- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബേബി ഡാമിൽ മരം മുറിക്ക് അനുമതി നൽകിയത് അറിഞ്ഞില്ലെന്ന് മന്ത്രിസഭ പറയുന്നത് പച്ചക്കള്ളം; രണ്ടാഴ്ചക്കകം മരങ്ങൾ മുറിക്കും; ഉന്നവും കാട്ടു റബറും താന്നിയും അടക്കം 15 മരങ്ങൾ മുറിക്കാൻ അനുമതി; മരവിപ്പിക്കൽ വെറും നാടകം; പിണറായിയും സ്റ്റാലിനും ഒത്തുകളിച്ച് കേരളത്തെ പറ്റിക്കുമ്പോൾ
തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ താൽപ്പര്യം അവഗണിച്ചു കൊണ്ടാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് സ്വീകരിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി ഒളിച്ചുകളി നടത്തുകയാണ് അദ്ദേഹം. മുല്ലപ്പെരിയാറിലെ ബേബി ഡാമിൽ മരം മുറിക്ക് അനുമതി നൽകിയത് അറിയില്ലെന്നാണ് മന്ത്രിസഭയുടെ നിലപാട് എങ്കിലും അപ്പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് വ്യക്തമാണ്. വിവാദങ്ങളെ അതിജീവിച്ചു കൊണ്ട് തന്നെ തമിഴ്നാടിന് ബേബിഡാം ബലപ്പെടുത്താൻ അനുമതി ലഭിക്കും വിധത്തിലാണ് ഇതിലെ ഗൂഢാലോചനകൾ.
വിവാദത്തിൽ ആദ്യം കേരളവും തമിഴ്നാടും സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നാണ് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ, പിന്നീട് ഇത് തിരുത്തി പറയേണ്ട അവസ്ഥയും വന്നു. 15 മരങ്ങൾ മുറിക്കാൻ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയ ഉത്തരവ് പുറത്തുവരുമ്പോൾ കൂടുതൽ കള്ളക്കളികൾ വ്യക്തമാകും. മരം മുറി വിവാദമാകുമ്പോഴും ഉത്തരവ് റദ്ദാക്കാൻ സംസ്ഥാന സർക്കാറോ വനംവകുപ്പോ തയ്യാറായിട്ടില്ല. മറിച്ച് മരവിപ്പിക്കുക എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, രണ്ടാഴ്ച്ചക്കകം തന്നെ ഉത്തരവ് പ്രകാരമുള്ള മരം മുറി നടക്കുമെന്നാണ് സൂചനകൾ.
മരംമുറിച്ചു നീക്കാൻ പ്രായോഗിക ഉത്തരവ് പുറത്തിറക്കി തമിഴ്നാടിന് കൈമാറി കഴിഞ്ഞു. ഈ ഉത്തരവ് പ്രകാരം തമിഴ്നാടിന് തുടർ നടപടികളുമായി മുന്നോട്ടു പോകാൻ സാധിക്കും. ബെന്നിച്ചൻ എന്ന ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൊടുത്ത ഉത്തരവാണ് മരവിപ്പിക്കുക എന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, ഇത് മരവിപ്പിച്ചതു കൊണ്ട് തന്നെ ഒന്നും സംഭവിക്കില്ലെന്നാണ് വ്യക്തമാകുന്നത്. ഇത് മരവിപ്പിക്കുന്നതിന് മുമ്പ് പുറത്തിറങ്ങിയ മറ്റൊരു കത്തിന്റെ പുറത്ത് മരം മുറിക്കാൻ തമിഴ്നാടിന് സാധിക്കും.
ഉപാധികളോടെയാണ് മരംമുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയിരിക്കുന്നത്. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനാണ് അനുമതി. മുറിക്കുന്ന മരങ്ങൾ പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറിയിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകരുത് എന്നത് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ഈ അനുമതി നൽകിയിരിക്കുന്നത്. നവംബർ ആറിനാണ്, ഈ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ഉത്തരവിൽ താന്നി, കാട്ടു റബർ, വഴന, പൊരിവെട്ടി തുടങ്ങിയ 15 മരങ്ങൾ മുറിക്കാമെന്ന് കൃത്യമായി തന്നെ ഉത്തരവിൽ പറയുന്നു.
മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള നാൽപ്പത് സെന്റ് സ്ഥലം തമിഴ്നാട് പാട്ടത്തിന് എടുത്തിരിക്കുന്ന സ്ഥലമാണെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഈ സ്ഥലത്തെ 23 മരങ്ങൾ മുറിച്ചു മാറ്റാനുള്ള അനുമതിയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ കേരളത്തോട് ആവശ്യപ്പെട്ടത്. എന്നാൽ 23 മരങ്ങൾക്കു പകരം 15 മരങ്ങൾ മുറിച്ചു മാറ്റാനാണ് കേരള വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകിയത്. മരങ്ങൾ മുറിച്ചുമാറ്റിയാൽ അത് പെരിയാർ വൈൽഡ് ലൈഫ് സാങ്ച്വറി വിട്ട് പുറത്തേക്ക് കൊണ്ടുപോകരുതെന്ന നിർദ്ദേശവും ഉത്തരവിലുണ്ട്. ഏതൊക്കെ മരങ്ങളാണ് മുറിച്ചു മാറ്റേണ്ടതെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്. മൂന്നു മീറ്റർ മുതൽ ഏഴു മീറ്റർ വരെ ഉയരമുള്ള 15 മരങ്ങളുടെ പേരുകൾ ഉൾപ്പെടെ രേഖപ്പെടുത്തിയ ഉത്തരവാണ് ആറാം തിയതി പുറത്തിറങ്ങിയത്.
രണ്ട് ഉദ്യോഗസ്ഥരുടെ ഒപ്പാണ് ഉത്തരവിലുള്ളത്. പെരിയാർ ടൈഗർ റിസർവിന്റെ ഡെപ്യൂട്ടി ഡയറക്ടർ എ.പി. സുനിൽബാബു ഐ.എഫ്.എസ്., ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററായ ബെന്നിച്ചൻ തോമസ് ഐ.എഫ്.എസ്. എന്നിവരുടെ ഒപ്പാണ് ഉത്തരവിലുള്ളത്. ഉത്തരവ് പുറത്തിറങ്ങിയ അതേദിവസം തന്നെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചത്. ഇത് പിന്നീട് വാർത്തയാവുകയായിരുന്നു.
അതേസമയം മുല്ലപ്പെരിയാർ ബേബി ഡാമിനരികിലെ മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ ഉന്നതതല യോഗത്തിന്റെ മിനുട്സ് വനംമന്ത്രിക്ക് കൈമാറിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് വിളിച്ച യോഗത്തിലെ തീരുമാനപ്രകാരമാണ് അനുമതി നൽകിയത്. വനംവന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയും പങ്കെടുത്തിരുന്നു. എന്നാൽ, യോഗത്തെക്കുറിച്ചോ തീരുമാനങ്ങളെക്കുറിച്ചോ മന്ത്രിയുടെ ഓഫീസിന് വിവരം കൈമാറിയിരുന്നില്ലെന്നാണ് സർക്കാർ വാദം.
സംഭവം വിവാദമായി മന്ത്രി വിശദീകരണം തേടിയപ്പോൾ നൽകിയ റിപ്പോർട്ടിലും മിനുട്സ് ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് അഡീഷണൽ ചീഫ് സെക്രട്ടറിമാർ പങ്കെടുത്ത യോഗത്തിന് മിനുട്സ് ഇല്ലാതിരിക്കാൻ സാധ്യതയില്ല. നിർണായക തീരുമാനം ഈ യോഗത്തിലാണോ ഉണ്ടായതെന്ന് മിനുട്സിലൂടെ മാത്രമേ വ്യക്തമാകൂ. ബേബി ഡാം ശക്തിപ്പെടുത്താൻ മരങ്ങൾ മുറിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം സുപ്രീംകോടതി പരിഗണിക്കാനിരിക്കേ നിയമവശങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഫയൽ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന യോഗത്തിലാണ് അനുമതി നൽകാൻ തീരുമാനിച്ചത്. ഉദ്യോഗസ്ഥതലത്തിൽ തീരുമാനമെടുത്താലും മന്ത്രിയെ അറിയിക്കാറുണ്ട്.
അതേസമയം വിഷയം വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബലിയാടാക്കി പ്രശ്നം ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗതീരുമാനപ്രകാരമാണ് മരംമുറി അനുമതി ഉത്തരവ് ഇറക്കിയതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് മന്ത്രി എ.കെ. ശശീന്ദ്രന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മരങ്ങൾ മുറിക്കാൻ അനുമതി നൽകി ഉത്തരവിറക്കിയ വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നടപടിക്രമങ്ങളിൽ ഗുരുതര പിഴവുള്ളതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ