- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ കേരളത്തിലും; എക്സ് മുസ്ലിംസ് ഓഫ് കേരളയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു; ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ജെസ്ല മാടശ്ശേരി; ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കും
കൊച്ചി: ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മയായ എക്സ് മുസ്ലിംസ് ഓഫ് കേരള നിലവിൽ വന്നു. സംഘടനയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് സാമൂഹികമായ പിന്തുണ നൽകുകയാണ് ലക്ഷ്യം.
വിവിധ കാരണങ്ങളാൽ ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ രാജ്യത്തെ തന്നെ ആദ്യത്തെ കൂട്ടായ്മയാണ് എക്സ് മുസ്ലിംസ് ഓഫ് കേരള. ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ മതവിശ്വാസം വേണ്ടെന്ന് വയ്ക്കാനുള്ള അവകാശവും പൗരനുണ്ടെന്നും ഇസ്ലാം മതം ഉപേക്ഷിച്ച് വരാൻ താൽപര്യമുള്ളവർക്ക് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും ഭാരവാഹികൾ കൊച്ചിയിൽ അറിയിച്ചു. എല്ലാ വർഷവും ജനുവരി 9 കേരള എക്സ് മുസ്ലിം ദിനമായി ആചരിക്കാനാണ് തീരുമാനം. ഇസ്ലാം മതം ഉപേക്ഷിക്കുന്നവർ പിന്നീട് സമൂഹത്തിൽ ഒറ്റപ്പെടുന്ന അവസ്ഥ ഒഴിവാക്കുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ളവർക്ക് നിയമപരവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുമെന്ന് സംഘടന അറിയിച്ചു.
2021 ജനുവരി 9 നാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഇസ്ലാമിക ദഅവാ പ്രവർത്തകനായ എം.എം അക്ബറും, സ്വതന്ത്ര ചിന്തകനും ഇസ്ലാം വിമർശകനുമായ ഇ.എ ജബ്ബാറും തമ്മിൽ ഒരു സംവാദം മലപ്പുറത്ത് വച്ച് നടന്നത്. യൂട്യൂബിൽ മാത്രം ദശലക്ഷത്തിലധികം പേരാണ് ഇത് കണ്ടത്. കേരള സമൂഹത്തിൽ ഇസ്ലാം വിമർശ്ശനവും, സ്വതന്ത്ര ചിന്തയും ഏറെ ആളുകളിലേക്ക് എത്തിക്കുവാനും അനേകം ആളുകൾക്ക് ഇസ്ലാം മതം ഉപേക്ഷിക്കുന്നതിനു തന്നെ കാരണമാകുകയും ചെയ്തത് ഈ സംവാദായതിനാലാണ് ജനുവരി 9 എന്ന ദിവസം കേരളാ എക്സ് മുസ്ലിം ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഇസ്ലാം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിക്കുന്നവർ മറ്റു വിഭാഗങ്ങളൊന്നും നേരിടാത്ത അത്രയും വലിയ പ്രശ്നങ്ങളാണ് മാനസികമായും ശാരീരികമായും സാമൂഹികമായും നേരിട്ട് വരുന്നത്. അതിനാലാണ് എക്സ് മുസ്ലിംസ് ഓഫ് കേരളാ എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കേണ്ടത് അനിവാര്യമായത്. ഇസ്ലാം മതം ഉപേക്ഷിച്ചവർക്ക് നിയമപരമായും ഭരണഘടനാപരവുമായ സംരക്ഷണം നൽകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ വിശ്വാസത്തിന്റെ പേരിൽ മാനുഷികാവകാശങ്ങൾ നിഷേധിക്കുന്ന അനുഷ്ടാനങ്ങൾക്കും മതനിയമങ്ങൾക്കുമെതിരെ നിയമപരമായും നീങ്ങാൻ സംഘടനയിൽ തീരുമാനമായിട്ടുണ്ട്. ഇസ്ലാം മതം ഉപേക്ഷിച്ചു സ്വതന്ത്രരായി, സമാധാനത്തോടെ, സാമൂഹിക ബഹിഷ്കരണമോ ജീവന് ഭീഷണിയോ നേരിടാതെ ജീവിക്കാനും അതിനായി ഏതൊരു വ്യക്തിക്കും ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കുക എന്നതുമാണ് സംഘടനയുടെ പ്രഥമ ലക്ഷ്യമെന്നും പ്രസിഡന്റ് ലിയാക്കത്തലി പറഞ്ഞു.
വൈസ് പ്രസിഡന്റ് ജസ്ല മാടശ്ശേരി, സെക്രട്ടറി സഫിയ, ജോ.എക്സിക്യൂട്ടീവ് അംഗങ്ങളായ ആരിഫ് ഹുസ്സൈൻ തെരുവത്ത്, ഷഫീക്ക് എന്നിവരും കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത വർഷം ജനവുവരി 9 ന് വലിയ ആഘോഷ പരിപാടികളോടു കൂടി കേരളാ എക്സ് മുസ്ലിം ദിനം ആചരിക്കുമെന്നും സംഘാടകർ അറിയിച്ചു. സംഘടനയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ www.exmuslimsofkerala.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.