- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീഡ് പോസ്റ്റ് വഴി അയച്ച ആർസി ബുക്ക് 10 ദിവസം കഴിഞ്ഞിട്ടും 10 കിലോമീറ്റർ ചുറ്റളവിലുള്ള കുതിരവട്ടത്ത് എത്തിയില്ല; അന്വേഷിച്ച് ചെന്നപ്പോൾ ഹെഡ് പോസ്റ്റ് ഓഫീസിൽ കെട്ടിക്കിടക്കുന്നു; പ്രൂഫ് കാണിച്ചാൽ തരാമെന്ന് ആദ്യം പറഞ്ഞവർ പിന്നീട് പറയുന്നു തരാനൊക്കില്ലെന്ന്; സാങ്കേതികത്വവും വരട്ടുന്യായവും പറഞ്ഞ് പൊതുജനങ്ങളെ വട്ടംചുറ്റിക്കുന്ന തപാൽ വകുപ്പിനെതിരെ മാധ്യമപ്രവർത്തകന്റെ പ്രതിഷേധ കുറിപ്പ്
കോഴിക്കോട്: ഓഗസ്റ്റ് 10ന് കോഴിക്കോട് സിവിൽ സ്‌റ്റേഷനിലുള്ള ആർടിഓഫീസിൽ നിന്ന് സ്പീഡ് പോസ്റ്റ് വഴി അയച്ച ആർസി ബുക്ക് ദിവസങ്ങൾ പിന്നിട്ടിട്ടും കുതിരവട്ടം പോറ്റ് ഓഫിസിൽ എത്തിയില്ലെന്ന് പരാതി. സിവിൽ സ്റ്റേഷനിൽ നിന്നും കേവലം 10 കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലത്തേക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ച വസ്തു 10 ദിവസം പിന്നിട്ടിട്ടും എത്താത്തതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകനായ ആർസി ഉടമ. ന്യൂസ് 18 ചാനലിലെ മാധ്യമപ്രവർത്തകൻ വിനേഷ് കുമാറിനാണ് തപാൽ വകുപ്പിന്റെ കെടുകാര്യസ്ത്ഥത കാരണം സമയത്തിന് ആർസി ബുക്ക് ലഭിക്കാതെ ബുദ്ധിമുട്ടേണ്ടി വന്നിരിക്കുന്നത്.
ആർസി ബുക്കിലെ ഉടമസ്ഥാവകാശം മാറ്റാനായി അപേക്ഷ നൽകിയതായിരുന്നു വിനേഷ് കുമാർ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഉടമസ്ഥത മാറിയിട്ടുണ്ടെങ്കിലും ആർസി ബുക്ക് ലഭിച്ചിരുന്നില്ല. എന്നാൽ ഓഗസ്റ്റ് 10ന് ആർടി ഓഫീസിൽ നിന്നും ആർസി ബുക്ക് സ്പീഡ് പോസ്റ്റ് വഴി അയച്ചു എന്ന മെസേജ് ലഭിക്കുകയും ചെയ്തു. മെസേജ് ലഭിച്ച് 10 ദിവസം കഴിഞ്ഞിട്ടും ആർസി ബുക്ക് എത്താത്തതിനെ തുടർന്ന് കുതിരവട്ടം പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. ആർടി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ അവർ അയച്ചിട്ടുണ്ടെന്ന് ഉറപ്പ് പറയുകയും ചെയ്തു. തുടർന്ന് കോഴിക്കോട് കണ്ണൂർ റോഡിലുള്ള ഹെഡ്‌പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അറിഞ്ഞത് സാധനം അവിടെയുണ്ടെന്ന്. പ്രൂഫുമായി വന്നാൽ നൽകാമെന്നും ഹെഡ്‌പോസ്റ്റ് ഓഫീസിൽ നിന്ന് ഫോണിലൂടെ ഉറപ്പും നൽകി. പിന്നാലെ രേഖകളുമായി പോസ്റ്റ് ഓഫീസിലെത്തിയപ്പോൾ ആദ്യം തരാമെന്ന് പറഞ്ഞെങ്കിലും ഒരു ഉദ്യോഗസ്ഥനെത്തി തടസ്സം നിൽക്കുകയായിരുന്നു. ഇവിടെ നിന്നും തരാനാകില്ലെന്നും തങ്ങൾ കുതിരവട്ടം പോസ്റ്റ് ഓഫീസിലേക്ക് അയക്കാമെന്നും അവിടെ നിന്നും വാങ്ങിക്കോളൂ എന്നുമാണ് അയാൾ പറഞ്ഞത്. ഹെഡ് പോസ്റ്റ്മാസ്റ്ററെ കണ്ടപ്പോഴും ഇതു തന്നെയാണ് മറുപടി ലഭിച്ചത്.
നഗരത്തിനുള്ളിൽ തന്നെയുള്ളൊരു സ്ഥലത്ത് നിന്ന് 10 ദിവസം മുമ്പ് സ്പീഡ് പോസ്റ്റ് വഴി അയച്ച സാധനം ഇത്ര ദിവസമായും ലഭിക്കാത്തതു കൊണ്ടാണ് ഇവിടെ വന്നതെന്ന് പറഞ്ഞപ്പോൾ നിങ്ങൾ പരാതി തന്നോളൂ എന്നാണ് ഹെഡ്‌പോസ്റ്റ് മാസ്റ്റർ പറഞ്ഞത്. ഇത്രയും ദിവസമായിട്ടും അയച്ച സ്ഥലത്തിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഒരിടത്ത് സ്പീഡ് പോസ്റ്റ് ഡെലിവറി ചെയ്യാൻ കഴിയാത്തവർക്ക് പരാതി നൽകിയിട്ട് എന്തു പരിഹാരണം കാണാനാണ് എന്നാണ് വിനേഷ് കുമാർ ചേദിക്കുന്നത്. ഇത്തരം താപ്പാനകളിൽ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ട് പരാതി എഴുതി നൽകാൻ നിൽ്ക്കാതെ തിരിച്ചു പോരുകയാണ് അദ്ദേഹം ചെയ്തത്. വലിയ ശമ്പളം വാങ്ങി, സർക്കാർ ആനുകൂല്യങ്ങളെല്ലാം കൃത്യമായി കൈപ്പറ്റുന്ന ഇത്തരത്തിലുള്ള ആത്മാർത്ഥതയില്ലാത്ത ഉദ്യോഗസ്ഥരാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തകരാകുന്നതെന്നും വിനേഷ് കുമാർ പറയുന്നു.
വിനേഷ് കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഓഗസ്റ്റ് 10ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആർ ടി ഓഫീസിൽ നിന്ന് എന്റെ ആർസി ബുക്ക് ഡെസ്പാച്ച്ഡ് എന്ന മെസേജ് ലഭിച്ചു. സ്പീഡ് പോസ്റ്റ് ആയിട്ടു വരുമെന്നായിരുന്നു സന്ദേശം. രണ്ട് ദിവസം കഴിഞ്ഞു. നാല് ദിവസം കഴിഞ്ഞു, ഒരാഴ്‌ച്ച കഴിഞ്ഞു. പത്ത് ദിവസമായി സ്പീഡ് പോസ്റ്റ് ഇല്ല. കുതിരവട്ടം പോസ്റ്റ് ഓഫീസിൽ അന്വേഷിച്ചപ്പോൾ വന്നില്ലെന്ന് അറിഞ്ഞു. ആർ ടി ഓഫീസിൽ വിളിച്ചപ്പോൾ അയച്ചതാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ കണ്ണൂർ റോഡിലെ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വിളിച്ചപ്പോൾ അവിടെയുണ്ടെന്നും പ്രൂഫുമായി വന്നാൽ തരാമെന്നും അറിയിച്ചു. പതിനൊന്നാമത്തെ ദിവസം ഹെഡ്പോസ്റ്റ് ഓഫീസിലെത്തി. പ്രൂഫ് കാണിച്ചു. ആധാർ കാർഡ് തമിഴ്‌നാട് ആണ്. കോഴിക്കോട് തമാസിക്കുന്നതിന്റെ രേഖ കാണിച്ചു. എമാന്മാർക്ക് അത്ര പിടിച്ചില്ല. തരാനാവില്ലെന്നായി.
തമിഴ്‌നാട് പ്രൂഫിലും കേരള പ്രൂഫിലും സ്ഥിരവിലാസവും താൽക്കാലിക വിലാസവുമാണ്. കാര്യങ്ങൾ സംസാരിച്ചപ്പോൾ ഒടുവിൽ തരാമെന്നായപ്പോൾ അവിടെയുള്ള ജീവനക്കാരൻ ഒരുത്തൻ കയറി പാരവച്ചു. . നിങ്ങൾ കുതിരവട്ടം പോസ്റ്റ് ഓഫീസിൽത്തന്നെ പോയി വാങ്ങിച്ചോളാൻ അവർ പറഞ്ഞു. ഹെഡ് പോസ്റ്റ് മാസ്റ്ററെ കണ്ടു. അസ്സൽ താപ്പാന. സാഹചര്യമൊന്നുമറിയേണ്ട ആവശ്യമില്ല. അദേഹത്തിന് തരാൻ കഴിയില്ല. തുടക്കത്തിൽ ഉടക്ക് വച്ചവൻ പോസ്റ്റ് മാസ്റ്ററുടെ മുറിയിൽ കയറിപ്പോയി തലയണമന്ത്രം ജപിച്ചിറങ്ങിയതിന് പിന്നാലെയാണ് ഞാൻ കയറിയത്.
പതിനൊന്നാമത്തെ ദിവസമാണിന്ന്. ആർസി കയ്യിലെത്തിയിട്ടില്ല. പ്രൂഫ് നൽകിയിട്ടും സാങ്കേതികത്വം വരട്ടുന്യായവും പറഞ്ഞ് ആവശ്യക്കാരെ പറഞ്ഞ് വിടുന്ന താപ്പാനജന്മങ്ങൾ. ഒന്നില്ലെങ്കിൽ കവർ എന്റെ കയ്യിൽ തരിക. അല്ലെങ്കിൽ കുതിരവട്ടം പോസ്റ്റ് ഓഫീസിലേക്ക് അയക്കുക. രണ്ട് കാര്യത്തിനും പോസ്റ്റൽ അധികൃതർ തയ്യാറാകാത്തതുകൊണ്ടാണല്ലൊ ആവശ്യക്കാരന് ബുദ്ധിമുട്ടുണ്ടാകുന്നത്. ഞാൻ മാധ്യമപ്രവർത്തകനാണെന്ന് അറിഞ്ഞപ്പോൾ ഒരു പരാതി എഴുതിത്തരൂ, പരിഹരിക്കാമെന്നായി പോസ്റ്റ് മാസ്റ്റർ. എന്റെ ആർ സിയുള്ള കവർ അവിടെയുണ്ട്. പ്രൂഫ് എന്റെ കയ്യിലും ഉണ്ട്. ഇനി അത് കിട്ടാൻ പരാതികൂടി എഴുതിത്ത്തരാൻ മനസ്സില്ലെന്ന് പറഞ്ഞു. നിങ്ങളെപ്പോലെയുള്ള താപ്പാനകളിൽ നിന്ന് നീതി പ്രതീക്ഷിക്കില്ലെന്ന് പറഞ്ഞ് അവിടെ നിന്നിറങ്ങി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ അന്തകരാകുന്നത് ഇത്തരത്തിലുള്ള താപ്പാനകളാണ്. സ്പീഡ് പോസ്റ്റ് എന്ന പേരിട്ട് നഗരത്തിൽ നിന്നയച്ച ഒരു സാധനം നഗരത്തിനകത്ത് പത്ത് ദിവസത്തിനകം എത്തിക്കാൻ കഴിയാത്ത സംവിധാനം. ഒരുദിവസംകൊണ്ട് വൃത്തിയായിട്ട് കൊറിയർ സർവീസുകാർ ചെയ്യും. തുച്ഛമായ വേതനത്തിന് കൊറിയർ ഡെലിവെറി ചെയ്യുന്നവരെ കണ്ടുപഠിച്ചൂടെയെന്നൊന്നും പറയുന്നതിൽ അർഥമില്ല. വലിയ ശമ്പളം വാങ്ങി, സർക്കാർ ആനുകൂല്യങ്ങളെല്ലാം കൃത്യമായി കൈപ്പറ്റുന്ന ഇത്തരത്തിലുള്ള സാറന്മാർക്ക് ആത്മാർഥയില്ലാതെ എന്ത് പഠിച്ചിട്ടും കാര്യമില്ല.
പോസ്റ്റൽ വകുപ്പിലെ താപ്പാനകൾ... ഓഗസ്റ്റ് 10ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ആർ ടി ഓഫീസിൽ നിന്ന് എന്റെ ആർസി...
Posted by Vinesh Kumar on Friday, August 21, 2020