- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലനിൽക്കാത്ത കേസിന്റെ പേരിൽ രാജിക്ക് കളമൊരുക്കി; തിരിച്ചു വന്നപ്പോൾ നിരീക്ഷിക്കാൻ ആളെ ഒപ്പം നിയമിച്ചു; ശശീന്ദ്രനും ജലീലിനും കൊടുത്ത സംരക്ഷണം നിഷേധിച്ചു; ആനത്തലവട്ടം ആനന്ദന്റെ മകന് കിട്ടിയത് കോടികളുടെ ആനന്ദലബ്ദി; എല്ലാം കണ്ടും കേട്ടും പിണറായിയോട് ഇടഞ്ഞ് മനം മടുത്ത് ഇപി ജയരാജൻ
കണ്ണൂർ: ബന്ധു നിയമനത്തിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും മന്ത്രി കെടി ജലീൽ നടത്തിയെന്ന് കണ്ടെത്തിയത് ലോകായുക്തയാണ്. മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാണ് ശുപാർശ. എന്നാൽ ഇതൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയുന്നില്ല. എന്നാൽ പിണറായി അധികാരത്തിൽ വന്നപ്പോൾ ഒരു നിമയനം നടത്തി. ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി വ്യവസായ മന്ത്രി ഇപി ജയരാജൻ നിയമിച്ചു. അത് വിവാദമായി. ജയരാജൻ രാജിയും നൽകി.
ആനത്തലവട്ടം ആനന്ദനെ മകനെ സർക്കാരിന്റെ ഭാഗമായി നിയമിച്ചതും ബന്ധു നിമയനത്തിന്റെ പരിധിയിൽ വരും. ഇതിനൊപ്പം കിൻഫ്രയിൽ നിന്ന് ആനത്തവട്ടത്തെ വീട്ടിലേക്ക് എത്തുക ഒരു കോടിയുടെ ആനന്ദലബ്ധിയും. ഉന്നത സിപിഎം നേതാവിന്റെ മകന്റെ ശമ്പളം 60,000 രൂപയിൽ നിന്നു 2 ലക്ഷത്തോളമാക്കി ഉയർത്തിയെന്നാണ് ആരോപണം. 4 വർഷത്തെ കുടിശികയും നൽകാൻ സർക്കാർ ഉത്തരവിട്ടുമ്പോൾ ചിരിക്കുന്നത് ആനത്തലവട്ടം ആനന്ദനാണ്. നാല് കൊല്ലത്തെ കുടിശിക നൽകാനുള്ള തീരുമാനമാണ് ഇതിന് കാരണം. ഇതൊന്നും പാർട്ടിയും സർക്കാരും കാണുന്നുമില്ല തിരുത്തുന്നുമില്ലെന്നതാണ് വസ്തുത.
ആനത്തലവട്ടം ആനന്ദന്റെ മകൻ ജീവ ആനന്ദന് പിണറായി സർക്കാരിന്റെ കൈത്താങ്ങാണ് പുതിയ ഉത്തരവ് എന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം. ജീവ ആനന്ദിന് 23200 - 31150 ശമ്പള സ്‌കെയിൽ 46640-59840 സ്‌കെയിൽ ആയി ഉയർത്തി കൊടുത്തു 10-2-21 ന് സർക്കാർ ഉത്തരവിറക്കി. ജോലിയിൽ പ്രവേശിച്ച 22-9 - 16 മുതൽ ശമ്പളം ഉയർത്തിയത് വഴിയുള്ള ആനുകൂല്യം ജീവ ആനന്ദന് ലഭിക്കും. മാനേജിങ് ഡയറക്ടർ പോസ്റ്റ് റീ ഡെസിഗിനേറ്റ് ചെയ്ത സി. ഇ ഒ ആക്കിയാണ് ശമ്പള സ്‌കെയിൽ ഉയർത്തുകയാണ് ചെയ്തത്. ഏകദേശം 1 കോടി രൂപ ഇതു വഴി കുടിശികയായി ജീവ ആനന്ദിന് ലഭിക്കും. എന്നാൽ ബന്ധു നിയമനത്തിന്റെ പേരിൽ ഇപിക്ക് കിട്ടിയത് അപമാനം മാത്രം.
സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് എംഡിയായി ആളെ നിയമിക്കുന്നത് രാഷ്ട്രീയമായ തീരുമാനമാണ്. അവിടെ ബന്ധുക്കൾ എത്തുന്നത് മുമ്പും സംഭവിച്ചിട്ടുള്ള കാര്യമാണ്. അതിന് വേണ്ടി ചട്ടങ്ങളൊന്നും ജയരാജൻ മാറ്റി എഴുതിയില്ല. എന്നിട്ടും ജയരാജൻ രാജിവച്ചു. ലോകായുക്ത വിമർശിച്ചിട്ടും ജലീലിന് സംരക്ഷണം. ഹണിട്രാപ് കേസിൽ കുടുങ്ങിയ എകെ ശശീന്ദ്രനും കിട്ടി സമാനമായ പരിഗണന. ഒടുവിൽ നിവർത്തിയില്ലാതെയാണ് ശശീന്ദ്രൻ രാജിവച്ചത്. എന്നാൽ ബന്ധുനിയമന വിവാദത്തിൽ മന്ത്രി ഇ.പി. ജയരാജന്റേതു നിർബന്ധിത 'രാജിസന്നദ്ധത' ആയിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെയുണ്ടായ നിരാശയും പ്രതിഷേധവുമാണു ജയരാജനെ രാജിയിലേക്കു നയിച്ചതെന്നാണു വിവരം. വിവാദം വന്നപ്പോൾ ജയരാജൻ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി അംഗീകരിക്കുകയുമായിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ജലീൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ചത്. ജയരാജനോട് വിവേചനം കാണിച്ചിട്ടില്ലെന്നു സൂചിപ്പിക്കുകയായിരുന്നു കോടിയേരിയുടെ ഉദ്ദേശ്യം.
വിജിലൻസ് കേസ് നിലനിൽക്കില്ലെന്നും വിവാദം വൈകാതെ അടങ്ങുമെന്നും ജയരാജന് അറിയാമായിരുന്നു. എന്നാൽ ഇതൊന്നും വേണ്ടപ്പെട്ടവർ കേട്ടില്ല. പിന്തുണ ലഭിക്കില്ലെന്നു ബോധ്യമായതോടെ 2016 ഒക്ടോബർ 14നു ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചു. പാർട്ടി അപ്പോൾ തന്നെ അംഗീകരിച്ചു. എല്ലാം അതിവേഗം. കേസിന് വേണ്ടി ഖജനാവിനും നഷ്ടമുണ്ടാക്കിയില്ല. എന്നിട്ടും കേസ് ജയിച്ചു. ജയരാജൻ മടങ്ങി എത്തുകയും ചെയ്തു.
ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ നമ്പ്യാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ കോടതി നിർദേശിച്ചു. കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് റിപ്പോർട്ട് നൽകി. എന്നാൽ അന്വേഷണ സംഘം പിന്നെയും മുന്നോട്ടുപോയി. പിന്നീട് കേസ് ആവിയായി. ജയരാജനിലൂടെ പ്രതിച്ഛായ ഉയർത്തനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. എന്നാൽ സ്വർണ്ണ കടത്ത് കേസിൽ ആരോപണവിധേയരേയെല്ലാം സംരക്ഷിച്ച് മുഖ്യമന്ത്രി മറ്റൊരു മുഖം പിന്നീട് നേടുകയും ചെയ്തു.
ജയരാജനു പകരം മന്ത്രിയായി എം.എം.മണിയെ അതിനകം നിയമിച്ചിരുന്നു. ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ.കെ. ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ പരിഗണിച്ചില്ല. രാഷ്ട്രീയം തന്നെ അവസാനിപ്പിക്കുമെന്ന സൂചന നൽകിയതിനു ശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ പാർട്ടി തയാറായത്. അപ്പോഴും മുൻ എംഎൽഎ എം.പ്രകാശനെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ച് പാർട്ടി ജയരാജനെ നിരീക്ഷണ വലയത്തിലാക്കി. ജയരാജന്റെ ഓരോ നീക്കവും പാർട്ടിയും മുഖ്യമന്ത്രിയും പ്രകാശിനിലൂടെ മനസ്സിലാക്കി.
ഇപ്പോൾ ജലീലിന്റെ രാജി വൈകുമ്പോൾ വേദനിക്കുന്നത് ജയരാജനാണ്. തനിക്ക് കിട്ടാത്ത നീതി ഇപ്പോഴും ജലീലിന് നൽകുന്നു. ഇത് ഇരട്ടത്താപ്പാണെന്ന് ജയരാജൻ തിരിച്ചറിയുന്നു. കരുതലോടെ ഇരിക്കാനാണ് തീരുമാനം. പാർട്ടി വിരുദ്ധത പരസ്യമായി ജയരാജൻ പ്രകടിപ്പിക്കില്ല. എന്നാൽ കൃത്യമായ സമയത്ത് പ്രതികരണം ഉണ്ടാവുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ