ അവർ നിസഹായരാണ്. ജില്ലാ സെക്രട്ടറി ഉറക്കം നടിക്കുകയും സംസ്ഥാന നേതൃത്വവും സർക്കാരും പ്ലാന്റ് മുതലാളിക്ക് വേണ്ടി വികസനമെന്ന പേര് പറഞ്ഞ് രംഗത്ത് വരികയും ചെയ്യുമ്പോൾ തങ്ങൾ കുലംകുത്തികളാകുമെന്ന ഭയമാണ് നാട്ടുകാർക്ക്.
ഒരു കാരണവശാലും ജനവാസ മേഖലയിൽ സ്ഥാപിക്കാൻ പാടില്ലാത്ത ഡ്രം മിക്സിങ് പ്ലാന്റാണ് സ്‌കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടത്തിൽ വരുന്നത്. അപേക്ഷ കിട്ടിയ പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നിഷേധിച്ചു. പരിസ്ഥിതി മലിനീകരണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ് പ്ലാന്റ് എന്നതായിരുന്നു കാരണം. എന്നാൽ, സിപിഎമ്മിന്റെ രണ്ടു നേതാക്കൾ ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെ തിരുവനന്തപുരത്തിന് വണ്ടി കയറി. മന്ത്രി തലത്തിൽ സമ്മർദം വന്നതോടെ പ്ലാന്റിന് പ്രാഥമിക അനുമതി മലിനീകരണ നിയന്ത്രണ ബോർഡിന് നൽകേണ്ടി വന്നു. നിയമ വിരുദ്ധമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ തങ്ങൾ അനുമതി നൽകാൻ നിർബന്ധിതരായെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിലെ ജീവനക്കാരിൽ ചിലർ പറയുന്നത്. മന്ത്രി തലത്തിൽ വഴിവിട്ട ഇടപെടലുണ്ടായെന്ന് സാരം. ചില ഉദ്യോഗസ്ഥർക്ക് വൻതുക പടി ഇനത്തിലും എത്തിച്ചേർന്നു.
ചങ്ങനാശേരി ആസ്ഥാനമായ പാലത്ര കൺസ്ട്രക്ഷൻസ് ആണ് സ്‌കിന്നർ പുരത്തെ വ്യക്തിയുടെ തോട്ടത്തിൽ അഞ്ചേക്കർ പാട്ടത്തിനെടുത്ത് പ്ലാന്റ് സ്ഥാപിച്ചത്. ഒരു അനുമതിയും കിട്ടുന്നതിന് മുൻപ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്തു. തോട്ടഭൂമി മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗിക്കണമെങ്കിൽ സർക്കാർ നോട്ടിഫൈ ചെയ്യണം. സുപ്രീംകോടതിയും ഇതേ നിർദ്ദേശം നൽകണം. അങ്ങനെ ഒന്ന് ഇവിടെ നടന്നിട്ടില്ല. മറ്റൊന്ന് പഞ്ചായത്തിന്റെ അനുമതിയാണ്. പഞ്ചായത്ത് കമ്മറ്റി ഒന്നടങ്കം പ്ലാന്റിന് അനുമതി നിഷേധിച്ചു. എന്നാൽ, സെക്രട്ടറി കൊടുത്തേ തീരുവെന്ന് വാശി പിടിച്ചു. അനുമതി കൊടുക്കരുതെന്ന് കമ്മറ്റിയിൽ പറഞ്ഞ ചിലരുടെ പോക്കറ്റിൽ വൻ തുക വീണപ്പോൾ ഇവരും പ്ലാന്റിന് അനുമതി വാങ്ങിക്കൊടുക്കാൻ തിരുവനന്തപുരത്തിന് വണ്ടി കയറി.
സിപിഎം മൊത്തത്തിൽ ക്വട്ടേഷൻ എടുത്താണ് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്നത്. ഡ്രം പ്ലാന്റ് കാലഹരണപ്പെട്ടതാണ്. വിദേശരാജ്യങ്ങളൊക്കെ പണ്ടേക്ക് പണ്ടേ ഉപേക്ഷിച്ച സംവിധാനമാണ്. സ്‌കിന്നർ പുരത്തേക്ക് കൊണ്ടു വരുന്നത് സെക്കൻഡ് ഹാൻഡ് പ്ലാന്റ് ആണെന്നതാണ് ഏറ്റവും വലിയ അപകടം. പ്ലാന്റ് സ്ഥാപിക്കുന്നതിനായി തോട്ടഭൂമിയിലെ മണ്ണെടുത്തു മാറ്റി. ലോഡ് കണക്കിന് പാറയും പൊട്ടിച്ചു നീക്കി. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇത് അറിഞ്ഞ മട്ടില്ല.
വളരെ ആസൂത്രിതമായിട്ടാണ് മാരക മലിനീകരണ ശേഷിയുള്ള പ്ലാന്റ് ഇവിടെ സ്ഥാപിച്ചത്. നീക്കങ്ങളെല്ലാം അതീവ രഹസ്യമായിരുന്നു. ആദ്യം ഒരു ഇന്റർ ലോക്ക് കമ്പനി സ്ഥാപിച്ചു. ഇതിനായി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകി. ഇതിന്റെ മറവിൽ ഡ്രം മിക്സിങ് പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. സിപിഎമ്മിന്റെ നേതാക്കൾ മന്ത്രിമാരുടെ ഓഫീസ് കയറിയിറങ്ങി. ഒടുക്കം ഒരു കാരണവശാലും അനുമതി കിട്ടാത്ത പ്ലാന്റിന് അനുമതിയും നൽകി. ലക്ഷങ്ങൾ കോഴയായി നേതാക്കൾ പോക്കറ്റിലാക്കി. നാട്ടുകാർ ആകെ പരിഭ്രാന്തിയിലാണ്. സിപിഎം പ്രവർത്തകരും അനുഭാവികളുമായ ഇവർക്ക് പാർട്ടിയെ ധിക്കരിക്കാൻ ഭയമാണ്. മാധ്യമങ്ങളെ സമീപിച്ചെങ്കിലും ആരും ഇത് ഏറ്റെടുത്തില്ല. സമരം ചെയ്യാൻ കോൺഗ്രസും ബിജെപിയും തയാറല്ല. ഇവരുടെ നേതാക്കളെയും വിലയ്ക്കെടുത്തുവെന്ന ആരോപണം ജനങ്ങൾക്കിടയിൽ സജീവമാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്