- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസായപ്പോൾ വിദേശത്തേക്ക് മുങ്ങി; തിരിച്ചെത്തി ഒളിവിൽ താമസിച്ചത് വീരാജ് പേട്ടയിലെ റിസോർട്ടിൽ; രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു പറ്റിച്ചത് 300ഓളം പേരെ; സർക്കാരിനെ കബളിപ്പിച്ച കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ; ഉമ്മർകുട്ടിയും കുടുങ്ങി
കണ്ണൂർ: ഇന്ത്യൻ രാഷ്ട്രപതിയുടെ വ്യാജഡിക്രി ഉപയോഗിച്ചു കണ്ണൂർ കോർപറേഷനെയും സർക്കാരിനെയും കബളിപ്പിച്ചുവെന്ന കേസിലെ രണ്ടാം പ്രതിയെ പൊലിസ് അറസ്റ്റു ചെയ്തു.കണ്ണൂർ പയ്യാമ്പലത്തെ റാഹത്ത് മൻസിലിൽ പി.പി ഉമ്മർ കുട്ടിയെ(67)യെയാണ് കണ്ണൂർ ടൗൺ ഹൗസ് സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത് കോടേരിയും സംഘവും അറസ്റ്റു ചെയ്തത്.
പൊലിസ് കേസെടുത്തതിനെ തുടർന്ന് വിദേശത്തേക്ക് മുങ്ങിയ ഇയാൾ അവിടെ നിന്നും തിരിച്ചുവന്നതിനു ശേഷം വീരാജ് പേട്ടയിലെ ഒരു റിസോർട്ടിൽ ഒളിവിൽ താമസിച്ചുവരികയായിരുന്നു. കണ്ണൂർ ടൗൺ പൊലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരിയും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൂത്ത ജ്യേഷ്ഠൻ വി.പി. എം അഷ്റഫ് ഒരുമാസം മുൻപ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഒക്ടോബർ ആറിനാണ് ഇയാളെ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം മ്യൂസിയം പൊലിസിലും കേസുണ്ട്. മുന്നൂറോളം ആളുകളെ ഇയാൾ വ്യാജഡിക്രിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതായാണ് കേസ്. കണ്ണൂർ പ്ലാസയിലെ വി.പി. എം അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ചു മാറ്റാതിരിക്കാൻ ഇന്ത്യൻ രാഷ്ട്രപതിയുടെ വിധിയുണ്ടെന്നു കാണിച്ചാണ് അഷ്റഫും ഉമ്മർകുട്ടിയും തട്ടിപ്പു നടത്താൻ ശ്രമിച്ചത്. കോർപറേഷനെയും സർക്കാരിനെയും കബളിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള പരാതി.
പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ത്യൻരാഷ്ട്രപതിയുടെ ലെറ്റർപാഡും സീലും വ്യാജമായി നിർമ്മിച്ചതാണെന്നു വ്യക്തമായത്. ഈകേസിൽ നേരത്തെ അറസ്റ്റിലായ വി.പി. എം അഷ്റഫ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഉമ്മർകുട്ടിയെ കൂടുതൽ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്ത് കോടേരി അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്