തൃശ്ശൂർ : നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രത്തിൽ തെറ്റായ വാർത്ത. സിപിഐ കഴിഞ്ഞ ദിവസം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സി.സി.മുകുന്ദൻ മരിച്ചതായാണ് പത്രത്തിന്റെ ചരമകോളത്തിൽ വാർത്തയായി പ്രസിദ്ധീകരിച്ചത്. ഫോട്ടോ സഹിതം നൽകിയ വാർത്തയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.

ജന്മഭൂമി തൃശൂർ എഡിഷനിലാണ് വാർത്ത വന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കൾ തൃശൂരിൽ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് മുകുന്ദനെ നാട്ടികയിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

അന്ധമായ രാഷ്ട്രീയ വൈരാഗ്യം ഒരു മാധ്യമത്തെ എത്രമാത്രം അധ:പതിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് വാർത്തയെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കാർട്ടൂൺ വരച്ച പാരമ്പര്യമുണ്ട് ജന്മഭൂമിക്ക്. വംശവെറിയിൽ സ്വന്തം റെക്കോർഡ് തിരുത്താനുള്ള വെമ്പലിൽ ഇത്തവണ അവർ ത്യാഗനിർഭരമായ പൊതു ജീവിതത്തിനുടമയായ തൊഴിലാളി നേതാവിനെ, നാട്ടികയിലെ എൽഡിഎഫ് സ്ഥാനാർത്ഥി  സി. സി. മുകുന്ദനെ ഇതാ ചരമക്കോളത്തിൽ കയറ്റിയിരിക്കുന്നുവെന്നാണ് പ്രതിഷേധം പങ്കുവച്ചുകൊണ്ട് പുറത്തുവന്നിട്ടുള്ള കുറിപ്പിൽ പറയുന്നത്.

യുവാക്കളുടെ സമരത്തിൽ പങ്കെടുത്ത് ഡൽഹിയിലെ കുതിരപ്പൊലീസിന്റെ കൊടിയ മർദ്ദനത്തെ അതിജീവിച്ചയാളാണ്  സി സി മുകുന്ദൻ. ബിജെപി നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന പത്രത്തിൽ എതിർ സ്ഥാനാർത്ഥിയെ ചരമ പേജിൽ ഫോട്ടോ സഹിതം വാർത്തയാക്കിയതിലെ ഭീഷണി മനസിലാകുന്നുണ്ട്. സംഘപരിവാർ രാഷ്ട്രീയത്തെ ജീവിതം കൊണ്ടു പ്രതിരോധിക്കുന്ന ഒരു തൊഴിലാളി നേതാവിന്റെ ശരീരത്തിൽ ഒരു തരിമണ്ണു വീഴാതെ കാക്കാൻ മണപ്പുറത്തെ ജനങ്ങൾ മുൻപോട്ട് വരുമെന്നും കുറിപ്പിൽ പറയുന്നു.

ജന്മഭൂമിയും ബിജെപി സംസ്ഥാന നേതൃത്വവും സി.സി മുകുന്ദനോട് മാപ്പു പറയാനുള്ള മര്യാദ കാണിക്കണം. കറുത്തവരേയും ഹിന്ദുത്വത്തിന്റെ ജാതി ശ്രേണിയിലെ താഴ്ന്നവരേയും കാണുമ്പോൾ ജന്മഭൂമിക്കുണ്ടാകുന്ന വെറിക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി പറയുമെന്നും കുറിപ്പിൽ പറയുന്നു.

നാട്ടികയിൽ സിറ്റിങ് എംഎൽഎ ഗീതാ ഗോപിയെ ഒഴിവാക്കിയാണ് ഇത്തവണ സിസി മുകുന്ദനെ സ്ഥാനാർത്ഥിയായി സിപിഐ പ്രഖ്യാപിച്ചത്. രണ്ടു ടേം എംഎൽഎയായ ഗീതാ ഗോപിയെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പിനെ തുടർന്നാണ് മാറ്റിയത്. വനിതാ പ്രാതിനിധ്യം കണക്കിലെടുത്ത് ഗീതാഗോപിയെ വീണ്ടും മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചെങ്കിലും പ്രാദേശിക തലത്തിൽ ധാരണയുണ്ടാക്കാനായില്ല.