- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവ്വീസ് കാലാവധി നീട്ടാൻ രേഖകൾ തിരുത്തുന്നു; കൃഷിവകുപ്പിലെ 15 ജീവനക്കാർ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; അന്വേഷണം താഴെത്തട്ടിൽ മാത്രമാക്കി ഒതുക്കുന്നതോടെ രക്ഷപെടുന്നത് വമ്പൻ സ്രാവുകളും; പിന്നിൽ വൻലോബിയെന്നും സൂചന
തിരുവനന്തപുരം: സർവ്വീസ് കാലാവധി നീട്ടികിട്ടാൻ ജീവനക്കാർ രേഖകൾ കൃത്രിമമായി തിരുത്തുന്ന പ്രവണത സർക്കാർ മേഖലയിൽ വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ച് സർക്കാർ രേഖകളിലെ ജനനത്തീയതി തിരുത്തിയതിന് കൃഷി വകുപ്പിലെ വിവിധ തസ്തികകളിൽ ജോലി ചെയ്തിരുന്ന 15 ഓളം പേർ പിടിയിലായിരുന്നു. സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പ് വിജിലൻസ് സെല്ലായിരുന്നു ക്രമക്കേട് കണ്ടെത്തിയത്.
ജീവനക്കാർക്ക് വ്യാജ വിദ്യാഭ്യാസരേഖകൾ നിർമ്മിച്ചു നൽകുന്നതിന് വൻലോബികൾ പ്രവർത്തിക്കുന്നതായാണ് വിവരം. ഇത്തരത്തിൽ ഇവർ വ്യാജ വിദ്യാഭ്യാസ രേഖ ഉണ്ടാക്കി സർവ്വീസ് കാലാവധി നീട്ടുമ്പോൾ അതുവഴി നിരവധിപേർക്ക് ലഭിക്കേണ്ട ജോലി സാധ്യതകൾ അടയുകയും പ്രൊമോഷനുകൾ ഇല്ലാതാകുകയും ചെയ്യും. മാത്രമല്ല സർക്കാർ തിരുത്തുന്ന കാലാവധി മുഴുവൻ അനർഹമായി അവർക്ക് വേണ്ടി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുകയും പെൻഷൻ ആകുമ്പോൾ ആ കാലയളവിനുള്ള ആനുകൂല്യങ്ങൾ കൂടി നൽകേണ്ടി വരുകയും ചെയ്യും.
2016 ൽ സർക്കാരിന് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നിയമവിരുദ്ധപ്രവർത്തനം നടത്തിയ ജീവനക്കാരെ കണ്ടെത്തിയത്. അന്വേഷണം പൂർത്തിയാകാത്തതിനാൽ ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. കുറ്റക്കാരെ കണ്ടെത്തിയിട്ട് നാളുകളേറെയായെങ്കിലും മനപ്പൂർവം നടപടി താമസിപ്പിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്. പ്യൂൺ, സ്വീപ്പർ അടക്കമുള്ള സാധാരണക്കാരായ ജീവനക്കാരെ മാത്രമാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഉന്നത സ്വാധീനങ്ങളില്ലാതെ ഇവർക്ക് മാത്രമായി രേഖകൾ തിരുത്താൻ കഴിയില്ലെന്നത് വ്യക്തമാണ്. എന്നാൽ ഗസറ്റഡ് തസ്തികയിലുള്ള ഉദ്യോഗസ്ഥർ അന്വേഷണപരിധിയിൽ വന്നിട്ടില്ല. കൂടുതൽപേർ ഇത്തരത്തിൽ സർവീസ് നീട്ടാൻ വ്യാജരേഖ ചമച്ചിട്ടുണ്ടെന്നാണ് ആരോപണം.
ഒന്നും രണ്ടും വർഷങ്ങൾ സർവീസ് നീട്ടിയെടുത്തവരുണ്ട്. സീനിയർ ക്ലാർക്കും അതിനു താഴെയുമുള്ള തസ്തകകളിലാണ് തിരുത്ത് കണ്ടെത്തിയിരിക്കുന്നത്. സാധാരണഗതിയിൽ രേഖകൾ തിരുത്തണമെങ്കിൽ അപേക്ഷ നൽകണം. എസ്.എസ്.എൽ.സി. ബുക്കിലെ വിവരങ്ങൾ തിരുത്തിയാലേ സർവീസ് രേഖ തിരുത്താനാവൂ. പത്താം ക്ലാസ് യോഗ്യത ഇല്ലാത്തവരാണെങ്കിൽ സ്‌കൂൾ രേഖകൾ നൽകണം. സർവീസ് രേഖ തിരുത്താൻ, ജോലിചെയ്യുന്ന സ്ഥലത്തെ സ്ഥാപനത്തിന്റെ മേധാവിക്കാണ് അപേക്ഷ നൽകേണ്ടത്. ആ അപേക്ഷ ജില്ലാ മേധാവിക്ക് കൈമാറും. ജില്ലാ മേധാവി വകുപ്പ് ഡയറക്ടർക്കും ഡയറക്ടർ സർക്കാരിനും സമർപ്പിക്കും.
സർക്കാരാണ് തീരുമാനമെടുത്ത് ഡയറക്ടറെ അറിയിക്കുന്നത്. ഡയറക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ മേധാവി രേഖകൾ തിരുത്തിനൽകും. ഇത്ര സങ്കീർണമായ പ്രക്രിയ ഇവരെങ്ങനെ സാധിച്ചുവെന്നു വ്യക്തമല്ല. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നതേയുള്ളൂവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ദ്രുതഗതിയിൽ സെക്രട്ടറിയേറ്റിൽ നിന്ന് ഈ ഫയലുകൾ വകുപ്പിലേയ്ക്ക് തിരിച്ചുവിളിച്ച് ജനനതീയതിയിൽ കൃത്രിമത്വം കാണിച്ചവർക്കെതിരെ അടിയന്തര നടപടികൾ കൈകൊള്ളണമെന്ന് അന്നത്തെ കൃഷി വകുപ്പ് സെക്രട്ടറി രാജു നാരായണസ്വാമി നോട്ട് എഴുതിയെങ്കിലും ഒരു നടപടിയും എടുക്കാൻ അദ്ദേഹത്തിന് കീഴിലുള്ളവർ തയ്യാറായില്ല. ജനനതീയതി തിരുത്താൻ അവർക്ക് കൂട്ടുനിന്ന കൃഷി ഓഫീസർമാർ അടക്കമുള്ള മുതിർ ഉദ്യോഗസ്ഥർക്കെതിരെയും ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല. അവരിൽ പലരും ഇതിനകം വിരമിക്കുകയും ചെയ്തു.
സർവ്വീസ് ബുക്ക് ഡിജിറ്റലൈസ് ചെയ്യുക എന്നതാണ് ഇത്തരം തട്ടിപ്പുകൾ തടയാനുള്ള ഏകമാർഗം. എന്നാൽ ഇ ഫയലിങ് പുരോഗമിക്കുമ്പോഴും സർവീസ് ബുക്ക് ഡിജിറ്റലൈസ് ചെയ്യാൻ അധികൃതർ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. കൃഷിവകുപ്പിൽ മാത്രമാണ് അന്വേഷണം നടന്നിട്ടുള്ളത്. സമാനമായ പ്രവർത്തനങ്ങൾ മറ്റ് വകുപ്പുകളിൽ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. വിദ്യാഭ്യാസരേഖകൾ തിരുത്തുന്നതിന് കൃഷിവകുപ്പിലെ ജീവനക്കാരേക്കാൾ എളുപ്പം വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാർക്കായിട്ടും അത്തരമൊരു അന്വേഷണം പോലും നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആരോപണം. കിട്ടിയ പരാതിയിൽ പേരിനൊരു അന്വേഷണം നടത്തി താഴേക്കിടയിലെ ജീവനക്കാരെ ബലിയാടാക്കി തല ഊരുന്നതല്ലാതെ വ്യാജരേഖകളുടെ ശ്രോതസ്സ് കണ്ടെത്താനോ കൂടുതൽ വകുപ്പുകളിൽ പരിശോധന നടത്താനോ സർക്കാർ തയ്യാറാകുന്നില്ലെന്ന് പരാതിക്കാർ പറയുന്നു.