- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്ക് തീവെട്ടിക്കൊള്ളയെന്ന് ബിജെപി നേതാവ്; വെളിയിൽ 180 രൂപയ്ക്ക് ചെയ്യുന്ന ടെസ്റ്റുകൾക്ക് ആശുപത്രിയിൽ 400 രൂപ; സ്കാനിങിനും നിരക്ക് കൂടുതലെന്ന്; പുറത്തുള്ള ലാബുകൾ നിരക്ക് കുറച്ചത് അറിഞ്ഞില്ലെന്ന് ആശുപത്രി അധികൃതരുടെ ന്യായീകരണം
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട സർക്കാർ ആതുരാലയത്തിൽ ലാബ് ടെസ്റ്റുകൾക്കും സ്‌കാനിങിന്റെയും പേരിൽ തീവെട്ടിക്കൊള്ളയെന്ന് പരാതി. ബിജെപി നേതാവ് സൂരജ് ഇലന്തൂർ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. പുറത്തെ ലാബുകളിൽ 180 രൂപയ്ക്ക് ചെയ്യുന്ന ടെസ്റ്റിന് ജനറൽ ആശുപത്രിയിൽ 400 രൂപ ഈടാക്കിയെന്നാണ് പരാതി.
സൂരജിന്റെ പരാതി ന്യായമാണെന്ന് ആശുപത്രിയിലെ ആർഎംഓ ഡോ. ആശിഷ് മോഹൻകുമാർ പ്രതികരിച്ചു. നാലു വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ് ഇപ്പോഴുള്ളത്. അന്ന് സ്വകാര്യ ലാബുകളിൽ ഉണ്ടായിരുന്ന നിരക്കിന്റെ പകുതിയാണ് ഇവിടെ ഈടാക്കിയിരുന്നത്. ഇപ്പോൾ സ്വകാര്യ ലാബുകൾ നിരക്ക് കുത്തനേ കുറച്ചു. ആ വിവരം തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും നിരക്ക് കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
പത്തനംതിട്ട നഗരത്തിലെ സർക്കാർ ജനറൽ ആശുപത്രിയിൽ നടക്കുന്ന ഒരു തീവെട്ടിക്കൊള്ള തെളിവ് സഹിതം പറയുന്നു...
എന്റെ ഒരു സുഹൃത്ത് ഇന്നലെ (03/03/2022)പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടുകയുണ്ടായി. കുറച്ചുനാളുകളായി കഫക്കെട്ടും ചുമയും കാരണം വല്ലാത്ത ബുദ്ധിമുട്ട്, അങ്ങനെയാണ് ഇഎൻടി യെ കാണാൻ തീരുമാനിച്ചത്. ഹോസ്പിറ്റലിൽ എത്തി ചീട്ടെടുത്തു ഡോക്ടറെ കണ്ടു. ഡോക്ടർ CBC , AEC എന്ന് രണ്ട് ബ്ലഡ് ടെസ്റ്റും PNS CT സ്‌കാനിങ്ങും ഹോസ്പിറ്റലിൽ ചെയ്യാൻ പറഞ്ഞു.സുഹൃത്ത് അല്പമൊന്നു ഭയന്നെങ്കിലും, പുറത്തുള്ള ലാബിലേക്കല്ലല്ലോ ഹോസ്പിറ്റലിലെ ലാബും സ്‌കാൻ സെന്ററും അല്ലെ ഏതായാലും ഒരുപാടു പണമൊന്നും ആകില്ലല്ലോ എന്ന് ആശ്വസിച്ചു..
CBC, AEC ടെസ്റ്റിന് 400 രൂപയും,CT സ്‌കാനിനായി 1790 രൂപയും ആശുപത്രി ഈടാക്കി. പുറത്തുള്ള പ്രശസ്തമായ ഒരു ലാബോറട്ടറിയിൽ വിളിച്ച് ബ്ലഡ് ടെസ്റ്റിന്റെയും സ്‌കാനിന്റെയും നിരക്ക് തിരക്കാൻ തീരുമാനിച്ചു. ഒരു ലാബിൽ വിളിച്ചപ്പോൾ CBC, AEC ടെസ്റ്റിന് 180 രൂപ മാത്രമേ ഉള്ളുവെന്നു പറഞ്ഞു. ഒന്നു കൂടി ഉറപ്പു വരുത്താനായി വേറെ രണ്ട് ലാബുകളിൽക്കൂടി വിളിച്ചു വിവരം തിരക്കി.180-220 റേഞ്ചിലാണ് ആ ലാബുകാരും പറഞ്ഞത്.
ക്യാഷ് കൗണ്ടറിൽ എത്തി തിരക്കിയപ്പോൾ അവർ പറയുന്നു ഞങ്ങളുടെ ലാബിലെ നിരക്ക് ഇതാണെന്ന്. കുറെ തർക്കിച്ചപ്പോൾ സൂപ്രണ്ടുമായി സംസാരിക്കാൻ അവസരം ലഭിച്ചു. സൂപ്രണ്ടിന്റെ മുറിയിൽ അദ്ദേഹത്തെ കൂടാതെ മൂന്നു ഉദ്യോഗസ്ഥർ കൂടി ഉണ്ടായിരുന്നു. കാര്യം പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥനോട് പരിശോധിക്കാൻ സൂപ്രണ്ട് പറഞ്ഞു. അദ്ദേഹം എന്റെ സുഹൃത്തിനോട് വിവരങ്ങൾ തിരക്കി, പുറത്തെ ലാബിലെക്കാളും ചാർജ് കൂടുതലാണ് ഇവിടെ എന്ന് പറഞ്ഞപ്പോൾ, ഒരിക്കലും അങ്ങനെ സംഭവിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ കൈയിൽ തെളിവുണ്ടെന്നു പറഞ്ഞപ്പോൾ അദ്ദേഹം പുറത്തുള്ള സ്വകാര്യ ലാബിലേക്ക് ഫോൺ ചെയ്യുകയും ചെയ്തു. പറഞ്ഞത് അംഗീകരിക്കുകയും റീഫണ്ട് 200രൂപയും ആശുപത്രി തിരികെ നൽകി. അപ്പോഴും 20 രൂപ കൂടുതലാണ് സർക്കാർ ആശുപത്രിയിൽ
ബഹുമാനപെട്ട ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജിന്റെ ശ്രദ്ധക്ക്..
സാധാരണക്കാരും, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സാധുക്കളുമാണ് കൂടുതലും ഗവണ്മെന്റ് ആശുപത്രികളിൽ വരുന്നത്, എത്രായിരം ആളുകളുടെ കൈയിൽ നിന്ന് ഈ കൊള്ള ഇതിനോടകം നടന്നിട്ടുണ്ടാകണം.. എന്റെ സുഹൃത്ത് ക്രോസ്സ് ചെക്ക് ചെയ്ത് തർക്കിച്ചതുകൊണ്ട് അവന് പണം തിരികെ നൽകി. അതിന് കഴിയാതെ പോയ പതിനായിരക്കണക്കിന് സാധുക്കളോട് ആര് സമാധാനം പറയും? ബഹുമാനപ്പെട്ട ആരോഗ്യമന്ത്രിയുടെ ജില്ലയിലെ, മണ്ഡലത്തിലെ ജില്ലാ ജനറൽ ഹോസ്പിറ്റലിലെ അവസ്ഥ ഇതാണെങ്കിൽ സംസ്ഥാനത്തെ മറ്റു ഗവണ്മെന്റ് ഹോസ്പിറ്റലുകളുടെ അവസ്ഥ എന്തായിരിക്കും?
തീർച്ചയായും താങ്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു കരുതുന്നു ..
ഉചിതമായ നടപടികൾ സ്വീകരിക്കണം Veena George
സൂരജ് ഇലന്തൂർ
ആർഎംഒയുടെ വിശദീകരണം ഇങ്ങനെ:
കോവിഡ് കാലത്ത് പോസിറ്റീവായ രോഗികൾക്കും സമ്പർക്കത്തിൽ വന്നവർക്കും പോസ്റ്റ് കോവിഡ് ചികിൽസയ്ക്ക് എത്തിയവർക്കും രക്തപരിശോധനയും സ്‌കാനിങും അടക്കം എല്ലാം പൂർണമായും സൗജന്യമായിട്ടാണ് നൽകിയിരുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും രോഗികളുടെ എണ്ണം കുറഞ്ഞു. സർക്കാർ ആശുപത്രിയുടെ നിരക്കിന് ആനുപാതികമായ നിരക്ക് കുറയ്ക്കാൻ അവർ തയാറാവുകയായിരുന്നുവെന്ന് ജനറൽ ആശുപത്രി ആർഎംഓ ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു.
പുറത്തുള്ള ലബോറട്ടറികൾ നിരക്ക് കുറച്ച വിവരം ജനറൽ ആശുപത്രി വികസന സമിതി അറിഞ്ഞിരുന്നില്ല. നാലു വർഷം മുൻപ് ആശുപത്രി വികസന സമിതി നിർണയിച്ച നിരക്കാണ് പരിശോധനകൾക്ക് ജനറൽ ആശുപത്രിയിൽ ഈടാക്കി വരുന്നത്. അന്ന് പുറമേയുള്ള ലാബുകളിലെ നിരക്കുകൾ അന്വേഷിച്ച ശേഷം അതിന്റെ പകുതി നിരക്കാണ് ജനറൽ ആശുപത്രി ലാബിൽ നിശ്ചയിച്ചിരുന്നതെന്നും ഡോ. ആശിഷ് പറഞ്ഞു.
നിലവിൽ ആശുപത്രിയിൽ ചികിൽസ തേടുന്ന 80 ശതമാനം രോഗികൾക്കും പരിശോധന സൗജന്യമാണ്. ബിപിഎൽ കാർഡ് ഉടമകൾ, ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർ, ഒന്നു മുതൽ 18 വയസ് വരെയുള്ളവർ, ഗർഭിണികൾ തുടങ്ങി എല്ലാവർക്കും പരിശോധനയ്ക്ക് ഫീസ് നൽകേണ്ടതില്ല. എപിഎൽ വിഭാഗത്തിലുള്ളവർക്ക് മാത്രമാണ് പരിശോധനകൾക്ക് നിരക്ക് നൽകേണ്ടി വരുന്നത് എന്നും ഡോക്ടർ പറഞ്ഞു.
ഇവിടെ സൂരജ് ഇലന്തൂർ ചൂണ്ടിക്കാണിച്ച പരാതി ന്യായമാണ്. അദ്ദേഹം പരാതിയുമായി വന്നപ്പോൾ താനുമായിട്ടാണ് സംസാരിച്ചത്. താൻ തന്നെയാണ് പ്രൈവറ്റ് ലാബിലേക്ക് വിളിച്ച നിരക്ക് ചോദിച്ചത്. അപ്പോഴാണ് സിബിസി, എഇസി എന്നിവ അവർ ഒന്നിച്ചാണ് ചെയ്യുന്നതെന്നും അതിന് 180 രൂപയാണ് നിരക്കെന്നും മനസിലാകുന്നത്. നേരത്തേ ഇവർ ഈ ടെസ്റ്റിന് അറുനൂറു രൂപയോളം ഈടാക്കിയിരുന്നതാണ്. അപ്പോഴാണ് ജനറൽ ആശുപത്രിയിൽ 400 രൂപ വാങ്ങിയിരുന്നത്.
സ്വകാര്യ ലാബുകൾ നിരക്ക് കുറച്ച വിവരം അറിയാതെ വന്നതാണ് ഇങ്ങനെ ഒരു പരാതി വരാൻ ഇടയാക്കിയത്. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലാക്കി നിരക്ക് കുറച്ചു കൊടുക്കുകയും പണം റീഫണ്ട് ചെയ്തു. ഈ ടെസ്റ്റുകൾക്ക് ഈ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് കൗണ്ടറിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി ചേരുന്ന ആശുപത്രി വികസന സമിതി യോഗം ചേർന്ന് നിരക്കിൽ കുറവു വരുത്തുന്ന കാര്യം തീരുമാനിക്കും.
ആശുപത്രിയിൽ സ്ഥിരം ജീവനക്കാർക്കൊപ്പം തന്നെ എണ്ണം താൽക്കാലിക ജീവനക്കാരുമുണ്ട്. അവർക്ക് ശമ്പളവും മറ്റ് ആനുകൂല്യവും നൽകുന്നതിന് വേണ്ടിയാണ് ആശുപത്രി വികസന സമിതി ലാബ് പരിശോധനകൾക്കും സ്‌കാനിങ്ങിനുമൊക്കെ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പുറത്ത് 2.30 ലക്ഷം ചെലവാകുന്ന ആൻജിയോപ്ലാസ്റ്റി ജനറൽ ആശുപത്രിയിൽ 65,000 മുതൽ ഒരു ലക്ഷം രൂപ വരെ ഈടാക്കിയാണ് ചെയ്യുന്നത്. പുതുപുത്തൻ ഐസിയുവിലും രോഗികൾക്ക് ചികിൽസ സൗജന്യമാണ്. മറ്റ് സർക്കാർ ആശുപത്രികളിലൊക്കെ പ്രതിദിനം ഐസിയു ബെഡിന് 200 രൂപ വരെ ഈടാക്കുന്നുണ്ട്. ഇവിടെ അതും ചെയ്യുന്നില്ലെന്നും ഡോ. ആശിഷ് മോഹൻകുമാർ പറഞ്ഞു. ഈ നിരക്ക് വർധന നേരത്തേ ആരെങ്കിലും ചൂണ്ടിക്കാണിച്ചിരുന്നെങ്കിൽ കുറയ്ക്കുമായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.