ചെന്നൈ: കശുവണ്ടി ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ട കേസിൽ തമിഴ്‌നാട് കടലൂരിലെ ഡി.എം.കെ. എംപി. ടി.ആർ.വി എസ്. രമേഷ് കോടതിയിൽ കീഴടങ്ങി. കേസിൽ സി.ബി.സിഐ.ഡി. അന്വേഷണം തുടരുന്നതിനിടെയാണ് കോടതിയിലെത്തി കീഴടങ്ങിയത്.

രമേഷിന്റെ ഉടമസ്ഥതയിലുള്ള കടലൂരിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളി ഗോവിന്ദരാജ് (55) കഴിഞ്ഞമാസം 20-നാണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് രമേഷും അഞ്ചുപേരും ചേർന്ന് മർദിച്ചതാണ് മരണകാരണമെന്ന് ഗോവിന്ദരാജിന്റെ ബന്ധുക്കൾ പരാതി നൽകിയിരുന്നു.

തൊഴിലാളിയുടെ മരണത്തിന് പിന്നാലെ ചില രാഷ്ട്രീയ പാർട്ടികൾ ഡി.എം.കെക്കെതിരേ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് എംപി. കോടതിയിൽ പറഞ്ഞു. എം.കെ. സ്റ്റാലിന്റെ മികച്ച ഭരണത്തിനെതിരേ നടക്കുന്ന ഇത്തരം വ്യാജ ആരോപണങ്ങൾക്ക് അവസരം നൽകേണ്ടതില്ലെന്ന് കരുതിയാണ് കീഴടങ്ങിയത്. തനിക്കെതിരേ ചുമത്തിയ കുറ്റങ്ങൾ നിയമപരമായി നേരിടുമെന്നും നിരപരാധിയാണെന്ന് തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ ആദ്യം കാടാമ്പുലിയൂർ പൊലീസാണ് അന്വേഷണം നടത്തിയത്. പിന്നീട് കേസന്വേഷണം സി.ബി.സിഐ.ഡി. ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് കൊലക്കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ എംപി.യുടെ പേഴ്സണൽ അസിസ്റ്റന്റ് നടരാജൻ, ഫാക്ടറി മാനേജർ എം. കണ്ടവേൽ, മറ്റുപ്രതികളായ എം. അള്ളാപ്പിച്ചൈ, കെ. വിനോദ്, സുന്ദരരാജൻ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.