ന്യുയോർക്ക്: ഇന്നലെ ഫേയ്‌സ് ബുക്കും, ഇൻസ്റ്റാഗ്രാമും, വാട്ട്സ്അപും പ്രവർത്തനരഹിതമായത് ആറുമണിക്കൂറോളം. ഇന്ത്യൻ സമയം രാത്രി 9:10 മുതൽക്കാണ് പരാതികൾ എത്തുവാൻ തുടങ്ങിയതെന്ന് ഡൗൺ ഡയറക്ടർ അറിയിച്ചു. ഫേസ്‌ബുക്കിനെ കുറിച്ച് ഏകദേശം 50,000 പരാതികളും വാട്ട്സ്അപിനെ കുറിച്ച് 50,000 പരാതികളും ലഭിച്ചുവെന്നും അവർ പറയുന്നു. ജനപ്രിയ സമൂഹമാധ്യമങ്ങൾ പ്രവർത്തന രഹിതമായതോടെ ലോക വിപണിയിൽ ഏകദേശം 160 മില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്ന് വിദഗ്ദർ പറയുന്നു. ഫേസ്‌ബുക്കിന്റെ ഓഹരി മൂല്യ്ം അഞ്ച് ശതമാനം കുറയുകയും ചെയ്തു.

യഥാർത്ഥ കാരണം എന്താണെന്ന് ഇനിയും ഫേസ്‌ബുക്ക് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഒരു സാങ്കേതിക വിദഗ്ദൻ പറഞ്ഞത്, കമ്പനിയിലെ ഒരു ജീവനക്കാരന് സംഭവിച്ച സാങ്കേതിക പിഴവാണ് ഇതിനു കാരണമായതെന്നാണ്. ഇന്ത്യൻ സമയം രാത്രി 9:10 ഓടെ ചില ഉപഭോക്താക്കൾക്ക് നാല് പ്ലാറ്റ്ഫോമുകളും പ്രവർത്തനക്ഷമമായതായി അറിയിച്ചിട്ടുണ്ടെങ്കിലും ഈ നാല് പ്ലാറ്റ്ഫോമുകളുടെയും ഉടമസ്ഥരായ ഫേസ്‌ബുക്ക് ഇതുവരെ പ്രശ്നം പരിഹരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെ ജീവനക്കാർ ഡാറ്റ സെന്ററിലേക്ക് കുതിച്ചു. എന്നാൽ, കോവിഡ് പ്രതിസന്ധിയിൽ ഏറെ ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നതിനാൽ ഇതിന് കാലതാമസം സംഭവിച്ചതായി ചില ജീവനക്കാർ വെളിപ്പെടുത്തി. മാത്രമല്ല, സെക്യുരിറ്റി പാസ്സുകൾ പ്രവർത്തനക്ഷമമല്ലാത്തതിനാൽ മിക്ക ജീവനക്കാർക്കും തങ്ങളുടേ ഓഫീസുകൾക്കുള്ളിൽ കയറാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഇത് പ്രതിസന്ധിയുടെ കൃത്യമായ ആഴവും വ്യാപ്തിയും മനസ്സിലാക്കുന്നതിൽ തടസ്സമാവുകയും ചെയ്തു.

ഫേസ്‌ബുക്ക് അവരുടെ ബോർഡർ ഗേറ്റ്‌വേ പ്രോട്ടോകോളിൽ (ബി ജി പി) ധാരാളം മാറ്റങ്ങൾ വരുത്തിയതാണ് പെട്ടെന്ന് ഇത്തരത്തിൽ ഒരു തകരാറ് സംഭവിക്കാൻ കാരണമായതെന്നാണ് വെബ് സെക്യുരിറ്റി കമ്പനിയായ ക്ലൗഡ് ഫ്ളെയറിലെ പ്രധാന സാങ്കേതിക വിദഗ്ദനായ ജോൺ ഗ്രഹാം കണ്ണിങ്ഹാം പറയുന്നത്. ഇന്റർനെറ്റിൽ സാധാരണയായി നടക്കുന്ന വിവര കൈമാറ്റം സാധ്യമാക്കുന്നത് ബി ജി പിയാണ്. സന്ദർശകരെ അവർക്ക് ആവശ്യമുള്ള വെബ്സൈറ്റുകളിൽ എത്തിക്കുന്നതും ഇതുതന്നെ.

നേരത്തേ തന്നെ ഫേസ്‌ബുക്ക് ബോർഡർ ഗേറ്റ്‌വേ പ്രോട്ടോക്കോൾ (ബി ജി പി) റൂട്ടുകൾ ഇന്റർനെറ്റിൽ നിന്നും പിൻവലിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഒരു കോൺഫിഗറേഷൻ എറർ ആണെന്ന് തോന്നുന്നു ഫേസ്‌ബുക്ക് ഇപ്പോൾ ഇന്റർനെറ്റിൽ നിലനിൽക്കുന്നില്ല എന്നാണ് സൈബർ സെക്യുരിറ്റി വിദഗ്ദനായ കെവിൻ ബ്യുമോട്ട് ട്വിറ്ററിൽ കുറിച്ചത്. വാട്ട്സ്അപ്, ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക്, മെസെഞ്ചർ എന്നിവ ഷെയേർഡ് ബാക്ക് എൻഡ് ഇൻഫ്രാസ്ട്രക്ചറിലാണ് പ്രവർത്തിക്കുന്നത്. ഇതാണ് പ്രശ്നം ഗുരുതരമാക്കിയതെന്നും വിദഗ്ദർ പറയുന്നു.

പ്രധാന ഫേസ്‌ബുക്ക് ആപ്ലിക്കേഷൻ മാത്രമല, ഫേസ്‌ബുക്ക് വർക്ക്പ്ലേസ്, ഊക്കുലസ് വെബ്സൈറ്റ് എന്നിവയും പ്രവർത്തന രഹിതമായി. സ്ംഭവിച്ച തെറ്റിൽ ഫേസ്‌ബുക്ക്മുഖ്യ സാങ്കേതിക ഉദ്യോഗസ്ഥൻ മൈക്ക് ഷ്രോപ്പെർ ഖേദം പ്രകടിപ്പിച്ചെങ്കിലും അപ്പോഴേക്കും കമ്പനിയുടെ ഓഹരിമൂല്യത്തിൽ 5 ശതമാനത്തിന്റെ കുറവുണ്ടായി. അടുത്തകാലത്തായി സമൂഹമാധ്യമങ്ങൾ ഇതുപോലെ പ്രവർത്തന രഹിതമാകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞമാസം ഇൻസ്റ്റാഗ്രാം 16 മണിക്കൂറോളം പ്രവർത്തനരഹിതമായിരുന്നു. ജൂണിൽ എല്ലാ ഫേസ്‌ബുക്ക് പ്ലാറ്റ്ഫോമുകളും സമാനമായ രീതിയിൽ പ്രവർത്തനരഹിതമായിരുന്നു.

പ്രതിസന്ധിയുടെ കാരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല എന്നുമാത്രമല്ല, തകരാറുകൾ പൂർണ്ണമായും പരിഹരിച്ചു എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. അതുപോലെ ഫേസ്‌ബുക്കിലേയും ഇൻസ്റ്റാഗ്രാമിലേയും എല്ലാ എൻട്രികളും ഡൊമെയ്ൻ നെയിം സിസ്റ്റം (ഡി എൻ എസ്) ത്തിൽ നിന്നും നീക്കം ചെയ്തുവോ എന്നതും വ്യക്തമല്ല. ഡി എൻ എസ് എന്നത് ഒരു ഇന്റർനെറ്റ് ഡയറക്ടറിയാണ്. ആരെങ്കിലും ഒരു ലിങ്കോ ആപ്പോ തുറക്കുമ്പോൾ അവരുടെ ഉപകരണം ഈ ലിങ്കോ ആപ്പോ ഉപയോഗിക്കുന്ന ഡി എൻ എസിൽ പരതിയാണ് അതുമായി ബന്ധിപ്പിക്കപ്പെടുന്നത്. ഇന്നലെ തകരാറിലായ സൈറ്റുകളും സർവ്വീസുകളും ഒരേ ഡി എൻ എസ് ആണോ ഉപയോഗിക്കുന്നത് എന്നതും വ്യക്തമല്ല.