പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല ഉൾപ്പെടുന്ന വനമേഖലകളിൽ അപകടം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ തീർത്ഥാടനത്തിന് നിരോധനം പ്രഖ്യാപിച്ച് ജില്ലാകലക്ടർ ഡോ. ദിവ്യ എസ്. അയ്യർ. തുലമാസ പൂജയ്ക്ക് ഇന്ന് വൈകിട്ട് നട തുറന്നതിന് പിന്നാലെയാണ് നിരോധനം.

രണ്ടു ദിവസമായി ജില്ലയിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പമ്പയിലെ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ അടക്കമുള്ള ദുരന്ത സാധ്യതകൾ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്. നിലവിൽ ശബരിമലയിൽ ഉള്ള ഉദ്യോഗസ്ഥർ, ജീവനക്കാർ, തൊഴിലാളികൾ ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ഭക്ഷണ സാധനങ്ങൾ കൊണ്ട് പോകുന്ന വാഹനങ്ങൾക്കും നിരോധനമില്ല.

തുലാമാസ പൂജകൾക്കായി ക്ഷേത്രനട ഇന്ന് വൈകിട്ട് തുറന്നു. നാളെയാണ് മേൽശാന്തി നറുക്കെടുപ്പ്. ഇതിനായി പന്തളം കൊട്ടാരത്തിൽ നിന്നുള്ള ഗോവിന്ദ് വർമ, നിരഞ്ജൻ വർമ എന്നീ കുട്ടികൾ സന്നിധാനത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഉഷപൂജയ്ക്ക് ശേഷം രാവിലെ എട്ടിന് മേൽശാന്തി നറുക്കെടുപ്പ് നടക്കും.

പമ്പയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് മണപ്പുറത്ത് വെള്ളം കയറി. ഉച്ചയ്ക്ക് ഒന്നിന് ആറാട്ട് കടവ് ഭാഗത്ത് വെള്ളം ഉയരുകയും കരയിലേക്ക് കയറുകയുമായിരുന്നു. നദിയിലേക്ക് ആരും ഇറങ്ങിതിരിക്കാൻ ഈ ഭാഗത്ത് പൊലീസ് വടം കെട്ടി തിരിച്ചിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ ഇവിടെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പമ്പയാറ്റിൽ ഇന്നലെ രാവിലെ 11 മുതൽ ശക്തമായ ഒഴുക്കാണ്. ആർക്കും അപകടം ഉണ്ടാകാതിരിക്കാൻ ശക്തമായ മുന്നൊരുക്കമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ത്രിവേണി ഭാഗത്തും ശക്തമായ ഒഴുക്കുണ്ട്.