പന്തളം: ലിവിങ് ടുഗദർ കമിതാക്കൾ കള്ളനോട്ടുമായി പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് തെക്ക് കാട്ടിൽ കടവിൽ അമ്പലത്തിൽ വീട്ടിൽ നാസർ എന്ന വിളിക്കുന്ന താഹ നിയാസ് (47), തഴവ കുറ്റിപ്പുറം എസ്ആർപി മാർക്കറ്റ് ജങ്ഷനിൽ ശാന്ത ഭവനിൽ ചന്ദ്രസേനന്റെ മക്കൾ ദീപ്തി (34) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. സംശയം തോന്നി പിടിയിലായ ഇരുവരെയും ചോദ്യം ചെയ്തപ്പോഴണ് കള്ളനോട്ടടി പുറത്തു വന്നത്.

തിങ്കളാഴ്ച രാത്രി ഏഴു മണിയോടെ പുഴിക്കാട് തച്ചിരേത്ത് ജങ്ഷനിൽ പ്രവർത്തിക്കുന്ന കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം 2000 രൂപയുടെ നോട്ട് നൽകുകയായിരുന്നു. നോട്ടിന്റെ കെട്ടിലും മട്ടിലും സംശയം തോന്നിയ കടയുടമ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വച്ചു. വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.

കരുനാഗപ്പള്ളിയിൽ തുണിക്കട നടത്തുകയായിരുന്നു ദീപ്തി.തൊട്ടടുത്ത് തന്നെ മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്നു താഹ. ലോകഡൗൺ സമയത്ത് ഇരുവരും കടകൾ നിർത്തിയാണ് കള്ളനോട്ട് അടി തുടങ്ങിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ദീപ്തിയുടെ വീട്ടിൽ നിന്ന് കള്ളനോട്ട് അടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററും കളർ ഫോട്ടോസ്റ്റ് മെഷിനും, 100 രൂപയുടെ ഏഴു കള്ളനോട്ടും പൊലീസ് പിടിച്ചെടുത്തു. ഇരുവരും കഴിഞ്ഞ ആറുമാസത്തിലേറെയായി തട്ടിപ്പ് നടത്തി വരികയായിരുന്നു. ഭർത്താവുമായി ബന്ധം അവസാനിപ്പിച്ച ദീപ്തി താഹുമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ജില്ലാ പൊലീസ് ചീഫ് ആർ. നിശാന്തിനിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈ.എസ്‌പി ബി വിനോദ്, പന്തളം എസ്എച്ച്ഒ എസ് ശ്രീകുമാർ, എസ്ഐമാരായ ബി അനീഷ്, അജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം