- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുപതാം വയസിൽ പാക് സൈന്യത്തിന്റെ ഭാഗം; കിഴക്കൻ പാക്കിസ്ഥാനെതിരായ സൈനിക നടപടിയെ എതിർത്ത് രാജ്യം വിട്ടു; പാക് ചാരനെന്ന് കരുതി പിടികൂടിയപ്പോൾ ലഭിച്ചത് പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും; പത്മശ്രീ ഏറ്റുവാങ്ങി 71-ലെ പോരാളി ഖ്വാസി സജ്ജാദ് അലി സാഹിർ
ന്യൂഡൽഹി: രാജ്യം ഇത്തവണ പത്മശ്രീ നൽകി ആദരിച്ചവരുടെ കൂട്ടത്തിൽ ഗവേഷകനും മുൻ പാക് സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ഖ്വാസി സജ്ജാദ് അലി സാഹിറും ഉൾപ്പെട്ടിരുന്നു.
മുൻ പാക് സൈനികനാണെങ്കിലും പാക്കിസ്ഥാനെതിരേയുള്ള യുദ്ധമുഖത്ത് ഇന്ത്യൻ സൈന്യത്തിന് നൽകിയ സംഭവനകൾ പരിഗണിച്ചാണ് ലഫ്. കേണൽ ഖ്വാസി സജ്ജാദ് അലി സാഹിറിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്.
ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് വഴിവെച്ച 1971 ഇന്ത്യ-പാക് യുദ്ധത്തിൽ രാജ്യത്തെ വിജയത്തിലേക്ക് നയിക്കാൻ സുപ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിലാണ് രാജ്യത്തിന് നൽകിയ വിശിഷ്ട സേവനത്തിനും വിവിധ മേഖലകളിൽ വില മതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തികൾക്കുമുള്ള ആദരമായ പത്മ പുരസ്കാരം സജ്ജാദ് അലി സാഹിറിന് നൽകിയത്.
പാക്കിസ്ഥാനെതിരേയുള്ള ഇന്ത്യയുടെ അന്നത്തെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും 50 വർഷം പൂർത്തിയാകുന്ന വേളയിലാണ് തന്റെ 71-ാം വയസിൽ സാഹിർ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിക്ക് അർഹനാകുന്നത്.
President Kovind presents Padma Shri to Lt Col Quazi Sajjad Ali Zahir (Retd.) for Public Affairs. He is an independent researcher and author on the Bangladesh Liberation War. He joined the War of Liberation and participated in many battles alongside the Indian Army. pic.twitter.com/xhuCupSCto
- President of India (@rashtrapatibhvn) November 9, 2021
ഏറെ ധീരത നിറഞ്ഞതായിരുന്നു സാഹിറിന്റെ ജീവിതം. 20-ാം വയസിലാണ് സാഹിർ പാക് സൈന്യത്തിന്റെ ഭാഗമാകുന്നത്. സിയാൽകോട്ട് മേഖലയിലായിരുന്നു സേവനം. കിഴക്കൻ പാക്കിസ്ഥാനെതിരേയുള്ള പടിഞ്ഞാറൻ പാക്കിസ്ഥാന്റെ സൈനിക നടപടികളിൽ കടുത്ത എതിർപ്പുണ്ടായിരുന്ന സാഹിർ അധികം വൈകാതെ തന്നെ രാജ്യം വിടാനും തീരുമാനിച്ചു. 1971 മാർച്ചിൽ അതിർത്തി കടന്ന് ഇന്ത്യയിലെത്തി. കിഴക്കൻ പാക്കിസ്ഥാനിൽ പാക് സൈന്യത്തിന്റെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും എല്ലാം പരിധിയുംവിട്ട സാഹചര്യത്തിലായിരുന്നു സാഹിറിന്റെ രാജ്യംവിടൽ.
അതിർത്തി കടന്നതിന് പിന്നാലെ സാഹിർ ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായി. പാക് ചാരനെന്ന് കരുതി പിടികൂടിയ സാഹിറിനെ പത്താൻകോട്ടിലെത്തിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. ബൂട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പാക് സൈന്യത്തിന്റെ രേഖകളും ഭൂപടവും 20 രൂപയുമാണ് സാഹിറിന്റെ കൈവശമുണ്ടായിരുന്നത്.
ഈ സൈനിക രേഖകളിൽ നിന്ന് അതിർത്തിയിൽ പാക്കിസ്ഥാന്റെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള ഗുരുതരമായ സാഹചര്യവും ഇന്ത്യൻ സൈന്യത്തിന് ബോധപ്പെട്ടു. ഇതിനുപിന്നാലെ സാഹിറിനെ ഡൽഹിയിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് കിഴക്കൻ പാക്കിസ്ഥാനിലേക്ക് (ബംഗ്ലാദേശ്) അയക്കുകയും ചെയ്തു.
സൈനിക രേഖയും സാഹിർ നൽകിയ സുപ്രധാന വിവരങ്ങളും യുദ്ധത്തിൽ പാക്കിസ്ഥാനെ അമർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് തുണയായി. പാക് സേനയ്ക്ക് നേരേ മുഖ്തി ബാഹിനിയുടെ (ബംഗ്ലാദേശ് സൈന്യം) ഗറില്ലാ യുദ്ധത്തിന് പരിശീലനം നൽകിയതും സാഹിറായിരുന്നു. കിഴക്കൻ പാക്കിസ്ഥാന്റെ വിമോചനത്തിന് ശേഷം സാഹിർ ബംഗ്ലാദേശ് സൈന്യത്തിന്റെ ഭാഗമായി.
രാജ്യംവിട്ട് പാക്കിസ്ഥാനെതിരേ തിരിഞ്ഞ കുറ്റത്തിന് പാക്കിസ്ഥാനിൽ കഴിഞ്ഞ 50 വർഷമായി തനിക്ക് വധശിക്ഷ നിലവിലുണ്ടെന്നും അഭിമാനത്തോടെ സാഹിർ പറയുന്നു. 'വധശിക്ഷ' തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും അദ്ദേഹം പല വേദികളിലും തുറന്നുപറഞ്ഞിരുന്നു.
ഇന്ത്യയിലെ വീർ ചക്രയ്ക്ക് സമാനമായി ബിർ പ്രോട്ടിക് ബഹുമതിയും സാഹിറിന് ലഭിച്ചിരുന്നു. ബംഗ്ലാദേശിലെ പരമോന്നത സിവിൽ ബഹുമതിയായ സ്വാധിനത പദക് പുരസ്കാരത്തിനും സാഹിർ അർഹനായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ