- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലം കാത്തുനിൽക്കാതെ വിടവാങ്ങിയ വിവി പ്രകാശിന് ജയം പ്രവചിച്ച് എക്‌സിറ്റ് പോളുകൾ; പ്രകാശിന്റെ മരണം പികെ ശ്രീനിവാസന് സമാനം; കണ്ണീരണിഞ്ഞ് നിലമ്പൂർ
ഇന്നലെ മരണപ്പെട്ട മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശിന് ഉജ്ജ്വല വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത് വേദനയായി. ഇന്നലെ വൈകുന്നേരം പുറത്തുവന്ന വിവിധ മാധ്യമങ്ങളുടെ എക്‌സിറ്റ് പോൾ ഫലങ്ങളിലാണ് വിവി പ്രകാശിന് അനുകൂലമായ പ്രവചനങ്ങൾ. എല്ലാ ഫലങ്ങളും പത്ത് ശതമാനത്തിന് പുറത്ത് ഭൂരിപക്ഷം പ്രിയനേതാവിന് നൽകുന്നത് കണ്ണീരോടെയാണ് നിലമ്പൂരിലെ യുഡിഎഫ് പ്രവർത്തകർ ശ്രവിച്ചത്.
ജനവിധി കാത്തുനിൽക്കാതെ യാത്രയായ മുന്മന്ത്രി പി.കെ. ശ്രീനിവാസന്റെ വേർപാടിനോട് സമാനമായതാണ് വിവി പ്രകാശിന്റെ മരണവും. 1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്നതിന്റെ തലേന്നാണ് പുനലൂരിലെ ഇടതു മുന്നണി സ്ഥാനാർത്ഥി ശ്രീനിവാസൻ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. അടുത്ത ദിവസം വോട്ടെണ്ണിയപ്പോൾ 6998 വോട്ടിന് കോൺഗ്രസിലെ പുനലൂർ മധുവിനെ ശ്രീനിവാസൻ പരാജയപ്പെടുത്തി.
തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പുത്രൻ പി.എസ്. സുപാൽ തിരഞ്ഞെടുക്കപ്പെട്ടു. 1977 ലും 1980 ലും പുനലൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസൻ 82ൽ പരാജയപ്പെട്ടിരുന്നു. നാലാം മത്സരത്തിലാണ് ഉറ്റവരെയും പ്രവർത്തകരേയും കണ്ണീരിലാക്കിയ വേർപാട്. എന്നാൽ പ്രകാശിനിത് നിയമസഭയിൽ രണ്ടാം അങ്കമായിരുന്നു. 2011 ൽ തവനൂരിൽ കെ.ടി ജലീലിനെതിരെയായിരുന്നു ആദ്യമൽസരം. ജന്മനാട്ടിൽ മൽസരിക്കാൻ ആഗ്രഹിച്ചിരുന്ന പ്രകാശിന് ഒടുവിൽ അതിന് അവസരം ലഭിച്ചപ്പോൾ അർഹമായ വിജയം ഏ്റ്റുവാങ്ങാൻ വിധി അദ്ദേഹത്തെ അനുവദിച്ചില്ല.
2011 ലെ തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപ് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ബി.കെ. ശേഖറിന്റെ വേർപാടും രാഷ്ട്രീയ കേരളത്തെ നടുക്കിയതാണ്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ശേഖർ വോട്ടെടുപ്പിന് ഒരാഴ്ചയ്ക്കു ശേഷമാണ് മരണമടഞ്ഞത്. വോട്ടെണ്ണിയപ്പോൾ വി എസ്. ശിവകുമാറിനും വി. സുരേന്ദ്രൻപിള്ളയ്ക്കും പിറകിൽ മൂന്നാമതായാണു ശേഖർ എത്തിയത്.
പ്രകാശാണ് ജയിക്കുന്നതെങ്കിൽ അടുത്ത നിയമസഭാകാലത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ് നിലമ്പൂരിൽ വേണ്ടിവരും.
മറുനാടന് മലയാളി ബ്യൂറോ