- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാന്യമായ വസ്ത്രം ധരിച്ച് ഹൃദ്യമായ പെരുമാറ്റവുമായെത്തും; നൽകുന്ന ഫോൺ നമ്പർ മുതൽ പണയ ഉരുപ്പടി വരെ വ്യാജൻ; കൊല്ലം ജില്ലയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു
കൊല്ലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്ന തട്ടിപ്പ് സംഘങ്ങൾ കൊല്ലം ജില്ലയിൽ സജീവമാകുന്നു. ഉരച്ച് നോക്കിയാൽ പോലും പെട്ടെന്ന് മനസ്സിലാകാത്ത വ്യാജ സ്വർണവുമായി പണയ സ്ഥാപനങ്ങളിൽ എത്തുന്നത് കാഴ്ച്ചയിൽ മാന്യന്മാർ എന്ന് തോന്നിക്കുന്നവരാണ്. നന്നായി വസ്ത്രം ധരിച്ച് ആകർഷകമായ പെരുമാറ്റവുമായി എത്തുന്നവർ നൽകുന്ന ഫോൺ നമ്പരും അഡ്രസും മുതൽ പണയ ഉരുപ്പടി വരെ വ്യാജമായിരിക്കും എന്ന് മാത്രം.
കൊല്ലം ജില്ലയുടെ മലയോരമേഖലകൾ കേന്ദ്രീകരിച്ചാണു തട്ടിപ്പുകൾ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം തീയതി പത്തനാപുരം പള്ളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ എത്തിയ തട്ടിപ്പുകാരൻ 20 ഗ്രാം തൂക്കമുള്ള മുക്കുപണ്ടം പണയം വച്ച് തട്ടിയെടുത്തത് 65,000 രൂപയാണ്. മാന്യമായി വസ്ത്രം ധരിച്ചെത്തിയ ഇയാൾ അടിയന്തര ചികിത്സ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിയിൽനിന്ന് പണം തട്ടിയത്. പണയമിടപാട് സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയിൽ പത്തനാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്.
ഉരച്ചുനോക്കിയാൽ ഒറിജിനലിനെ പോലും വെല്ലുന്ന വ്യാജൻ. ബിഐഎസ് മുദ്ര അടക്കം എല്ലാം ഇവർ കൊണ്ടുവരുന്ന ആഭരണത്തിൽ ഉണ്ടാകും. പക്ഷേ മുക്കുപണ്ടം ആണെന്ന് മാത്രം. മാന്യമായി വസ്ത്രം ധരിച്ചാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. സ്ത്രീകൾ ജീവനക്കാരായുള്ള സ്വകാര്യ പണയമിടപാട് സ്ഥാപനങ്ങളാണ് ഇവരുടെ പ്രധാന ലക്ഷ്യം. അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജേനയാണ് പലരും ഇത്തരം സ്ഥാപനങ്ങളിൽ എത്തുന്നത്. ഇവർ നൽകുന്ന തിരിച്ചറിയിൽ രേഖകളും ഫോൺ നമ്പരും വ്യാജമാണെന്നു മനസിലാക്കുന്നത് പണയം വച്ചത് മുക്കുപണ്ടം ആണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ്.
ഇത്തരം സംഭവങ്ങൾ വ്യാപകമാകുന്നതിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ ജാഗ്രത പാലിക്കണമെന്നും എല്ലാ സ്ഥാപനങ്ങളിലും കെവൈസി നിർബന്ധമാക്കണമെന്നും പത്തനാപുരം സിഐ സന്തോഷ് കുമാർ പറഞ്ഞു.
മറുനാടന് ഡെസ്ക്