- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസികൾക്ക് 'ന്യൂ ഇയർ സമ്മാന'വുമായി യുഎഇ; ജോലിയിൽ നിന്നും വിരമിച്ച വിദേശികൾക്ക് അഞ്ചു വർഷത്തേക്ക് റിട്ടയർമെന്റ് വിസ; ദീർഘകാല വിസയിൽ മാതാപിതാക്കളേയും മക്കളേയും സ്പോൺസർ ചെയ്യാനും അനുമതി; തൊഴിൽ വിസയ്ക്കായുള്ള ഡെപ്പോസിറ്റ് കെട്ടിവയ്ക്കണമെന്ന നിബന്ധനയിലും ഇളവ്
അബുദാബി: പ്രവാസികൾക്ക് ആഹ്ലാദിക്കാൻ പുതുവത്സര സമ്മാനവുമായി യുഎഇ. ജോലിയിൽ നിന്നും വിരമിച്ച വിദേശികൾക്ക് അഞ്ചു വർഷത്തേക്ക് റിട്ടയർമെന്റ് വിസയും തൊഴിൽ വിസയ്ക്കായുള്ള ഡെപ്പോസിറ്റ് തുകയിൽ ഇളവുമാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ ജോലി ചെയ്ത് വിരമിച്ച 55 വയസ്സിനു മുകളിലുള്ള വിദേശികൾക്കാണ് ഉപാധികളോടെ അഞ്ചു വർഷത്തെ വീസ നൽകുന്നത്. തുല്യ കാലയളവിലേക്ക് ഇത് പുതുക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
എന്നാൽ ഇത് ലഭിക്കുന്നതിനായി സർക്കാർ ഒരു നിബന്ധന വച്ചിട്ടുണ്ട്. യുഎഇയിൽ 20 ലക്ഷം ദിർഹത്തിന്റെ വസ്തുവോ പത്തു ലക്ഷം ദിർഹത്തിന്റെ ബാങ്കു നിക്ഷേപമോ ഉള്ളവരായിരിക്കണം. മാസത്തിൽ ഇരുപതിനായിരം ദിർഹം സ്ഥിരവരുമാനം ലഭിക്കുന്ന 55 വയസ്സിനു മുകളിൽ പ്രായമുള്ളവരും ദീർഘകാല വീസയ്ക്ക് അർഹരായിരിക്കും. ഈ നിബന്ധന പാലിച്ച് ദീർഘകാല വീസയിൽ യുഎഇയിൽ തങ്ങുന്നവർക്ക് മാതാപിതാക്കളെയും മക്കളെയും സ്പോൺസർ ചെയ്യാനും അനുമതിയുണ്ട്.
നേരത്തെ വൻകിട നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കും പ്രഫഷനലുകൾക്കും ഗവേഷകർക്കും മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്കും പത്തു വർഷത്തെ വീസ നൽകാൻ യുഎഇ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ആഗോള നിക്ഷേപകരെയും പ്രഫഷനലുകളെയും യുഎഇയിലേക്ക് ആകർഷിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണ് റിട്ടയർമെന്റ് വീസയും അവതരിപ്പിച്ചിരിക്കുന്നത്.
തൊഴിൽ വിസ ഡെപ്പോസിറ്റ് ഇനി തലവേദനയല്ല
യുഎഇയിൽ തൊഴിൽ വീസ എടുക്കുന്നതിന് 3000 ദിർഹം ബാങ്ക് ഗാരന്റി (വീസ ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണമെന്ന നിബന്ധനയിൽ ഇളവ്. പകരം വീസ ഫീസിനൊപ്പം 150 ദിർഹത്തിന്റെ ഇൻഷുറൻസ് എടുത്താൽ മതിയാകും. ഈ തുക തിരിച്ചുകിട്ടില്ല. എന്നാൽ ബാങ്ക് ഗാരന്റി അടയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. രണ്ട് മാർഗങ്ങളിൽ ഏതുവേണമെങ്കിലും സ്വീകരിക്കാം. തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉള്ളതിനാലും സാമ്പത്തിക ഭാരം കുറയുമെന്നതിനാലും ഇൻഷുറൻസ് എടുക്കാനാണ് കമ്പനികൾ താൽപര്യപ്പെടുന്നത്. നേരത്തെ പുതുതായി തൊഴിൽ വീസയ്ക്ക് അപേക്ഷിക്കുമ്പോഴാണ് സ്ഥാപന ഉടമ ബാങ്ക് ഗാരന്റി കെട്ടിവച്ചിരുന്നത്.
തൊഴിലാളിയുടെ വീസ റദ്ദാക്കുമ്പോൾ ഈ തുക കമ്പനിക്ക് തിരിച്ചു നൽകുകയോ പുതിയ തൊഴിൽ വീസയെടുക്കുമ്പോൾ ഗാരന്റി തുക അതിലേക്കു മാറ്റുകയോ ആയിരുന്നു പതിവ്. ഗ്രേഡ് അനുസരിച്ച് വൻകിട കമ്പനികൾക്ക് നിശ്ചിത തുകയായിരുന്നു ബാങ്ക് ഗാരന്റി. ഏതെങ്കിലും കാരണവശാൽ മുന്നറിയിപ്പില്ലാതെ കമ്പനി പൂട്ടുകയോ ഉടമ മുങ്ങുകയോ ചെയ്താൽ തൊഴിലാളികളുടെ കുടിശികയും ആനുകൂല്യവും നൽകാനാണ് ബാങ്ക് ഗാരന്റി വിനിയോഗിച്ചിരുന്നത്.കമ്പനിയിലെ പാർട്ണർമാർക്ക് വീസ എടുക്കുമ്പോൾ 10,000 ദിർഹം നിക്ഷേപിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ പാർട്ണർമാരുടെ ഭാര്യ, മക്കൾ എന്നിവർക്ക് യുഎഇ താമസ വീസ എടുക്കണമെങ്കിൽ ഓരോരുത്തർക്കും 3000 ദിർഹം വീതം കെട്ടിവയ്ക്കേണ്ടിവരും.
കമ്പനി പൂട്ടുകയോ തൊഴിലുടമ ഒളിച്ചോടുകയോ മറ്റോ ചെയ്താൽ ശമ്പള കുടിശിക, സേവനാനന്തര ആനുകൂല്യം, അവധിക്കാല അലവൻസ്, ഓവർടൈം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവ ഇൻഷുറൻസ് കമ്പനി നൽകും. ജോലി സ്ഥലത്തുണ്ടാകുന്ന അപകടത്തിന് ചികിത്സാ സഹായം ഉൾപ്പെടെ 20,000 ദിർഹത്തിന്റെ പരിരക്ഷയാണ് തൊഴിലാളിക്ക് ലഭിക്കുക.നിലവിലുള്ള ജീവനക്കാരുടെ വീസ പുതുക്കുന്ന സമയത്ത് ഇൻഷുറൻസ് തുക അടച്ചാൽ നേരത്തെ കെട്ടിവച്ച ബാങ്ക് ഗാരന്റി വീണ്ടെടുക്കാം.