- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഇസ്ലാമിക രാജ്യങ്ങൾ പോലും അറച്ചു നിന്നപ്പോൾ സിറിയൻ അഭയാർഥികളെ സ്വീകരിച്ച് പൗരത്വം നൽകിയത് സ്വീഡൻ; കുടിയേറ്റം വർധിച്ചതോടെ അക്രമങ്ങളും വർധിച്ചു; ഒടുവിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വവർഗരതിക്ക് വിധേയമാക്കിയതും വൻ പ്രകോപനം; ഖുർആൻ കത്തിച്ച് തീവ്രവലതുപക്ഷ സംഘടനകളുടെ പ്രതികരണം; അള്ളാഹു അക്ബർ വിളികളുമായി നഗരം കത്തിച്ച് ഇസ്ലാമിസ്റ്റുകളും; ദൈവരഹിത സമൂഹത്തിൽ നിന്ന് സ്കാൻഡനേവിയ നീങ്ങുന്നത് നവ വംശീയവാദത്തിലേക്കോ? ഭൂമിയിലെ സ്വർഗത്തെ മതമൗലികവാദം നരകമാക്കുമ്പോൾ
'സ്വർഗം എന്നത് ഒരു മതപരമായ സങ്കൽപ്പമാണ്. പക്ഷേ വികസനം, തുല്യത, സന്തോഷം, സമാധാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെന്ന് പറയാമെങ്കിൽ അത് സ്കാൻഡനേവിയൻ രാജ്യങ്ങൾ ആയിരിക്കും.'- ലോക പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ: ഫിൽ സുക്കർമാൻ ഒരിക്കൽ എഴുതിയത് അങ്ങനെയാണ്. ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ ലോകരാജ്യങ്ങളിലെ സാമൂഹിക ജീവിതഘടനകളെ ആധാരമാക്കി പ്രസിദ്ധീകരിച്ചുവരുന്ന വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലും
തുടർച്ചയായി മുന്നിലെത്തുന്നത് ഡെന്മാർക്ക്, സ്വീഡൻ, നോർവേ എന്നീ
മൂന്നു സ്കാൻഡനേവിയൻ രാജ്യങ്ങളായിരുന്നു. അവയോട് ചേർന്ന് തണുത്തുറഞ്ഞുകിടക്കുന്ന ഫിൻലൻഡ്, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും സമാനമായ അവസ്ഥയായിരുന്നു.
ഇവിടങ്ങളിലെ ജയിലുകൾ പോലും ഉല്ലാസകേന്ദ്രങ്ങൾ ആണെന്ന് സംശയിച്ചുപോകുമെന്നാണ് ന്യൂയോർക്ക് ടൈംസ് ഒരിക്കൽ എഴുതിയത്. സംഗീതവും നൃത്തവും നിറയുന്ന, സ്വീഡനിലെയും ഡെന്മാർക്കിലെയും ജയിലുകൾ അമേരിക്കൻ മാധ്യമ പ്രവർത്തകർക്കൊക്കെ വലിയ അത്ഭുദമായിരുന്നു. എന്നിട്ടും പലയിടത്തും ജയിലുകൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. ജയിലുകൾ മാത്രമല്ല. ആരാധനാലയങ്ങളും ഇവിടെ ആളില്ലാത്തതിനാൻ അടുഞ്ഞുകിടക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്ക് രേഖപ്പെടുത്തുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു സ്കാൻഡനേവിയൻ രാജ്യങ്ങൾ അടുത്തകാലംവരെ. അതുകൊണ്ടുതന്നെയാണ് ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അത് സ്കാൻഡനേവിയിൽ രാജ്യങ്ങളാണെന്ന് വിലയിരുത്തലുകൾ പൊതുവെ ഉണ്ടായിരുന്നത്.
എന്നാൽ ഈ സ്വർഗത്തിൽ ഇപ്പോൾ ചിലർ നഞ്ഞുകലുക്കുകയാണ്. ഇസ്ലാമിക മൗലികവാദ ഗ്രൂപ്പുകളും, ക്രിസ്ത്യൻ മൗലികവാദത്തിന് മേൽക്കയുള്ള തീവ്രവലതുപക്ഷവും സ്കാൻഡനേവിയൻ രാജ്യങ്ങളുടെ ജീവിതം നരകതുല്യമാക്കുകയാണിപ്പോൾ. കഴിഞ്ഞ വെള്ളിയാഴ്ച അള്ളാഹു അക്ബർ വിളിച്ചുകൊണ്ട് നൂറുകണക്കിന് ഇസ്ലാമിസ്റ്റുകളാണ് സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ക് ഹോമിന് അടുത്തുള്ള മാൽമോ പട്ടണത്തിൽ അക്രമം നടത്തിയത്. അവർ ടയറുകൾ കൂട്ടിയിട്ട് കത്തിക്കുകയും കടകൾ തല്ലിത്തകർക്കകയും പൊലീസിന് നേരെ കല്ലെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഇതിന് കാരണമായതാവട്ടെ ഖുർആൻ കത്തിച്ചുകൊണ്ട് തീവ്ര വലതുപക്ഷ സംഘനയായ ഹാർഡ് ലൈൻ നടത്തിയ പ്രകോപനമാണ്.
ഇതോടെ നോർവേയിലും ഡെന്മാർക്കിലും ഇസ്ലാം അനുകൂലികൾ തെരുവിലിറങ്ങി. അവരെ എതിർക്കുന്ന വലതുപക്ഷവും തെരുവിലിറങ്ങി. നോർവേയിൽ ഇന്നലെ നൂറുകണക്കിന്
ആളുകൾ പങ്കെടുത്ത ആന്റി ഇസ്ലാം റാലി നടന്നു. യൂറോപ്പിനെ ഇസ്ലാമികവൽക്കരിക്കാൻ അനുവദിക്കില്ല എന്നാണ് അവർ ഉയർത്തുന്ന വാദം. ശകതമായ കുടിയേറ്റ വിരുദ്ധത പ്രചരിപ്പിക്കുന്ന തീവ്ര വലതുപക്ഷത്തിന് വീണുകിട്ടിയ ആയുധമായി മാൽമോ തീവെപ്പ്. കുടിയേറ്റക്കാരോട് എക്കാലവും മൃദു സമീപനം സ്വീകരിച്ച രാജ്യമായിരുന്നു സ്വീഡൻ. ഇപ്പോൾ രാജ്യത്ത് അക്രമം അഴിച്ചുവിടുന്നവർ സിറിയയിൽനിന്നും മറ്റും കുടിയേറി മുസ്ലീങ്ങളാണ്. പാലുകൊടുത്ത കൈക്കുതന്നെ അവർ കൊത്തി എന്ന മോഡലിൽ ലോകമാകെ ഇസ്ലാമോഫോബിയ അഴിച്ചുവിടാൻ വലതുപക്ഷത്തിന് ഇതുകൊണ്ട് കഴിഞ്ഞു.
അതേസമയം ഖുർആൻ കത്തിച്ചത് കണ്ടുനിൽക്കാൻ കഴിയുമോ, പ്രതികരണം സ്വാഭാവികമല്ലേ എന്നാണ് ഇസ്ലാമിസ്റ്റുകൾ ചോദിക്കുന്നത്. സ്വീഡിഷ് ജനതയിൽ വളരെ കുറച്ചുമാത്രമുള്ള ഇത്തരം വംശീയവാദികൾക്കെതിരെ സർക്കാർ അതിശക്തമായ നടപടിയാണ് എടുത്തത്. സർക്കാർ നടപടിയെടുത്തിട്ടും പിന്നെന്തിനാണ് തക്ബീർ മുഴക്കി നഗരം കത്തിക്കുന്നത് എന്നാണ് നിഷ്പക്ഷരായ ആളുകൾ ചോദിക്കുന്നത്. മാത്രമല്ല അഭയാർഥികളായി എത്തിയ സിറിയൻ മുസ്ലീങ്ങളെ ഇസ്ലാമിക രാജ്യങ്ങൾപോലും തയ്യാറല്ലാത്ത സമയത്ത് ഇരു കൈയും നീട്ടി സ്വീകരിക്കുകയും എഴുപതിനായിരത്തോളം പേർക്ക് പൗരത്വം കൊടുക്കയും ചെയ്ത രാഷ്ട്രമാണ് സ്വീഡൻ. ഈ രാജ്യം ഒരു വിവേചനവും അവർക്കെതിരെ കാണിച്ചിട്ടില്ല. പിന്നെന്തിനായിരുന്നു രാജ്യത്തിനെതിരെയുള്ള ഈ കലാപം എന്നായിരുന്നു, സ്വീഡനിലെ സ്വതന്ത്ര ചിന്തകർ ചോദിക്കുന്നത്.
'ദൈവരഹിത സമൂഹങ്ങൾ' എന്നാണ് പൊതുവെ സ്കാൻഡനേവിയൻ രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത്. പക്ഷേ ഇപ്പോൾ ഇരുകൂട്ടരും ആരാധനാലയങ്ങൾ മൽസരിച്ച് തുറക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ദൈവരഹിത സമൂഹത്തിൽ നിന്ന് സ്കാഡനേവിയ നവ വംശീയവാദത്തിലേക്ക് നീങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുന്നത്. മതം കലർന്നയോടെ ഭൂമിയിലെ സ്വർഗം നരകമാവുകയാണ്. ഇത് സ്കാൻഡനേവിയയിലെ മാത്രം പ്രശ്നമല്ല. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലും ആസ്ത്രേലയയിലും ന്യൂസിലൻഡിലും ഒക്കെ വംശീയവാദ സംഘടനകൾ വേരു പിടിക്കയാണ്. കഴിഞ്ഞ വർഷം ഉണ്ടായ ന്യൂസിലൻഡ് വെടിവെപ്പ് ഓർത്തുനോക്കുക. ജർമ്മനിയിൽ ആൾട്ടർനെറ്റീവ് ഓഫ് ജർമ്മനി, സ്പെയിനിൽ വോക്സ് എന്നിവ കുടിയേറ്റ വിരുദ്ധത ഉയർത്തുന്ന സംഘടനകളാണ്. അതേ വഴിയിലാണ് സ്വീഡനും എന്ന് പറയാം.
സ്വീഡനിൽ സംഭവിക്കുന്നത്
ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്വീഡനിലെ മാൽമോ എന്ന പട്ടണത്തിലുണ്ടായ കലാപം ഏറെ വാർത്ത പ്രധാന്യം നേടിയിരുന്നു. 300 ഓളം പേർ തെരുവിൽ സംഘടിച്ച് പൊലീസിനെതിരെയും തീവ്ര വലതുപക്ഷക്കാർക്കെതിരെയും പ്രതിഷേധം നടത്തുകയും പിന്നീട് ഇത് ആക്രമസക്തമാകുന്ന കാഴ്ചയാണ് ഉണ്ടായത്. അക്രമം നടത്തിയവർ പൊലീസിനെതിരെ കല്ലുകൾ എറിയുകയും, ടയറുകൾ റോഡിൽ കൂട്ടിയിട്ട് കത്തിക്കുകയും ഒക്കെ ചെയ്തു എന്നാണ് എഎഫ്പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.
വിവിധ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം ഹാർഡ് ലൈൻ എന്ന അതിതീവ്ര വലതുപക്ഷ രാഷ്ട്രീയ സംഘടനയുടെ പ്രവർത്തകർ ഇസ്ലാമിന്റെ വിശുദ്ധ ഗ്രന്ഥം ഖുറാൻ കത്തിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ഇത്. ഈ സംഘടനയുടെ നേതാവ് റാസ്മസ് പല്വേദൻ പങ്കെടുക്കുന്ന റാലി മൽമോയിൽ നടക്കേണ്ടിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകും എന്നതിനാൽ ഈ റാലിക്ക് അധികൃതർ അനുമതി നിഷേധിച്ചു. 'നോർഡിക് രാജ്യങ്ങളിലെ ഇസ്ലാമിക വത്കരണം 'എന്നതായിരുന്നു സമ്മേളനത്തിന്റെ വിഷയം തന്നെ. ഈ സമ്മേളനത്തിൽ ഖുറാൻ കത്തിക്കാൻ പദ്ധതികൾ ഉണ്ടായിരുന്നു എന്നതരത്തിൽ പ്രചരണവും നടന്നിരുന്നു. ഇത് അഫ്ടോൺബ്ലഡറ്റ് എന്ന സ്വീഡിഷ് പത്രം റിപ്പോർട്ട് ചെയ്തു. ഡാനീഷുകാരനായ റാസ്മസ് പല്വേദനിനെ മൽമോയിലെ യോഗത്തിലേക്ക് ക്ഷണിച്ചത് ഡാൻ പാർക്ക് എന്ന വ്യക്തിയാണ്. ഒരു കലാകാരനാണ് എന്ന് അവകാശപ്പെടുന്ന ഇയാൾ ഒരു നിയമലംഘകനാണ് എന്നാണ് സ്വീഡിഷ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇയാൾക്കെതിരെ നേരത്തെയും പ്രകോപനം നടത്തിയതിന് കേസുകൾ ഉണ്ട്.
വിഷം ചീറ്റി റാസ്മസ് പല്വേദൻ
നിരന്തരം വംശീയ വിഷം ചീറ്റി സ്കാൻഡനേവിയയുടെ രാഷ്ട്രീയം കലുഷിതമാക്കുന്ന റാസ്മസ് പല്വേദൻ ഡെന്മാർക്കിൽ നിന്നുള്ള രാഷ്ട്രീയക്കാരനാണ്. വക്കീൽ കൂടിയായ ഇയാളാണ് അതിതീവ്ര വലതുപക്ഷ പാർട്ടിയായ ഹാർഡ് ലൈൻ 2017 ൽ സ്ഥാപിച്ചത്. തുടർച്ചയായി യൂട്യൂബ് വഴി മുസ്ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ വീഡിയോകളിലൂടെയാണ് ഇയാൾ പ്രശസ്തനായത്. ഖുറാൻ കത്തിക്കുന്നത് പോലുള്ള പ്രവർത്തനങ്ങൾ മുൻപും ഇയാൾ നടത്തിയിട്ടുണ്ട്. ഇത് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ ഭാഗമാണ് എന്നായിരുന്നു റാസ്മസ് പല്വേദന്റെ വാദം.
ജൂൺമാസത്തിൽ റാസ്മസ് പല്വേദന്റെ പേരിൽ വിവിധ വീഡിയോകൾ വഴി വിദ്വോഷം പ്രചരിപ്പിച്ചതിന് കുറ്റം കണ്ടെത്തി. ഇയാളുടെ സംഘടനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും സമാനമായ നിയമനടപടി നേരിടുന്നുണ്ട്. ഇതിനെ തുടർന്ന് ഇയാൾക്ക് മൂന്ന് മാസത്തെ ജയിൽ വാസം ലഭിച്ചു. 2019 ൽ തന്നെ വക്കീലായ ഇയാളെ പ്രാക്ടീസ് നടത്തുന്നതിൽ നിന്നും വിലക്കിയിരുന്നു. മുൻപ് ഇയാൾക്ക് വംശീയ പ്രസംഗം നടത്തിയതിന് 14 ദിവസം തടവ് ലഭിച്ചിരുന്നു. ജൂൺ മാസത്തിൽ ഇയാൾക്ക് വംശീയ വിരോധം ജനിപ്പിക്കുന്ന പ്രസംഗം അടക്കം 14 കുറ്റങ്ങൾക്കാണ് മൂന്നുമാസത്തെ തടവ് ലഭിച്ചത്.
കഴിഞ്ഞ ഡാനീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ഇയാൾ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇയാൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ മുദ്രവാക്യങ്ങൾ തന്നെ ഇയാളുടെ നയം വ്യക്തമാക്കുന്നതായിരുന്നു. ഡെന്മാർക്കിൽ നിന്നും 3 ലക്ഷം മുസ്ലീങ്ങളെ നാടുകടത്തും, ഇസ്ലാം ഡെന്മാർക്കിൽ നിരോധിക്കും തുടങ്ങിയതായിരുന്നു ഇയാളുടെ പ്രസ്താവനകൾ.വെള്ളിയാഴ്ച മൽമോയിലെ റാലിയിൽ പങ്കെടുക്കാൻ എത്തിയ ഇയാളെ സ്വീഡൻ അറസ്റ്റ് ചെയ്തു. പിന്നാലെ ഇയാൾക്ക് സ്വീഡിഷ് സർക്കാർ രണ്ട് കൊല്ലത്തേക്ക് സ്വീഡനിൽ പ്രവേശിക്കുന്നതിൽ വിലക്കും ഏർപ്പെടുത്തി.
ലോകത്തിലെ ഏറ്റവും സുരക്ഷിത കുടിയേറ്റ സൗഹൃദ രാഷ്ട്രം
ബ്രൂക്കിങ് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം അഭയാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ മൂന്നാമത്തെ രാജ്യമാണ് സ്വീഡൻ. കാനഡയും ഓസ്ട്രേലിയയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 2013, 2014 കാലത്ത് സ്വീഡൻ അവിടെ അഭയാർത്ഥികളായി എത്തിയ മുഴുവൻ സിറിയക്കാർക്കും റെസിഡന്റ് പെർമിറ്റ് നൽകി. സിറിയൻ ആഭ്യന്തര യുദ്ധം ശക്തമായ ശേഷം 70,000 സിറിയക്കാർ സ്വീഡനിൽ എത്തിയെന്നാണ് കണക്ക്.2015ലെ റിപ്പോർട്ട് പ്രകാരം സ്വീഡന് അഭയം നേടിയുള്ള 1,6200 അപേക്ഷകളാണ് സിറിയയിൽ നിന്നും ലഭിച്ചത്. ഇതിന് പുറമേ അഫ്ഗാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഭയം തേടിയെത്തിയ മുസ്ലീങ്ങളെ ഈ രാജ്യം സ്വീകരിച്ചു. നോക്കണം, ഇരുപതുപേർക്ക് കയറാവുന്ന ബോട്ടിൽ ഇരുനൂറുപേർ കയറി അത് മുങ്ങി സ്ത്രീകളും കുട്ടികളും മരിക്കുന്ന കാലത്തും സൗദിഅറേബ്യയും തുർക്കിയും ഖത്തറും അടക്കമുള്ള ഒറ്റ ഇസ്ലാമിക രാജ്യങ്ങളും സിറിയൻ മുസ്ലീങ്ങൾക്ക് അഭയം നൽകിയിട്ടില്ല. പക്ഷേ ആ വിശാല മനസ്ക്കതക്ക് സ്വീഡൻ വിലയാണ് കൊടുക്കേണ്ടി വന്നത്.
കുടിയേറ്റം വർധിച്ചയോടെ രാജ്യത്ത് കുറ്റകൃത്യങ്ങളും മതകാലുഷ്യങ്ങളും വർധിച്ചു. അതോടെ കുടിയേറ്റ വിരുദ്ധരായ ക്രിസ്ത്യൻ മതമൗലികവാദികൾക്കും രാജ്യത്ത് പിന്തുണ വർധിച്ചു.
നിയോ നാസി ആശയങ്ങൾ പേറുന്ന സ്വീഡിഷ് പാർലമെന്റിലെ ഏറ്റവും വലിയ മൂന്നാംകക്ഷിയാണ് സ്വീഡൻ ഡെമോക്രാറ്റ്സ്. ഇവർ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം തന്നെ കുടിയേറ്റ് വിരുദ്ധ സമീപനത്തിൽ നിന്നാണ്. അഭയാർത്ഥികളുടെ വരവ് രാജ്യത്ത് കുറ്റകൃത്യങ്ങൾ ഉയരാൻ കാരണമായി, ലോകത്തിന് തന്നെ മാതൃകയായ സ്വീഡന്റെ സാമൂഹ്യ സുരക്ഷ പദ്ധതികളെ ബാധിച്ചു തുടങ്ങിയ പ്രചാരണങ്ങൾക്ക് ജനങ്ങൾക്കിടയിൽ സ്വധീനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട് എന്നതാണ് സ്വീഡൻ ഡെമോക്രാറ്റ്സ് പോലുള്ള പാർട്ടികളുടെ വളർച്ച വ്യക്തമാക്കുന്നത്.
ന്യൂയോർക്ക് ടൈംസിൽ അടുത്തിടെ വന്ന റിപ്പോർട്ട് പ്രകാരം കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക മോഡലിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ലോകത്തിലെ ഏറ്റവും കൂടിയ നികുതി നിരക്കുള്ള രാജ്യങ്ങളിൽ ഒന്നാണ് സ്വീഡൻ, എല്ലാവരും ജോലി ചെയ്യുന്നു എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. എന്നാൽ കുടിയേറ്റക്കാർ വർദ്ധിക്കുമ്പോൾ, ഇവരിൽ പലരും വിദഗ്ദ്ധ തൊഴിലാളികളോ, കാര്യമായ വിദ്യാഭ്യാസം ഉള്ളവരോ അല്ല എന്ന പ്രശ്നമുണ്ട്. അതിനാൽ ഇത്തരക്കാരുടെ ക്ഷേമം സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാകുന്നു. ഇത് സ്വീഡനിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
2018 ലെ കണക്ക് പ്രകാരം സ്വീഡനിലെ തൊഴിൽ ഇല്ലായ്മ നിരക്ക് 3.8 ശതമാനമാണ്. എന്നാൽ കുടിയേറി വന്ന് സ്വീഡൻ പൗരന്മാരായവരിൽ ഇത് 15 ശതമാനമാണ്. ' ഇത്തരം കണക്കുകൾ വച്ചാണ് സ്വീഡൻ ഡെമോക്രാറ്റ്സ് പോലുള്ള വലതുപക്ഷ സംഘടനകൾ ജനങ്ങൾക്കിടയിൽ പ്രചരണം നടത്തുന്നത്, കുടിയേറ്റം സ്വീഡന്റെ സാമ്പത്തിക നിലയിൽ പ്രശ്നം ഉണ്ടാക്കുന്നു എന്ന വാദം അവർശക്തമാക്കുന്നു' -ന്യൂയോർക്ക് ടൈംസിലെ റിപ്പോർട്ട് പറയുന്നു.
കുട്ടികളെ സ്വവർഗരതിക്ക് വിധേയമാക്കിയത് വൻ പ്രകോപനമായി
സിറിയൻ കുടിയേറ്റക്കാർ പ്രതികൾ ആകുന്ന അക്രമങ്ങളെക്കുറിച്ച് ഇടക്കിടെ വാർത്തകൾ വരാറുണ്ടായിരുന്നെങ്കിലും ഖുർആൻ കത്തിക്കൽ അടക്കമുള്ള വലിയ പ്രക്ഷോഭമായി വളർന്നതിന് പിന്നിൽ മയക്കുമരുന്നിന് അടിമകളായ ചില കുടിയേറ്റക്കാർ സ്വഡീനിലെ രണ്ട് ആൺകുട്ടികളെ സ്വവർഗ്ഗരതിക്ക് വിധേയമാക്കിയതാണ്.
രണ്ട് ആൺകുട്ടികളെ 10 മണിക്കൂർ ബലാത്സംഗം ചെയ്തു ജീവനോടെ കുഴിച്ചിട്ടാൻ ശ്രമിച്ചത്
കഴിഞ്ഞ ആഴ്ചയിൽ രാജ്യത്ത് വൻ വിവാദമായിരുന്നു. തലസ്ഥാനമായ സ്റ്റോക്ക്ഹോമിനടുത്തുള്ള സോൾനയിലാണ് സംഭവം. 21 വയസുകാരനും 18 വയസുള്ള സുഹൃത്തും അടങ്ങുന്ന രണ്ടംഗ കുടിയേറ്റക്കാരാണ് ഈ ക്രൂരതക്ക് പിന്നിൽ. ലഹരിക്ക് അടിമകളായ ഇവർ കുട്ടികളെ ബലമായി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. അവിവെച്ച് ബലാത്സംഗം ചെയ്തുവെന്ന് ബ്ലിറ്റ്സ് ഉദ്ധരിച്ച സ്വീഡിഷ് പത്രമായ അഫ്റ്റൺബ്ലാഡെറ്റ് എഴുതുന്നു. 15 വയസ്സിന് താഴെയുള്ളവരാണ് ഈ കുട്ടികൾ. ബലാത്സംഗത്തിന് ശേഷം പൂർണ്ണ നഗ്നരാക്കി
ജീവനോടെ കുഴിച്ചിടാനും ഇവർ ശ്രമിച്ചു. ഒരു വഴിയാത്രക്കാരൻ നിലവിളികേട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്തതാണ് കുട്ടികളുടെ ജീവൻ രക്ഷിച്ചത്.
''കുറ്റവാളികളിൽ ഒരാൾ ഇറാനിൽ ജനിച്ച 21 കാരനാണ്. 2009 ൽ കുട്ടിക്കാലത്ത് സ്വീഡനിൽ എത്തി. പിന്നീട് പൗരത്വം കിട്ടിയതാണ്. അതിനുശേഷം സ്വീഡനിൽ ഒന്നിലധികം കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടു,'' സ്വീഡിഷ് പൊലീസിന്റെ പ്രസ്താവന ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ സ്റ്റോക്ക്ഹോമിന് കിഴക്ക് വെർമോദിലെ ഗുസ്താവ്സ്ബെർഗിൽ പാർക്ക് ചെയ്തിരുന്ന സ്പോർട്സ് കാറുകൾക്ക് തീയിട്ടതിന്ഇയാൾ ഒന്നര വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. മോഷണം, അനധികൃതമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങൾക്കും പ്രതി ശിക്ഷിക്കപ്പെട്ടു. ടുണീഷ്യൻ മുസ്ലിം കുടിയേറ്റക്കാരുടെ മകനാണ് പടിക്കപ്പെട്ട 18കാരൻ. ഇയാളും ഒരു സ്ഥിരം കുറ്റവാളിയാണെന്നാണ് പൊലീസ് പറയുന്നത്. ഇരകളായ രണ്ട് യുവാക്കൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തട്ടിക്കൊണ്ടുപോകൽ, ആക്രമണം, കവർച്ച, ബലാത്സംഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ പിടികൂടിയത്.
ഈ സംഭവം സ്വീഡനിൽ വലിയ കോളിളക്കം ഉണ്ടാക്കി. അവസരം മുതലെടുത്ത് വലതുപക്ഷ സംഘടകളും തങ്ങളുടെ കാമ്പയിൻ ശക്തമാക്കി. അങ്ങനെയാണ് ഖുറാൻ കത്തിക്കൽ സമരം വരെ നടക്കുന്നത്. ഖുർ ആൻ അടിമുടി മാനവിക വിരുദ്ധമാണെന്നും അക്രമത്തിന് ആഹ്വാനം ചെയ്യുന്ന നിരവധി വിദ്വേഷഭാഗങ്ങൾ അതിൽ ഉണ്ടെന്നുമാണ് ഇവർ പ്രചരിപ്പിക്കുന്നത്.
സാംസ്കാരിക വൈവിധ്യത്തെ എന്തുകൊണ്ട് ഇസ്ലാം അംഗീകരിക്കുന്നില്ല
തങ്ങൾക്കുനേരെ എന്ത് പ്രചാരണം വരുമ്പോഴും ഇസ്ലാമോഫോബിയ എന്ന് വിലപിച്ച് പ്രതിരോധിക്കയും , എന്നാൽ മറ്റ് രാജ്യങ്ങളിലെ സംസ്ക്കാരത്തെ ഒട്ടും സ്വാംശീകരിക്കയും ചെയ്യാത്ത ഇസ്ലാമിന്റെ രീതിയാണ് പ്രശ്നങ്ങളിൽ ഒരു കാരണമെന്ന് ഡോ സാംഹാരീസിനെപ്പോലുള്ള ചിന്തകർ ചൂണ്ടിക്കാട്ടുന്നു. മൾട്ടികൾച്ചറലിസം അംഗീകരിക്കാതെ അവർ ചെന്നുകയറുന്നിടത്തൊക്കെ ഒരു ഇസ്ലാമിക ലോകം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്
എന്ന ശക്തമായ ആരോപണം ഇതോടൊപ്പം കൂട്ടിവായിക്കണം. 'മുസ്ലീങ്ങൾ ഏതു രാജ്യത്ത് പോയാലും അവിടെ പ്രശ്നം ഉണ്ടാകാൻ കാരണം തങ്ങളുടെ മതവും സംസ്കാരവും മാറ്റാൻ പാടില്ല എന്ന ശാഠ്യവും മറ്റുള്ളവർ തങ്ങൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടും കൊണ്ടാണ്.'- ഡോ ഹാരീസ് കൂട്ടിച്ചേർക്കുന്നു.
ഖുർആൻ അടക്കമുള്ള ഗ്രന്ഥങ്ങൾ ഇത്തരം കാര്യങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന്റെ ആയത്തുകളും സ്വീഡനിൽ വൈറലായി. ഒന്നും രണ്ടുമല്ല 164 ആയത്തുകളാണ് ഈ രീതിയിൽ വിദ്വേഷ പ്രസംഗത്തിന്റെ പരിധിയിൽ വരുന്നത്.
സൂറ 9:5.'അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക''
സൂറ 9:29 .''വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങൾ യുദ്ധം ചെയ്തുകൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ.''
സൂറ. 8:39 .''കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ. നിങ്ങൾ അവരോട് യുദ്ധം ചെയ്യുക.''
ഇത്തരത്തിലുള്ള ആശയങ്ങൾ നിരവധി ഉള്ളതിനാൽ ആണ് ഖുർആൻ കത്തിക്കാൻ തങ്ങൾ ആഹ്വാനം ചെയ്യുന്നത് എന്നണ് സ്വീഡനിലെ തീവ്ര വലതുപക്ഷ സംഘടനകൾ പറയുന്നത്. എന്നാൽ കത്തിക്കലും സംഘർഷവുമല്ല പോം വഴിയെന്നും, ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് എന്നാണ് സ്വീഡനിലെ എഴുത്തുകാരും ബുദ്ധിജീവികളും ഒരുപോലെ അഭിപ്രായപ്പെടുന്നത്. പോപ്പുലേഷൻ ബോംബിനെ കുറിച്ചും തീവ്ര വലതുപക്ഷക്കാർ നിരന്തരം ജനങ്ങളെ ആശങ്കയിൽ ആഴുത്തുന്നുണ്ട്. അതിവേഗം വളരുന്ന മുസ്ലിം പോപ്പുലേഷൻ 10 ശതാമനം പിന്നിട്ടാൽ ഈ രാജ്യത്തിന്റെ സ്വസ്ഥത പൂർണ്ണമായി ഇല്ലാതാവുമെന്നും രാജ്യം പിന്നെ പൊട്ടിത്തെറിക്കുമെന്നുമാണ് ഇവരുടെ പ്രചരണം. എന്നാൽ അങ്ങനെ അല്ല എന്ന് കാണിച്ചുകൊടുക്കാൻ കഴിയുന്നില്ല എന്നതാണ് ഇസ്ലാമിക സംഘടകളുടെ പരാജയം. സ്റ്റാറ്റിസ്റ്റിക്സ് വെച്ചു നോക്കുമ്പോൾ കുറ്റകൃത്യങ്ങളുടെ വർധനവും കുടിയേറ്റവും തമ്മിൽ അഭേദ്യമായ ബന്ധവും കാണാം. അതുകൊണ്ടുതന്നെ വലതുപക്ഷത്തിനെതിരെ ശക്തമായ നടപടി എടുക്കുമ്പോൾ തന്നെ ഇസ്ലാമിസ്റ്റുകൾക്കും കാര്യമായ ബോധവത്ക്കരണം നടത്തണം എന്നാണ് രാജ്യത്ത് ഉയരുന്ന ആവശ്യം.
'അഭയാർഥികളെ എടുക്കുമ്പോൾ നല്ല ബോധവൽക്കരണവും മറ്റും ഒക്കെ നടത്തണം. എന്തിന് എടുക്കുന്നു, അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്നതിനെ പറ്റി ഒക്കെ അറിയാൻ ഉള്ള അവകാശം ജനങ്ങൾക്ക് ഉണ്ട്. സ്വീഡൻ ഏറ്റവും കൂടുതൽ നികുതി വാങ്ങുന്ന രാജ്യം ആണ്. കൊടുക്കുന്ന ജനങ്ങൾക്ക് അതിനെ പറ്റി ഒക്കെ ഒരു വേവലാതി കാണും. സുരക്ഷിതത്വം ഇല്ലെങ്കിൽ പിന്നെന്താണ് ഇവിടെ ഉണ്ടാവുക.'- സ്വതന്ത്ര ചിന്തകയും മാധ്യമ പ്രവർത്തകയുമായ മാരി ഇവാൻസ് ചൂണ്ടിക്കാട്ടുന്നു.
സമാനമായ അവസ്ഥയാണ് നോർവേയിലും ഡെന്മാർക്കിലും ഉള്ളത്. മുഖ്യധാരയിൽനിന്ന് വേറിട്ടെന്നോണം പർദ ധരിച്ചാണ് ഇവിടെയും മുസ്ലിം സ്ത്രീകൾ പുറത്തിറങ്ങാറുള്ളത്. എന്നാൽ സമൂഹം അത് അവരുടെ സ്വാതന്ത്ര്യം എന്ന നിലയിൽ വിടുന്നു. എന്നാൽ
തിരിച്ച് അങ്ങനെയല്ല. വേനൽക്കാലത്ത് ഡെന്മാർക്കിൽ ബിക്കിനിയിട്ടുകൊണ്ട് സ്ത്രീകൾ ഓടുന്നത് പതിവാണ്. പക്ഷേ അത് മുസ്ലിം കേന്ദ്രങ്ങളിലുടെയായപ്പോൾ ചില സ്ത്രീകൾ ആക്രമിക്കപ്പെട്ടു. പലരും കമന്റടികളും തുറിച്ച നോട്ടങ്ങളും സഹിക്കേണ്ടിവന്നു. ഒടുവിൽ സർക്കാർ ഉദ്യോഗസ്ഥർ രംഗത്തെത്തി ഓരോ കവലകളിലും വന്നിട്ട് അതിനെ കുറിച്ച് വിശദീകരിച്ചു കൊടുത്തു. 'നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടംപോലെ ജീവിക്കാൻ കഴിയുന്നതുപോലെ അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചും ജീവിക്കാൻ കഴിയണമെന്ന്. '- സ്കാൻഡനേവിയ എത്തിപ്പെട്ട അവസ്ഥ നോക്കുക.
നോർവേയിലും ആന്റി ഇസ്ലാം പ്രക്ഷോഭം
കുടിയേറ്റക്കാരും കുടിയേറ്റ വിരുദ്ധരും തമ്മിലുള്ള പ്രക്ഷോഭങ്ങൾ യൂറോപ്പിനെ മൊത്തമായി സംഘർഷഭരിതമാക്കുകയാണ്. ന്യുസിലൻഡിൽ കഴിഞ്ഞവർഷം നടന്ന മുസ്ലീങ്ങളെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പ് നോക്കുക. ബ്രിട്ടൻ ബ്രക്സിറ്റ് ഉണ്ടായതിന്റെ ഒരു കാരണവും കുടിയേറ്റം തന്നെയാണ്. പോളണ്ട്, ഫ്രാൻസ്, ജർമ്മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളും ഇന്ന് കുടിയേറ്റത്തിന്റെപേരിൽ പുകയുന്നു.
2017 ൽ സ്റ്റോക്ക് ഹോമിൽ ഇത്തരത്തിൽ ഒരു സംഘർഷം അരങ്ങേറിയിട്ടുണ്ട്. അതിൽ പൊലീസ് അന്വേഷണം ശക്തമായി നടന്നിട്ടുണ്ട്. അന്നത്തെ ബിബിസി റിപ്പോർട്ട് പ്രകാരം അന്ന് വലിയ കല്ലേറാണ് നടന്നത്. അന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭയാർത്ഥി പ്രശ്നത്തിൽ സ്വീഡനെതിരെ നടത്തിയ പരാമർശമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത് എന്നാണ് റിപ്പോർട്ട്. തീവയ്പ്പും, കടകൾ കൊള്ളയടിക്കലും അന്ന് നടന്നിട്ടുണ്ട്. 2010ൽ സ്റ്റോക്ക്ഹോമിൽ തന്നെ സമാനമായ കലാപത്തിൽ ഒരു സ്കൂൾ ഇസ്ലാമിക കലാപകാരികൾ അഗ്നിക്ക് ഇരയാക്കി. സ്കൂളിലെ ഒരു ഡാൻസ് പരിപാടിയിൽ അവിടെ അടുത്ത് താമസിക്കുന്ന മുസ്ലിം യുവാക്കളെ പങ്കെടുപ്പിച്ചില്ല എന്ന് ആരോപിച്ചായിരുന്നു പ്രകോപനം.
ഡെന്മാർക്കിൽ നേരത്തെ തന്നെ ഈ പ്രശ്നം ശക്തമാണ്. ഇപ്പോൾ നോർവെയും പ്രശ്ന കലുഷിതമാണ്. കഴിഞ്ഞദിവസം നോർവീജിയൻ തലസ്ഥാനമായ ഓസ്ലോയിലെ പാർലമെന്റ് മന്ദിരത്തിന് സമീപം നടന്ന ഇസ്ലാം വിരുദ്ധ റാലിയിൽ റാലിയിൽ ഒരു സംഘം പ്രതിഷേധക്കാർ ഒത്തുകൂടി, ഡ്രംസ് മുഴക്കി, പാട്ടുപാടുകയും 'ഞങ്ങളുടെ തെരുവുകളിൽ വംശീയവാദികളില്ല' എന്ന് ആക്രോശിക്കുകയും ചെയ്തു.
സ്റ്റോപ്പ് ഇസ്ലാമൈസേഷൻ ഓഫ് നോർവേ( സിയാൻ) എന്ന സംഘടനയാണ് പ്രതിഷേധത്തിന് പിന്നിൽ.സിയാനിലെ ഒരു വനിതാ അംഗം ഖുറാനിൽ നിന്ന് പേജുകൾ പറിച്ചെടുത്ത് തുപ്പിയപ്പോൾ നൂറുകണക്കിന് പ്രതിഷേധക്കാർക്കിടയിൽ പിരിമുറുക്കം ഉയർന്നതായി വാർത്താ ഏജൻസി എൻടിബി റിപ്പോർട്ട് ചെയ്തു. ഈ സ്ത്രീക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 'നോർവേയുടെ ഇസ്ലാമികവൽക്കരണം നിർത്തുക' എന്ന മുദ്രാവാക്യമുയർത്തി ജനങ്ങൾ പ്രതിഷേധിച്ചു എന്നാണ് പ്രമുഖ പത്രങ്ങൾ ഈ സമരത്തെ റിപ്പോർട്ട് ചെയ്തത്. അതിനിടെ പ്രതിഷേധം പരിപാടിയിൽ നുഴഞ്ഞുകയറി കുളം കലക്കാൻ ശ്രമിച്ച നാലുപേരെയും പൊലീസ് പിടികൂടി. കല്ലും മറ്റും ഇവർ പൊലീസിന് നേരെ എറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.കൂടുതൽ അക്രമങ്ങളെ ഭയന്ന് പൊലീസ് ഷെഡ്യൂൾ ചെയ്തതിനേക്കാൾ നേരത്തെ സിയാൻ റാലി അവസാനിപ്പിക്കയായിരുന്നു.
പടിഞ്ഞാറൻ നഗരമായ ബെർഗനിൽ സമാനമായ പ്രതിഷേധത്തിനിടെ ഒരാഴ്ച മുമ്പ് സിയാൻ നേതാവ് ലാർസ് തോർസൻ ആക്രമിക്കപ്പെട്ടിരുന്നു. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും സംഘർഷങ്ങൾ രൂക്ഷമാകാതിരിക്കാൻ പ്രത്യാക്രമണങ്ങളിൽ പങ്കെടുക്കരുതെന്നും നോർവേയിലെ ഇസ്ലാമിക് കൗൺസിലും സാംസ്കാരിക മന്ത്രി ആബിദ് രാജയും നേരത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അതായത് ഇസ്ലാമും ആന്റി ഇസ്ലാമുമായി ചേരി തിരിഞ്ഞ ജനം ഈ രാജ്യത്തിന്റെ സ്വസ്ഥത നശിപ്പിക്കയാണെന്ന് ചുരുക്കം. ഇത് യൂറോപ്പിലും അമേരിക്കയിയിലുമൊക്കെ സംഭവിക്കുന്നതാണ്. ട്രംപ് അടക്കമുള്ള കുടിയേറ്റ വിരുദ്ധർക്ക് പിന്തുണ കൂടിക്കുടി വരുന്നു. തീവ്രവലതുപക്ഷ സംഘടനകൾ ലോക വ്യാപകമായി ഉയർത്ത് എഴുനേൽക്കയാണ്.
ദൈവരഹിത സമൂഹം സമൂഹത്തിൽനിന്ന് നവ വംശീയവാദത്തിലേക്കോ?
കാലിഫോർണിയയിലെ പിട്സർ സർവ്വകലാശാലയിലെ സോഷ്യോളജിവിഭാഗം അദ്ധ്യാപകനായ പ്രൊഫ: ഫിൽ സുക്കർമാൻ എഴുതിയ ലോക പ്രശ്സ്തമായ പുസ്കം, ദൈവരഹിതസമൂഹം (Society without God-Published on 2008)
പരിശോധിക്കുന്നത് സ്കാൻഡനേവിയുടെ മതരാഹിത്യ ജീവിതം ആയിരുന്നു. 2005-06 വർഷങ്ങളിൽ സ്വീഡനിലും ഡന്മാർക്കിലും പതിന്നാല് മാസങ്ങൾ താമസിച്ച തന്റെ അനുഭവങ്ങൾ സുക്കർമാൻ വർണ്ണിച്ചപ്പോൾ ലോകം അത് കൗതുകത്തോടെ കേട്ടിരുന്നു. ഈ കൃതി ഇന്നും 'ബെസ്റ്റ്സെല്ലർ' പട്ടികയിലാണ്.അന്തസ്സായി ജീവിക്കുന്നതിൽ, കുട്ടികളെ വളർത്തുന്നതിൽ, പഠിക്കുന്നതിൽ, ജോലി നേടുന്നതിൽ, ജീവിതം നൽകുന്ന വെല്ലുവിളികളെ നേരിടുന്നതിൽ ദൈവാനുഗ്രഹങ്ങൾ പ്രതീക്ഷിക്കാത്ത അനേകം പേരുടെ സമൂഹം അദ്ദേഹത്തിൽ ആവേശമുണ്ടാക്കി. സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു നല്ല സമൂഹം! അതായിരുന്നു സ്കാൻഡനേവിയ. അതിന്റെ സാമൂഹികഘടന, ലിംഗസമത്വം, ആരോഗ്യം, ശുചിത്വം, ജീവിതത്തെക്കുറിച്ചുള്ള ആളുകളുടെ പ്രത്യാശകൾ, കുറ്റകൃത്യങ്ങളുടെ അഭാവം, സാമൂഹികസുരക്ഷിതത്വം, അങ്ങനെ എത്രയോ തലങ്ങളിൽ മുന്നിലാണവർ.- സുക്കർമാൻ എഴുതി
കണ്ടുമുട്ടിയവരോട്, ഫിൽ അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചു. മരണത്തെക്കുറിച്ചും മരണാനന്തരത്തെക്കുറിച്ചും ചോദിച്ചു. അവരുടെ ഉത്തരങ്ങൾ അത്രമേൽ ലളിതവും അകൃത്രിമവുമായിരുന്നു; നമ്മെ അസൂയപ്പെടുത്തിക്കൊണ്ട് ജീവിക്കുമ്പോഴും ജീവിതത്തിന് പ്രത്യേകിച്ച് ഒരർത്ഥവുമില്ലെന്നു അവർ ചിരിച്ചു കൊണ്ട് പറയും. മരണമാകട്ടെ ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഭാഗവും! മരണാനന്തരമെന്നതോ അവർക്ക് നിരർത്ഥകമായ ഒരു ചോദ്യം മാത്രം! മതം, ദൈവം, ജീവിതലക്ഷ്യം, മരണാനന്തരം, പാപം, പുണ്യം, നരകം, സ്വർഗ്ഗം തുടങ്ങിയ പദങ്ങൾക്ക് അവരുടെ ജീവിതത്തിൽ അത്ര പ്രധാന്യമില്ല.
ഇത്തരം വാക്കുകൾ ആരും പറയാറോ ശ്രദ്ധിക്കാറോ ഇല്ല. ഒരു ഡേ-കേയർ സ്കൂളിലെ 24-കാരിയായ മെറ്റി എന്ന ടീച്ചറോട് സംസാരിക്കുമ്പോൾ സുക്കർമാൻ ചോദിച്ചു, എന്തുകൊണ്ടാണ് നിങ്ങൾ ഇത്രമാത്രം മതവിമുഖതയുള്ളവർ ആയിരിക്കുന്നത്. അവളുടെ ഉത്തരം വളരെ ലളിതമായിരുന്നു: ''I don't know, because... we just don't care.' ഇതായിരുന്നു താൻ കണ്ടുമുട്ടിയ ഭൂരിപക്ഷം ആളുകളുടെയും നിലപാട്. മതവിഷയങ്ങളോടുള്ള അവരുടെ ഈ നിഷേധാത്മക അത്രമേൽ സ്വാഭാവികമായിരുന്നു. വിശ്വാസികളെയും അദ്ദേഹം കണ്ടുമുട്ടി, അവരാകട്ടെ വിശ്വാസത്തെ കേവലസ്വകാര്യതയായി കൊണ്ടുനടക്കുന്നവരാണ്. അവർ വിശ്വാസികളാണ് എന്ന് അറിയുകപോലും സാധ്യമല്ല! രസകരമായ വിശേഷം രാജ്യത്തെ ബഹുഭൂരിപക്ഷം അവിശ്വാസികൾ നാഷണൽ ചർച്ചിന്റെ നടത്തിപ്പിന് പരാതികളില്ലാതെ നികുതി കൊടുക്കുന്നവരും തങ്ങളുടെ വിവാഹത്തിനും ശവമടക്കിനും പള്ളിയെ ഉപയോഗിക്കുന്നവരുമാണ്. പള്ളിയോടുള്ള ഈ ബന്ധം ഇൻഷുറൻസ് പോളിസി പോലെ മാത്രമാണ് എന്നാണ് സുക്കർമാൻ ഇതിനെക്കുറിച്ച് പറയുന്നത്. പള്ളിയിലെ അംഗത്വത്തിനു 'ദൈവിക'കാരണങ്ങൾ ഒന്നും തന്നെ അവർക്കില്ല!
സ്കാൻഡിനേവിയ മതേതരമായിരിക്കുന്നതിലേക്കുള്ള മൂന്നു വഴികളെക്കുറിച്ച് ഫിൽ പറയുന്നു. ഒന്ന്, മതത്തോടുള്ള വിമുഖതയും, മിതഭാഷിത്വവും. രണ്ട്, ആരോഗ്യകരമായ നിഷ്പക്ഷത , മൂന്ന് പൂർണ്ണമായ വിസ്മരണത്വം. താൻ കണ്ടുമുട്ടിയ ആളുകൾ ഈ മൂന്നുവിഭാഗങ്ങളിൽപ്പെട്ടവരാണ്. ആദ്യകൂട്ടർ മതത്തെക്കുറിച്ച് സംസാരിക്കാൻ അത്രത്തോളം തയ്യാറാവാറില്ല. സംസാരിച്ചാൽ തന്നെ അത് നീണ്ടുപോകാറുമില്ല! ബഹുഭൂരിപക്ഷം വരുന്ന രണ്ടാമത്തെ നിഷ്പക്ഷ ഗ്രൂപ്പുകളാകട്ടെ, വ്യക്തിപരമായി മതാത്മകതയില്ലാത്തവരെങ്കിലും മതപുസ്തകങ്ങളിലെ കഥകളെക്കുറിച്ചൊക്കെ പോസിറ്റീവായി പറയുന്നതിൽ അത്രബുദ്ധിമുട്ടുകളില്ലാത്തവരാണ്. മൂന്നാമത്തെ ചെറിയ ഗ്രൂപ്പാകട്ടെ, ഇത്തരം കാര്യങ്ങൾ കേൾക്കാനും പറയാനും യാതൊരു താൽപര്യവും കാണിക്കാത്തവരും തങ്ങൾ അതിനെക്കുറിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല എന്ന് തുറന്നുപറയുന്നവരുമാണ്.ആളുകൾ മതങ്ങൾക്കായി ഹാർഡ്വെയർ ചെയ്യപ്പെട്ടവരാണ് എന്ന അമേരിക്കൻ അക്കാഡമിക് നിരീക്ഷണങ്ങളെ നിരൂപാധികം നിഷേധിക്കുന്ന നിഗമനങ്ങളിലേക്കാണ് ഇത്തരം സംഭാഷണങ്ങൾ സുക്കർമാനെ കൊണ്ടെത്തിച്ചത്.
നോക്കുക 2005ൽ ആ രീതിയിൽ വളർന്നുവന്നിരുന്ന മതരഹിത സമൂഹമാണ് 2020ൽ ഈ രീതിയിലേക്ക് മാറിയത്. പക്ഷേ ഇപ്പോഴും ഒരു ആശ്വാസമുള്ള സ്കാൻഡനേവിയൻ ജനതയുടെ 30 ശതമാനവും മതരഹിതരാണ്. 45 ശതമാനം വരുന്ന വലിയൊരു വിഭാഗം മതത്തെ ഒരു സ്വകാര്യതമാത്രമായി കൊണ്ടു നടക്കുന്നു. മൊത്തം മുസ്ലിം- ക്രിസ്ത്യൻ മതമൗലികവാദികളെ എടുത്താൽ അവർ ജനസംഖ്യയുടെ 7 ശതമാനം പോലും വരില്ല. പക്ഷേ നഞ്ഞെന്തിന് നാനാഴി.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ