- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമാണ്; 55 കൊല്ലം മുൻപ് നഷ്ടമായ ആ കിരീടം ഇങ്ങ് കൊണ്ടുവരുമോ ? വെംബ്ലിയിൽ ഇന്ന് രാത്രി നടക്കുന്ന യൂറോ ഫൈനൽ നേടാൻ ആശംസകളുമായി ഇംഗ്ലീഷ് ജനത; ഇറ്റലിയെ തോൽപിക്കാൻ രാജ്ഞി മുതൽ സാധാരണക്കാർ വരെ
ലണ്ടൻ: ഒരു രാജ്യം മുഴുവൻ ഒന്നടങ്കം വിളിച്ചു പറയുന്നു, അതിങ്ങ് കൊണ്ടുവരൂ. 55 വർഷം മുൻപാണ് ഇംഗ്ലണ്ടിലേക്ക് ഒരു പ്രധാന ഫുട്ബോൾ കപ്പ് എത്തുന്നത്. ആവേശകരമായ ഫൈനലിൽ അന്ന് ജർമ്മനിയെ തോൽപിച്ച് നാട്ടിലെത്തിച്ച ലോകകപ്പിൽ പിന്നീടൊരിക്കലും മുത്തമിടാൻ ഇംഗ്ലണ്ടിന് ഭാഗ്യമുണ്ടായിട്ടില്ല. മാത്രമല്ല,ഒരു സുപ്രധാന ടൂർണമെന്റിലും ഫൈനൽ കാണാനുമായിട്ടില്ല. ആ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടാണ് ഇത്തവണ ഗാരെത് സൗത്ത്ഗേയ്റ്റിന്റെ കുട്ടികൾ യൂറോകപ്പിന്റെ ഫൈനലിൽ എത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് രാജ്ഞിയും, പ്രധാനമന്ത്രിയും തൊട്ട് സാധാരണക്കാർ വരെ ആവേശത്തിലാണ്. യൂറോ കപ്പ് ഫൈനലിൽ ജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല. ഇന്ന് നടക്കുന്ന ഫൈനലിൽ ഇറ്റലിയെ തോൽപിച്ച് കപ്പ് കൈയടക്കുവാൻ ആശംസകൾ നേരുകയാണ് ഒരു ജനത മുഴുവൻ. 1966-ൽ സർ ബോബി മുറേയ്ക്ക് ലോകകപ്പ് സമ്മാനിച്ച കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് ഒരു ലഘു കുറിപ്പ് രാജ്ഞി സൗത്ത്ഗെയ്റ്റിന് അയച്ചു. ആ ചരിത്രം ആവർത്തിക്കട്ടെ എന്നും ആശംസിച്ചു.
സാധാരണക്കാരിൽ സാധാരണക്കാരായ ഫുട്ബോൾ പ്രേമികൾ മുള്ളിന്മേൽ നില്ക്കുന്ന അവസ്ഥയിലാണ് . ഇന്നലെ നഗരങ്ങളിൽ പബ്ബുകളൂം ബാറുകളുമൊക്കെ നിറഞ്ഞുകവിഞ്ഞിരുന്നു. മാച്ചിനു മുൻപുള്ള ആധി മറക്കുവാൻ ജനങ്ങൾ കുടിച്ചുതിമിർത്തു. എലിസബത്ത് രാജ്ഞിക്കൊപ്പം പ്രധാനമന്ത്രി ബോറിസ് ജോൺസനും ടീമിന് ആശംസകൾ നേർന്നുകൊണ്ട് കത്തയച്ചപ്പോൾ, സാധാരണക്കാർ തെരുവുകളിലിറങ്ങി ഹൃദയത്തിന്റെ ഭാഷയിലായിരുന്നു തങ്ങളുടെ പ്രിയ താരങ്ങൾക്ക് ആശംസകൾ നേർന്നത്.
ഇംഗ്ലീഷ് ടീമിന്റെ ജഴ്സിയണിഞ്ഞും, ടീമനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയും പബ്ബുകൾക്ക് പുറത്തും ജനക്കൂട്ടം ആവേശം ചോരാതെ സൂക്ഷിച്ചു. 1996-ന് ശേഷ ഒരു സുപ്രധാന ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലില് ആതിഥേയത്വമൊരുക്കുന്ന വെംബ്ലി സ്റ്റേഡിയം ആ മഹാ സംഭവത്തിന് സാക്ഷിയാകുവാൻ തയ്യാറെടുത്തുകഴിഞ്ഞു. ആവേശവും ആശങ്കയുമായി ആരാധകർ രാത്രിയെ പകലാക്കുമ്പോഴും ഹേർട്ഫോർഡിലെ ഗ്രോവ് ഹോട്ടലിൽ താരതമ്യേന ശാന്തമായ മനസ്സോടെ കളിക്കുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയിരിക്കുകയായിരുന്നു കളിക്കാർ.
നേരത്തേ പരിശീലനം കഴിഞ്ഞ് ഹോട്ടലിലെത്തിയ കളിക്കാരെ സെയിന്റ് ജോർജ് പാർക്കിന് സമീപം വലിയൊരു ആൾക്കൂട്ടം ഹർഷാരവത്തോടെ എതിരേറ്റു. തങ്ങൾ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ക്യാപ്റ്റൻ ഹാരി കെയ്ൻ പറഞ്ഞു. നേരത്തേ ജർമ്മനിയുടെയും ഡെന്മാർക്കിന്റെയും ദേശീയ ഗാനങ്ങളെ അപമാനിക്കുന്ന രീതിയിൽ ഇംഗ്ലീഷ് ആരാധകരിൽ നിന്നും പെരുമാറ്റമുണ്ടായി എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, ആരാധകർ ഒരു കാരണവശാലും ഇറ്റലിയുടെ ദേശീയഗാനത്തെ അപമാനിക്കരുതെന്ന് സൗത്ത്ഗെയ്റ്റ് ആവശ്യപ്പെട്ടു.
മറുനാടന് ഡെസ്ക്