- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റോസക്കുട്ടിക്ക് വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്സൻ സ്ഥാനം; അനിൽ കുമാറിന് ഒഡെപെക് ചെയർമാൻ പദവിയും; ലതിക സുഭാഷും വനം വികസന കോർപറേഷനിലെത്തി; കോൺഗ്രസ് വിട്ടവരെ 'പുനരധിവസിപ്പിച്ചു' എൽഡിഎഫ്; സഖാക്കൾക്ക് സ്ഥാന നഷ്ടമെങ്കിലും 'എക്സ് കോൺഗ്രസുകാർക്ക്' ഇടതുമുന്നണിയിൽ പരമസുഖം
തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി കൊണ്ട് ഇടതു എംപി ബിനോയ് വിശ്വം രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ദേശീയ തലത്തിൽ അടക്കം കോൺഗ്രസിന് വലിയ ക്ഷീണം സംഭവിക്കുമ്പോൾ കേരളത്തിൽ നിന്നും നേതാക്കൾ മറുകണ്ടം ചാടി പോയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തിലെ കോൺഗ്രസിനെ കൂടുതൽ ദുർബലമാക്കാനാണ് സിപിഎ ആസൂത്രിതമായി ശ്രമിക്കുന്നത്. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തുന്നവർക്ക് ഉചിതമായ പദവി നൽകുന്ന കാര്യത്തിൽ മുമ്പെങ്ങും ഇല്ലാത്ത പരിഗണനയാണ് സിപിഎം ഇപ്പോൾ നൽകുന്നത്. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ ശ്രദ്ധേയമായതും.
'ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ, ബിജെപി- ആർഎസ്എസ് സംഘടനകൾ ഉയർത്തുന്ന വെല്ലുവിളിക്കു മുന്നിൽ കോൺഗ്രസ് തകർന്നാലുണ്ടാകാൻ പോകുന്ന ശൂന്യതയേപ്പറ്റി ബോധ്യമുള്ള ഇടതുപക്ഷക്കാരാണ് ഞങ്ങൾ. അതുകൊണ്ട് പറയുകയാണ്, കേരളത്തിലെ തർക്കങ്ങളെല്ലാം ഇരിക്കത്തന്നെ ഞാൻ പറയുന്നു, കോൺഗ്രസ് തകർന്നാൽ ആ തകർച്ചയുടെ ശൂന്യത നികത്താനുള്ള കെൽപ് ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിനില്ല. ആ ശൂന്യത നികത്താനിടയുള്ളത് സംഘപരിവാറും അതിന്റെ ഫാസിസ്റ്റ് ആശയങ്ങളുമായിരിക്കും. അത് ഒഴിവാക്കണമെങ്കിൽ നെഹ്റുവിനെ ഓർത്തുകൊണ്ട് കോൺഗ്രസ് തകരാതിരിക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ ചിന്തിക്കുന്നത്' ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കകുകൾ.
അതേസമയം ബിനോയ് വിശ്വം കോൺഗ്രസിനെ കുറിച്ചു നല്ലവാക്കുകളുമായി രംഗത്തുവന്നെങ്കിലും മറുവശത്ത് കോൺഗ്രസ് വിട്ടവരെ പുനരധിവസിപ്പിക്കുകയാണ് സിപിഎമ്മും മുന്നണിയും. കെ പി അനിൽ കുമാറിന് പിന്നാലെ കെ സി റോസക്കുട്ടിക്കും ഉചിതമായ പദവികൾ ലഭിച്ചിട്ടുണ്ട്. സിപിഎം നേതാക്കൾ ഇരിക്കേണ്ട പദവിയിൽ തന്നെയാണ് ഇപ്പോൾ എക്സ് കോൺഗ്രസുകാർ എത്തിയിരിക്കുന്നത്. കോൺഗ്രസിന്റെ മുൻ എംഎൽഎ ആയിട്ടും നിർണായക ഘട്ടത്തിൽ പാർട്ടിയെ കൈവിട്ട് സിപിഎമ്മിൽ ചേക്കേറിയ കെ സി റോസക്കുട്ടിക്കും ഉചിതമായ പദവി ലഭിച്ചിട്ടുണ്ട്.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ചെയർ പേഴ്സൺ സ്ഥാനമാണ് കെ.സി. റോസക്കുട്ടിക്ക് ലഭിച്ചത്. ഈ മാസം 7ന് ചുമതലയേൽക്കും. രാവിലെ 11 മണിക്ക് കിഴക്കേകോട്ടയിലെ ആസ്ഥാന ഓഫീസിലാണ് ചുമതലയേൽക്കുക. കെ.എസ്. സലീഖ സ്ഥാനമൊഴിഞ്ഞതോടെയാണ് കെ.സി റോസക്കുട്ടിയെ ചെയർപേഴ്സനായി സർക്കാർ നിയമിച്ചത്. സുൽത്താൻ ബത്തേരി മുൻ എംഎൽഎയും, സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സനുമായിരുന്നു കെ. സി. റോസക്കുട്ടി.
ഇവര കൂടാതെ എൻസിപിയിൽ എത്തിയ ലതിക സുഭാഷിനും ഒരു പദവി ലഭിച്ചിരുന്നു. ലതിക സുഭാഷിനെ സംസ്ഥാന വനം വികസന കോർപറേഷൻ ചെയർപേഴ്സണായി നിയമിച്ചു കൊണ്ടാണ് ഉത്തരവായത്. നേരത്തെ കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.അനിൽ കുമാറിനെ ഇതിന്റെ ഭാഗമായി 'ഒഡെപെക്' ചെയർമാനായി സർക്കാർ നിയമിച്ചിരുന്നു. നേരത്തെ അനിലിനെ സിഐടിയുവിന്റെ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റായും ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് സംഘടനയുടെ ജില്ലാ പ്രസിഡന്റായും നേരത്തേ നിയമിച്ചിരുന്നു.
കോൺഗ്രസിൽ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന അനിലിന് അതിനു യോജിക്കുന്ന പദവികൾ നൽകിയില്ലെന്ന വിമർശനം കൂടി ഉയർന്ന സാഹചര്യത്തിലാണ് ഒഡെപ്പെക്കിലെ നിയമനം. അതേസമയം അനിൽ കുമാറിന് ഇതുവരെ പാർട്ടി ഘടകം നിശ്ചയിച്ചു നൽകിയിട്ടില്ല. അനിലിനൊപ്പം സിഎമ്മിലെത്തിയ മറ്റൊരു മുൻ കെപിസിസി ജനറൽ സെക്രട്ടറി ജി.രതികുമാറിന് പാർട്ടി സർക്കാർ പദവികളായിട്ടില്ല. കെപിസിസി സെക്രട്ടറിയായിരുന്ന പി.എസ്.പ്രശാന്തിനെ കർഷക സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാക്കി.
കോൺഗ്രസ് വിട്ടു വരുന്നവർക്ക് കാര്യമായ പരിഗണന ലഭിക്കുന്ന പശ്ചാത്തലത്തിൽ എ വി ഗോപിനാഥിനെ സിപിഎമ്മിൽ എത്തിക്കാനുള്ള ശ്രമവും ശക്തമായി നടക്കുന്നുണ്ട്. കോൺഗ്രസ് വിട്ടെത്തിയ മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതും ഇടതു മുന്നണിയിലേക്കുള്ള ചേക്കേറലുമായി ബന്ധപ്പെട്ടാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നത്. അതേസമയം പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ നിർമ്മിക്കുന്ന ഒളപ്പമണ്ണ സ്മാരകം ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ പോയതെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും ഗോപിനാഥ് പറഞ്ഞു. ജനുവരിയിൽ നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാമെന്ന് മുഖ്യമന്ത്രിയിൽ നിന്ന് ഉറപ്പ് കിട്ടിയതായി ഗോപിനാഥ് പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് പാലക്കാട് കോൺഗ്രസിൽ ഏറെ കോളിളക്കമുണ്ടാക്കി ഔദ്യോഗിക നേതൃത്വത്തിന് വെല്ലുവിളി ഉയർത്തി എ വി ഗോപിനാഥിന്റെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടന്നത്. പെരിങ്ങോട്ടുകുറിശ്ശിയിൽ നടന്ന കൺവെൻഷൻ മുൻ എംഎൽഎ സി പി മുഹമ്മദായിരുന്നു ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചതെങ്കിലും എല്ലാ കാര്യങ്ങൾക്കും മുന്നിൽ നിന്നത് പാർട്ടി വിട്ട മുൻ ഡിസിസി അധ്യക്ഷൻ കൂടിയായിരുന്ന എ വി ഗോപിനാഥായിരുന്നു. പരിപാടിയിലേക്ക് പെരിങ്ങോട്ടുകുറിശ്ശിയിലേ കോൺഗ്രസ് പ്രവർത്തകർ ഒഴുകിയെത്തി. താൻ ഇപ്പോഴും പാർട്ടിക്ക് പുറത്ത് തന്നെയാണെന്ന് എ വി ഗോപിനാഥ് ആവർത്തിച്ചിരുന്നു.
കോൺഗ്രസ് വിട്ടെത്തിയവർക്ക് വലിയ സ്ഥാനങ്ങൾ ലഭിക്കുന്നത് സിപിഎമ്മിന് വേണ്ടി പരിശ്രമിക്കുന്നവർക്ക് പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്. പാർട്ടി സമ്മേളന വേദികളിൽ പരസ്യമായി ആരും ഇക്കാര്യങ്ങൾ പറയുന്നില്ലെങ്കിലും അമർഷം പാർട്ടിയിൽ പുകയുന്നുണ്ട് താനും.
മറുനാടന് മലയാളി ബ്യൂറോ