- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ വ്യാപക റെയ്ഡ്; പരിശോധനയിൽ പിടികൂടിയത് മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ; സംഭവത്തിൽ ഡിസ്കോ ജോക്കിയടക്കം നാല് പേർ അറസ്റ്റിൽ
കൊച്ചി: കൊച്ചി നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ച് വിവിധ ഏജൻസികളുടെ വ്യാപക പരിശോധന. വിവിധ സബ് ഡിവിഷനുകൾക്ക് കീഴിലെ ഹോട്ടലുകളിലെ നിശാപാർട്ടികളിലാണ് പരിശോധന നടന്നത്. പരിശോധനയിൽ മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി. സംഭവത്തിൽ ഡിസ്കോ ജോക്കിയടക്കം നാല് പേരുടെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി. കൊച്ചിയിലെ അഞ്ച് ഹോട്ടലുകളിലായിരുന്നു പരിശോധന.
എക്സൈസ്, കസ്റ്റംസ്, നർക്കോട്ടിക് സെൽ എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു റെയ്ഡ്. മയക്കുമരുന്ന് ഉൾപ്പെടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടത്തുകയായിരുന്നു ലക്ഷ്യം. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തൃക്കാക്കര എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന നടന്നത്. രാത്രി 11.20 ഓടെ തുടങ്ങിയ പരിശോധന പുലർച്ചെ 4 മണിവരെ തുടർന്നു. ചക്കരപ്പറമ്പിലെ ഹോട്ടലിൽ നിന്നുമാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. എംഡിഎംഎ, തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് കെമിക്കലുകൾ, കഞ്ചാവ് എന്നിവ ഇവിടെ നിന്ന് പിടികൂടി.
കസ്റ്റഡിയിലെടുത്തവരെ രണ്ട് മിണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയും ബെംഗളുരുവിൽ സ്ഥിരതാമസക്കാരനുമായ ഡിസ്കോ ജോക്കി അൻസാർ, നിസ്വിൻ, ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരുടെ അറസ്റ്റാണ് എക്സൈസ് രേഖപ്പെടുത്തിയത്. ആഴ്ചതോറുമുള്ള പതിവ് പരിശോധന മാത്രമാണിതെന്നാണ് പൊലീസിന്റെ വിശദീകരണം.
മറുനാടന് മലയാളി ബ്യൂറോ