- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന് ആരോപിച്ച് നാട്ടുകാരും കുടുംബവും രംഗത്ത്;കാസർകോട് സ്വദേശി അജേഷിനെ കള്ളക്കേസിൽ കുടുക്കിയത് മൊബൈലിൽ നഗ്നചിത്രം പകർത്തിയെന്നാരോപിച്ച് ; കഞ്ചാവ് വ്യാജമദ്യ വില്പന ചോദ്യം ചെയ്തതിന്റെ പ്രതികാര നടപടിയെന്നും കുടുംബം; നീതിതേടി മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
ഭീമനടി: യുവാവിനെ കള്ളക്കേസിൽ കുടുക്കിയതായി കുടുംബത്തിന്റെ പരാതി. വെസ്റ്റ്എളേരി പഞ്ചായത്തിലെ കൂവ്വപ്പാറയിൽ താമസിക്കുന്ന അജേഷ് എന്ന യുവാവിനെതിരെ മൊബൈൽ ഫോണിൽ നഗ്നചിത്രം പകർത്തിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും കഴിഞ്ഞ 11 ദിവസത്തോളമായി യുവാവ് കാഞ്ഞങ്ങാട് സബ് ജയിലിൽ റിമാന്റിലുമാണ്. സംഭവത്തിൽ അജേഷ് നിരപരാധിയാണെന്നും പ്രദേശത്തെ ഒരു കൂട്ടം കഞ്ചാവ് വ്യാജമദ്യ വില്പന സംഘം കള്ളക്കേസിൽ കുടുക്കിയതാണെന്നും ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും മുഖ്യമന്ത്രിക്ക് പരാതി നൽകി.
കൂവപ്പാറ കേന്ദ്രികരിച്ച് കുറെ നാളുകളായി കഞ്ചാവ് വ്യാജമദ്യ വില്പനയും അതിന്റെ പരസ്യമായ ഉപയോഗവും അജേഷ് പലതവണ ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തിരുന്നു ഇതിന്റെ ഭാഗമായി വാക്കേറ്റവും ബലപ്രയോഗവും പലതവണ നടന്നതായി സമീപവാസികൾ വെളിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ പരാതിയിൽ പറയുന്നു .അജേഷിനെ ഒതുക്കുക അല്ലെങ്കിൽ നിശബ്ദനാക്കുക എന്നത് ഈ സാമൂഹ്യ വിരുദ്ദ സംഘങ്ങളുടെ ആവശ്യമായി മാറിയിരുന്നു.
അതിന്റെ ഭാഗമായി വ്യക്തമായ ഗൂഢാലോചന നടത്തുകയും സൗഹൃദ സംഭാഷണത്തിലൂടെ അജേഷിന്റെ ഫോൺ കൈക്കലാക്കുകയും അതിലേക്ക് ചില അശ്ലീല വിഡിയോകൾ സേവ് ചെയ്യുകയും ഫോൺ തിരികെ നൽകുകയും ചെയ്തതായും, സാങ്കേതിക വിദ്യയിൽ വേണ്ടത്ര അറിവില്ലാത്ത അജേഷിന് ചതി തിരിച്ചറിയാൻ സാധിക്കാത്തതിനാൽ ഈ സാമൂഹ്യ വിരുദ്ധ സംഘം മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചന തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അജേഷിന്റെ അമ്മ മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
ജുലൈ 4 നു അജേഷിനെ വീട്ടിൽ നിന്നും വിളിച്ചറിക്കി റോഡ് സൈഡിൽ എത്തിക്കുകയും അപ്രതീക്ഷിതമായി പത്തോളം വരുന്ന കഞ്ചാവ് വ്യാജ മദ്യ വില്പന സംഘം ആയുധങ്ങളുമായി ക്രൂരമായി മർദിക്കുകയും ശേഷം ഫോൺ പിടിച്ചു വാങ്ങുകയും അതു ചിറ്റാരിക്കാൽ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു പൊലീസ് നിർദേശ പ്രകാരം അജേഷ് 5 ന് 10 മണിക്ക് സ്വമേധയാ സ്റ്റേഷനിൽ ഹാജരാവുകയും ചെയ്തു .തന്റെ കൈയിൽ തെറ്റില്ല എന്ന വിശ്വാസവും നിഷ്പക്ഷമായ നിയമത്തിലുള്ള വിശ്വാസവുമുള്ളതു കൊണ്ടാണ് അജേഷ് ധൈര്യപൂർവം സ്റ്റേഷനിൽ ഹാജരായത്.
എന്നാൽ 11 മണിക്ക് ശേഷമാണ് പരാതിക്കാരി സ്റ്റേഷനിൽ എത്തുന്നതും അജേഷിനെതിരെ വീഡിയോ ഉണ്ട് എന്ന പരാതി നൽകുകയും ചെയ്തത്. പക്ഷെ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ അജേഷിന്റെ പേരിൽ കുറ്റമൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ഇത് മനസിലാക്കിയ പരാതിക്കാരി തന്റെ ബന്ധുവും ഉന്നത ഉദ്യോഗസ്ഥനെ സ്വാധീനിച്ച് ചിറ്റാരിക്കാൽ സ്റ്റേഷൻ ചാർജുള്ള സർക്കിൾ ഇൻസ്പെക്ടരുടെ മേൽ സമ്മർദം ചെലുത്തി അജേഷിനെതിരെ ഗുരുതരമായ ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
5 നുരാവിലെ 10 മണിക്ക് സ്റ്റേഷനിൽ എത്തിയ അജേഷിനെ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്തതായി തെറ്റായി രേഖപ്പെടുത്തുകയും വൈകുന്നേരം 6 നു വൈകുന്നേരം 5 മണിക്ക് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കുകയുമായിരുന്നു, അജേഷിന്റെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും തലയ്ക്കും കാൽമുട്ടിനു ഗുരുതരമായ പരിക്കുണ്ടായിട്ടും അതൊന്നും പരിഗണിക്കാതെയും എവിടെയും എഴുതിച്ചേർക്കാതെയുമാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയതെന്ന് പരാതിയിൽ വിശദമാക്കുന്നു.
സ്ത്രീ സുരക്ഷാ നിയമത്തിന്റെ ശക്തമായ ദുരുപയോഗവും സാധാരണക്കാരനായ യുവാവിന്റെ മനുനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ട രീതിയിലാണ് ഈ കേസ് കെട്ടിചമച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. കേസിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും അജേഷിനു നീതി ലഭിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്