ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയ്ക്ക്  മോശം തുടക്കം. 9 റൺസിനിടെ സന്ദർശകർക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമയും (11) കെ.എൽ രാഹുലുമാണ് (17), ചേതേശ്വർ പുജാര (4) എന്നിവരാണ് പുറത്തായത്.

രോഹിത്തിനെ ക്രിസ് വോക്സ് മടക്കിയപ്പോൾ രാഹുലിനെ ഒലി റോബിൻസൺ വിക്കറ്റിന് മുന്നിൽ കുടുക്കി. നാല് റൺസ് എടുത്ത് നിൽക്കെ ചേതേശ്വർ പുജാരയെ ആൻഡേഴ്‌സൺ ബെയർ‌സ്റ്റോയുടെ കൈകളിൽ എത്തിച്ചു. നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ് ഇന്ത്യ. വിരാട് കോലിയും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

ഓവലിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ജോസ് ബട്ലർക്ക് പകരം ഒല്ലി പോപ് ടീമിലെത്തി. സാം കറൻ ക്രിസ് വോക്സിന് വഴിമാറി കൊടുത്തു.


ലീഡ്‌സിൽ ഇന്നിങ്‌സ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. പരുക്കിന്റെ ലക്ഷണങ്ങളുള്ള ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്കു പകരം ഷാർദുൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവർ ടീമിലെത്തി. ഇതോടെ, തുടർച്ചയായ നാലാം ടെസ്റ്റിലും ലോക രണ്ടാം നമ്പർ ബോളർ രവിചന്ദ്രൻ അശ്വിൻ പുറത്തിരിക്കും.

പരമ്പരയിൽ ഇരു ടീമും 1-1ന് സമനിലയിലാണ്. ആദ്യടെസ്റ്റ് സമനിലയായപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യ 151 റൺസിന്റെ അപ്രതീക്ഷിത വിജയംനേടി. കഴിഞ്ഞയാഴ്ച നടന്ന മൂന്നാം ടെസ്റ്റിൽ ഇന്നിങ്സിനും 76 റൺസിനും ഇന്ത്യ തോറ്റു.

ലോർഡ്‌സിലെ ഉശിരൻ വിജയത്തിനു ലീഡ്‌സിൽ ചുട്ട മറുപടി കിട്ടിയതിന്റെ ഞെട്ടലിൽനിന്ന് ഇന്ത്യ ഉയിർത്തെഴുന്നേൽക്കുന്നതു കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇന്നിങ്‌സ് ജയം നേടി തങ്ങളെ നാണംകെടുത്തിയ ജോ റൂട്ടിനെയും ടീമിനെയും പാഠം പഠിപ്പിക്കാനാണ് ഓവലിൽ വിരാട് കോലിയും സംഘവും ഇന്നിറങ്ങുന്നത്.

ഓവലിൽ ഇതുവരെ കളിച്ച 13 ടെസ്റ്റുകളിൽ ആകെ ഒരെണ്ണം മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. 1971ലായിരുന്നു ആ വിജയം. ഏറ്റവും ഒടുവിൽ ഇവിടെ കളിച്ച മൂന്നു ടെസ്റ്റുകളും ഇന്ത്യ തോറ്റു. അതിൽ രണ്ടെണ്ണം ഇന്നിങ്‌സ് തോൽവികളായിരുന്നു.

അതേസമയം, സമീപകാലത്ത് സ്പിന്നർമാർക്ക് ഏറ്റവുമധികം പിന്തുണ നൽകിയിട്ടുള്ള ഇംഗ്ലിഷ് പിച്ച് ഇവിടെയാണെന്ന സന്തോഷവും ഇന്ത്യയ്ക്കുണ്ട്. ഏറ്റവുമൊടുവിൽ ഇവിടെ നടന്ന അഞ്ച് ടെസ്റ്റുകളിൽനിന്ന് സ്പിന്നർമാർക്ക് ലഭിച്ചത് 50 വിക്കറ്റുകളാണ്. കൗണ്ടിയിൽ കളിക്കുമ്പോൾ അശ്വിൻ സറെയ്ക്കായി ഇവിടെ 27 റൺസ് വഴങ്ങി ആറു വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

ടീം ഇന്ത്യ: രോഹിത് ശർമ, കെ എൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോലി, അജിൻക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷാർദുൾ താക്കൂർ, ഉമേഷ് യാദവ്, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: റോറി ബേൺസ്, ഹസീബ് ഹമീദ്, ഡേവിഡ് മലാൻ, ജോ റൂട്ട്, ഒല്ലി പോപ്, ജോണി ബെയർസ്റ്റോ, മൊയീൻ അലി, ക്രിസ് വോക്സ്, ക്രെയ്ഗ് ഓവർടൺ, ഒല്ലി റോബിൻസൺ, ജയിംസ് ആൻഡേഴ്സൺ.