- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
30,000 അടി ഉയരത്തിൽനിന്നു 500 കിലോമീറ്റർ ദൂരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാം; പടിഞ്ഞാറൻ അതിർത്തികളിൽ ആകാശ, സമുദ്ര നിരീക്ഷണങ്ങൾക്ക് ഏറ്റവും മികച്ചത്; ഒരേ സമയം 100 ടാർഗെറ്റുകൾ ട്രാക്ക് ചെയ്യാനും അവയിൽ പകുതിയോളം എണ്ണത്തിലും 'ഇടപെടാനും' കഴിയും; ഓരോ ടാർഗെറ്റിനെയും നിരീക്ഷിച്ച് തത്സമയം റിപ്പോർട്ടും നൽകും; ഹിമാലയത്തിന്റെ കണ്ണാകാൻ ഇസ്രയേലിൽ നിന്ന് കൂടുതൽ ഫാൽകണുകൾ; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാൻ അത്യാധൂനിക റഡാർ വിമാനങ്ങളും
ന്യൂഡൽഹി : അതിർത്തിയിലെ ശത്രുക്കളെ തുരത്താൻ പുത്തൻ ആയുധവുമായി ഇന്ത്യ. ഒരു ബില്യൻ യുഎസ് ഡോളർ ചെലവിൽ ഇസ്രയേലിൽ നിന്നു രണ്ട് ഫാൽക്കൺ എഡബ്ല്യുഎസിഎസ് ആണ് വ്യോമസേന വാങ്ങുന്നത്. ഇസ്രയേൽ നിർമ്മിത വ്യോമ മുന്നറിയിപ്പ്, നിയന്ത്രണ സംവിധാനങ്ങൾ (എഡബ്ല്യുഎസിഎസ്) ചേർന്ന ഫാൽക്കൺ വിമാനങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ശത്രുവിന്റെ പോർവിമാനങ്ങളെയും ക്രൂസ് മിസൈലുകളെയും ഡ്രോണുകളെയും കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇവയ്ക്കു സാധിക്കും. ശത്രുസൈന്യത്തിന്റെ ഒരുക്കങ്ങളെ വിലയിരുത്തി തിരിച്ചടിക്കു തയ്യാറെടുക്കാൻ സേനയെ സഹായിക്കുന്നു.
വർദ്ധിച്ചു വരുന്ന അന്താരാഷ്ട്ര അതിർത്തിയിലെ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റവും തുടർന്നുള്ള കുഴപ്പങ്ങളും ലഡാക്കിലെ ചൈനയുമായുള്ള അതിർത്തി സംഘർഷവും ആണ് ഈ തീരുമാനത്തിന് കാരണം. സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിൽ നിർമ്മിച്ച വായുവിലൂടെയുള്ള ഭീഷണി നേരിടുന്നതിനുള്ള റഡാർ സംവിധാനമായ ഫാൽക്കൺ അവാക്സാണ് വാങ്ങുന്നത്. റഷ്യൻ നിർമ്മിത എ-50 എയർക്രാഫ്റ്രിന് മുകളിൽ ഘടിപ്പിക്കുന്ന ഫാൽക്കൺ റഡാർ 360 ഡിഗ്രി തിരിഞ്ഞ് ശത്രുക്കളുടെ നീക്കം സസൂക്ഷ്മം നിരീക്ഷിക്കും.
നിലവിൽ ഇന്ത്യയ്ക്ക് ഫാൽക്കൺ റഡാർ ഘടിപ്പിച്ച മൂന്ന് വിമാനങ്ങളുണ്ട്. 240 ഡിഗ്രി നിരീക്ഷണത്തിന് ഉതകുന്ന ഡിആർഡിഒ നിർമ്മിത വിമാനങ്ങൾ രണ്ടെണ്ണവുമുണ്ട്. സിയാച്ചിൻ മേഖലയിലേക്ക് സേനാ നീക്കം ശക്തിപ്പെടുത്തുന്നതിനും ചൈനയോട് ചേർന്ന് കിടക്കുന്ന ദൗലത് ബെഗ് ഓൾട്ടി മേഖലയിലേക്ക് മെച്ചപ്പെട്ട റോഡ് സൗകര്യം ഉണ്ടാക്കാനും കേന്ദ്ര സർക്കാർ തീരമാനിച്ചിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിന് ഫാൽകൺ റഡാർ സംവിധാനം ഉപയോഗിക്കും.
ചൈനയ്ക്ക് ഇവ 28 എണ്ണമാണുള്ളത്. പാക്കിസ്ഥാന് ഏഴും. ഫാൽക്കൺ റഡാറുകൾ രണ്ട് മുതൽ മൂന്ന് വർഷമെടുത്താകും എത്തുക. ഫെബ്രുവരി 26ലെ ബാലാകോട്ട് ആക്രമണത്തിൽ പാക്കിസ്ഥാൻ രണ്ട് സ്വിസ് നിർമ്മിത റഡാർ സംവിധാനമുള്ള വിമാനങ്ങളിൽ സ്ഥിതി നിരീക്ഷിച്ചിരുന്നു. ഇതും ലഡാക്കിലുണ്ടായ ചൈനീസ് പ്രകോപനവും വായുവിലൂടെയുള്ള ഭീഷണി നേരിടുന്നതിനുള്ള റഡാർ സംവിധാനം കരസ്ഥമാക്കേണ്ടതിന്റെ ആവശ്യം വായുസേനക്ക് ബോദ്ധ്യപ്പെടാൻ കാരണമായി. ഈ സാഹചര്യത്തിലാണ് ഫാൽക്കൺ വാങ്ങുന്നത്. വ്യോമസേനയ്ക്കു നിലവിൽ മൂന്ന് ഫാൽക്കൺ ഉണ്ട്. രണ്ടെണ്ണം കൂടി ചേരുമ്പോൾ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിനു കരുത്ത് കൂടും.
റഷ്യയുടെ ഇല്ല്യുഷിൻ -76 ട്രാൻസ്‌പോർട്ട് വിമാനത്തിലാണ് എഡബ്ല്യുഎസിഎസ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ നിരീക്ഷണ ശേഷി കാരണം 'ആകാശത്തിലെ കണ്ണ്' എന്നാണു വിളിപ്പേര്. ശത്രുവിമാനങ്ങൾ, മിസൈലുകൾ, അതിർത്തിക്കപ്പുറത്തുള്ള സൈനികരുടെ നീക്കങ്ങൾ എന്നിവ ട്രാക്ക് ചെയ്യാൻ ഫാൽക്കണിനു കഴിയും. ഇസ്രയേലിന്റെ എഡബ്ല്യുഎസിഎസിനു പുറമെ ഇന്ത്യയുടെ ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച മുന്നറിയിപ്പ് നിയന്ത്രണ സംവിധാനവും വ്യോമസേന ഉപയോഗിക്കുന്നുണ്ട്.
ആധുനിക യുദ്ധത്തിൽ എഡബ്ല്യുഎസിഎസ്, എഇഡബ്ല്യു ആൻഡ് സി എന്നീ നിയന്ത്രണ, മുന്നറിയിപ്പ് സംവിധാനങ്ങൾ ഘടിപ്പിച്ച വിമാനങ്ങളുടെ സാന്നിധ്യം നിർണായകമാണ്. എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിന് 2018 ഒക്ടോബറിൽ റഷ്യയുമായി 5 ബില്യൻ ഡോളറിന്റെ കരാർ ഒപ്പിട്ടിരുന്നു. മിസൈൽ സംവിധാനത്തിനായി കഴിഞ്ഞ വർഷം റഷ്യയ്ക്ക് ഇന്ത്യ 800 മില്യൻ ഡോളർ കൈമാറിയിരുന്നു. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളെ നാൽപതോളം സുഖോയ് യുദ്ധവിമാനങ്ങളിലേക്ക് സംയോജിപ്പിക്കുന്നതും പുരോഗമിക്കുകയാണ്.
30,000 അടി ഉയരത്തിൽനിന്നു 500 കിലോമീറ്റർ ദൂരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതാണു ഫാൽക്കൺ എഡബ്ല്യുഎസിഎസിന്റെ വിശേഷത. ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ ഇവ ആകാശ, സമുദ്ര നിരീക്ഷണങ്ങൾക്ക് ഏറ്റവും മികച്ചതാണ്. വാസയോഗ്യമല്ലാത്ത ഭൂപ്രദേശം കാരണം റഡാർ യൂണിറ്റുകൾ സ്ഥാപിക്കാൻ കഴിയാത്ത വടക്കൻ അതിർത്തികളിലെ ഹിമാലയൻ പർവതനിരകളിൽ ഫാൽക്കൺ ഇന്ത്യയുടെ കണ്ണായി മാറും. ഒരേ സമയം 100 ടാർഗെറ്റുകൾ ട്രാക്ക് ചെയ്യാനും അവയിൽ പകുതിയോളം എണ്ണത്തിലും 'ഇടപെടാനും' കഴിയും. ഓരോ ടാർഗെറ്റിനെയും നിരീക്ഷിച്ച് തത്സമയം റിപ്പോർട്ടും നൽകും.
ഭൂനിരപ്പിൽ നിന്ന് 40,000 അടി വരെ സ്‌കാൻ ചെയ്യാനുള്ള ശേഷിയോടെയാണു ഫാൽക്കൺ റഡാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഈ പരിധിയിലുള്ള ചലിക്കുന്ന എല്ലാ വസ്തുക്കളും ഫാൽക്കൺ റഡാർ സൂക്ഷ്മമായി വിലയിരുത്തും. മിസൈൽ ഭീഷണിയേയും ഇതിലൂടെ ചെറുക്കാം.
മറുനാടന് മലയാളി ബ്യൂറോ