- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഋഷഭ് പന്തിനും ഷാർദൂൽ ഠാക്കൂറിനും അർധസെഞ്ചുറി; ഏഴാം വിക്കറ്റിൽ 100 റൺസിന്റെ കൂട്ടുകെട്ട്; പിന്നാലെ 'കരുത്തറിയിച്ച്' വാലറ്റവും; ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിനു മുന്നിൽ 368 റൺസിന്റെ വമ്പൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചടികളിൽ നിന്നും കരുത്താർജ്ജിച്ച് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 98 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറി നേടിയ രോഹിത് ശർമ, അർധ സെഞ്ചുറികൾ നേടിയ ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, ഷാർദുൽ താക്കൂർ എന്നിവരുടെ ബാറ്റിങ് മികവിൽ തിരിച്ചടിച്ച ഇന്ത്യ 368 റൺസിന്റെ വമ്പൻ വിജയലക്ഷ്യമാണ് പടുത്തുയർത്തിയത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ മുട്ടുമടക്കിയ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിൽ വർധിത വീര്യത്തോടെ തിരിച്ചടിക്കുന്ന കാഴ്ചയ്ക്കാണ് കെന്നിങ്ടൺ ഓവൽ സാക്ഷിയായത്. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 466 റൺസ് എടുത്ത ശേഷമാണ് ഓൾഔട്ടായത്. കെ.എൽ രാഹുൽ (46), ക്യാപ്റ്റൻ വിരാട് കോലി (44) എന്നിവരും ഇന്ത്യൻ സ്‌കോറിലേക്ക് മികച്ച സംഭാവനകൾ നൽകി.
നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 296ൽവച്ച് രഹാനെ, രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം ക്രീസിൽ ഉറച്ചുനിന്ന ജഡേജയെ ക്രിസ് വോക്‌സാണ് പുറത്താക്കിയത്. 59 പന്തിൽ മൂന്നു ഫോറുകൾ സഹിതം 17 റൺസെടുത്ത ജഡേജയെ ക്രിസ് വോക്‌സ് എൽബിയിൽ കുരുക്കി. തുടർന്നെത്തിയ രഹാനെ എട്ടു പന്തുകൾ പ്രതിരോധിച്ചു നിന്നെങ്കിലും അക്കൗണ്ട് തുറക്കും മുൻപ് പുറത്തായി. ഇത്തവണയും ക്രിസ് വോക്‌സിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് താരം മടങ്ങിയത്.
ഇംഗ്ലിഷ് പര്യടനത്തിൽ മോശം ഫോമിനെ തുടർന്ന് കടുത്ത വിമർശനം നേരിടുന്ന രഹാനെ, ആറ് ഇന്നിങ്‌സുകളിൽ ഒരിക്കൽ മാത്രമാണ് 50 പിന്നിട്ടത്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ നേടിയ 61 റൺസാണ് രഹാനെയുടെ ഉയർന്ന സ്‌കോർ. പരമ്പരയിൽ ഇതുവരെ ബാറ്റുചെയ്ത ഏഴ് ഇന്നിങ്‌സുകളിൽ രഹാനെയുടെ പ്രകടനം ഇങ്ങനെ: 5, 1 &61, 18 &10, 14 & 0 !
തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ചുറിയിലേക്ക് നീങ്ങിയ കോലിയെ മോയിൻ അലി പുറത്താക്കി. 96 പന്തിൽ ഏഴു ഫോറുകൾ സഹിതം 44 റൺസെടുത്ത കോലിയെ ക്രെയ്ഗ് ഓവർട്ടൻ ക്യാച്ചെടുത്തു മടക്കി.
ഷാർദൂൽ ഠാക്കൂറും ഋഷഭ് പന്തും ഒരുമിച്ചതോടെ ഇന്ത്യൻ സ്‌കോർ 400 കടന്നു. സ്‌കോർ 412 ൽ നിൽക്കെ ഠാക്കൂറും 414 ൽ പന്തും പുറത്തായി. ആദ്യ ഇന്നിങ്സിലെ മികവ് തുടർന്ന താക്കൂർ 72 പന്തിൽ നിന്ന് ഏഴു ഫോറും ഒരു സിക്സുമടക്കം 60 റൺസെടുത്ത് പുറത്തായി. താക്കൂറിനെ മടക്കി ജോ റൂട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 106 പന്തിൽ നിന്ന് 50 റൺസോടെ പന്തും മടങ്ങി.
23 പന്തിൽ 25 റൺസെടുന്ന ഉമേഷ് യാദവും 38 പന്തിൽ 24 റൺസെടുത്ത ജസ്പ്രീത് ബുമ്രയും വാലറ്റത്തുനിന്ന് പൊരുതി. മുഹമ്മദ് സിറാജ് മൂന്ന് റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ - ചേതേശ്വർ പൂജാര സഖ്യം 153 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഒലി റോബിൻസനും മൊയീൻ അലിയും രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചുറി നേടിയ രോഹിത് 256 പന്തുകൾ നേരിട്ട് ഒരു സിക്‌സും 14 ഫോറുമടക്കം 127 റൺസെടുത്ത് മടങ്ങി. മോയിൻ അലിയെ സിക്സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. പൂജാര 127 പന്തിൽ നിന്ന് ഒമ്പത് ബൗണ്ടറികളോടെ 61 റൺസെടുത്തു.
സ്പോർട്സ് ഡെസ്ക്