അടൂർ: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തതിന് അറുപത്തിമൂന്നുകാരൻ അറസ്റ്റിൽ. കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട അടിപ്പാട് പ്ലംമൂട്ടിൽ തോമസുകുട്ടിയെയാണ് ഏനാത്ത് ഇൻസ്പെക്ടർ പി.എസ് സുജിത്ത്, എസ്ഐ ടി. സുമേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

പീഡനത്തിന് ഇരയായ നാൽപ്പത്തഞ്ചുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ജനുവരി നാലിന് രാവിലെ 10 ന് തോമസുകുട്ടിയുടെ വീടിന്റെ അടുക്കളയിൽ നിൽക്കുകയായിരുന്ന പരാതിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും മൊബൈൽ ഫോണിൽ പകർത്തി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

പീഡനത്തിന് ശേഷം ദൃശ്യങ്ങൾ വീണ്ടും കാണുന്നതിനിടെ അബദ്ധത്തിൽ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നുവെന്നാണ് തോമസു കുട്ടിയുടെ മൊഴി. കടമ്പനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ദൃശ്യങ്ങൾ പോയത്. ഇത് വൈറൽ ആവുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വീട്ടമ്മ പരാതി നൽകിയത്.

ഐടി ആക്ടും ഭീഷണിപ്പെടുത്തിയുള്ള ബലാൽസംഗവും അടക്കമുള്ള കുറ്റങ്ങളാണ് തോമസുകുട്ടിക്കെതിരേ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.