ലീഡ്സ്: മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലീഷ് പേസർമാർക്ക് മുന്നിൽ അടിതെറ്റി ഇന്ത്യൻ ബാറ്റിങ് നിര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വെറും 78 റൺസിൽ ഇംഗ്ലീഷ് പേസർമാർ കൂടാരം കയറ്റി. ഇന്ത്യൻ നിരയിൽ എട്ട് ബാറ്റ്‌സ്മാന്മാർ രണ്ടക്കം കാണാതെ പുറത്തായി. 40.4 ഓവറിൽ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന് തിരശീല വീണു. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ആദ്യ അഞ്ച് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 21 റൺസ് എന്ന നിലയിലാണ്.

105 പന്തിൽ നിന്ന് 19 റൺസെടുത്ത ഓപ്പണർ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. രഹാനെ 54 പന്തിൽ നിന്ന് 18 റൺസെടുത്തു. മറ്റാർക്കും തന്നെ രണ്ടക്കം കടക്കാനായില്ല. ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ 9ാമത്തെ ടോട്ടലാണിത്. 2020ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 36 റൺസിനു പുറത്തായതാണു ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോർ.

മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസർ ജെയിംസ് ആൻഡേഴ്സനും ക്രെയ്ഗ് ഓവർടണും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ ഒലെ റോബിൻസണും സാം കറനും ചേർന്നാണ് ഇന്ത്യയെ തകർത്തത്. എട്ട് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങിയാണ് ആൻഡേഴ്സൻ മൂന്നു വിക്കറ്റ് വീഴ്‌ത്തിയത്.

 

കെ.എൽ. രാഹുൽ (0), ചേതേശ്വർ പൂജാര (ഒന്ന്), വിരാട് കോലി (17 പന്തിൽ 7), അജിൻക്യ രഹാനെ (54 പന്തിൽ 18), ഋഷഭ് പന്ത് (9 പന്തിൽ 2), രോഹിത് ശർമ (105 പന്തിൽ 19), രവീന്ദ്ര ജഡേജ (29 പന്തിൽ 4), മുഹമ്മദ് ഷമി (ഒരു പന്തിൽ 0), ജസ്പ്രീത് ബുമ്ര (ഒരു പന്തിൽ 0), മുഹമ്മദ് സിറാജ് (10 പന്തിൽ 3), ഇഷാന്ത് ശർമ (10 പന്തിൽ പുറത്താകാതെ 8) എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ പ്രകടനം.

 

ആദ്യ ഓവറിൽ തന്നെ ഓപ്പണർ കെ.എൽ രാഹുലിനെ (0) ആൻഡേഴ്സൻ മടക്കി. അഞ്ച് ഓവർ തികയും മുമ്പ് ചേതേശ്വർ പൂജാരയും (1) പുറത്ത്. പിന്നാലെ 11-ാം ഓവറിൽ ക്യാപ്റ്റൻ വിരാട് കോലിയും (7) ആൻഡേഴ്‌സന് മുന്നിൽ വീണു. തുടർന്ന് 53 പന്തുകൾ പ്രതിരോധിച്ച അജിങ്ക്യ രഹാനെയെ (18) ഒലെ റോബിൻസൺ മടക്കിയതോടെ ഇന്ത്യ നാലിന് 56 എന്ന നിലയിലായി.

ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ 25.5 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒലി റോബിൻസൺ എറിഞ്ഞ 26ാം ഓവറിലെ അഞ്ചാം പന്തിൽ അജിൻക്യ രഹാനെ പുറത്തായതോടെ അംപയർമാർ ഉച്ചഭക്ഷണത്തിനു പിരിയുകയായിരുന്നു. രണ്ടാം സെഷന്റെ തുടക്കത്തിൽത്തന്നെ പന്തും പുറത്തായി. കരുതലോടെ കളിച്ച രോഹിത് ക്രെയ്ഗ് ഓവർട്ടനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ റോബിൻസു ക്യാച്ച് നൽകിയാണു പുറത്തായത്.

104 പന്തുകൾ പിടിച്ചുനിന്ന രോഹിത് കൂടി വീണതോടെ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. തൊട്ടുത്ത പന്തിൽ ഷമിയെയും ഓവർട്ടൻ വീഴ്‌ത്തി. അടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ ജഡേജയെയും ബുമ്രയെയും വിക്കറ്റിനു മുന്നിൽ കുടുക്കിയ സാം കറന്റെ പ്രകടനം കൂടിയായതോടെ വാലറ്റവും മുട്ടുമടക്കി. സിറാജിനെ ക്യാപ്റ്റൻ ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് ഓവർട്ടൻതന്നെ ഇന്ത്യയുടെ കഥയും തീർത്തു.

സെഞ്ചുറിയില്ലാതെ ഇന്ത്യൻ നായകൻ വിരാട് കോലി 50 ഇന്നിങ്‌സുകൾ പൂർത്തിയാക്കുന്നതിനും ലീഡ്‌സ് വേദിയായി. സെഞ്ചുറിയില്ലാതെ തുടർച്ചയായി 18 ടെസ്റ്റ് ഇന്നിങ്‌സുകൾ, 15 ഏകദിനങ്ങൾ, 17 ട്വന്റി20കൾ എന്നിങ്ങനെയാണ് കോലി പൂർത്തിയാക്കിയത്. മാത്രമല്ല, ടെസ്റ്റിൽ കോലിയെ ഏറ്റവുമധികം തവണ പുറത്താക്കിയ താരമായും ആൻേഡഴ്‌സൻ മാറി. ഏഴാം തവണയാണ് ആൻഡേഴ്‌സൻ കോലിയെ പുറത്താക്കുന്നത്.

ഓസീസ് താരം നേഥൻ ലയണും കോലിയെ ഏഴു തവണ പുറത്താക്കിയിട്ടുണ്ട്. അഞ്ച് തവണ വീതം കോലിയുടെ വിക്കറ്റെടുത്ത് സ്റ്റുവാർട്ട് ബ്രോഡ്, പാറ്റ് കമ്മിൻസ്, മോയിൻ അലി, ബെൻ സ്റ്റോക്‌സ് എന്നിവർ പിന്നാലെയുണ്ട്.