- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലുവയിലെ കോൺഗ്രസുകാർക്കെതിരെ തീവ്രവാദബന്ധം എഴുതി ചേർത്തത് ദ്വീർഘകാലം അഴിക്കുള്ളിൽ ഇടാൻ; വ്യക്തി വൈരാഗ്യം തീർക്കും വിധത്തിലുള്ള നടപടിയിൽ പുലിവാല് പിടിച്ചത് സർക്കാറും പൊലീസും; നേരിട്ട് ഇടപെട്ട മുഖ്യമന്ത്രി റൂറൽ എസ്പി കാർത്തിക്കിനെ വിളിച്ചു വരുത്തി വിശദീകരണം തേടി; ആലുവ സിഐ അവധിയിൽ
കൊച്ചി: ആലുവയിൽ മൊഫിയ പർവീണിന്റെ ആത്മഹത്യയിൽ സിഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരംചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ വ്യക്തി വൈരാഗ്യം തീർക്കും വിധത്തിൽ തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് പുലിവാല് പിടിച്ചു. സംഭവത്തിൽ പ്രതിപക്ഷം വൻ പ്രതിഷേധം ഉയർത്തിയതോടെ മുഖ്യമന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടു. തീവ്രവാദ ബന്ധം ആരോപിച്ച പൊലീസ് റിപ്പോർട്ടിൽ സംഭവത്തിൽ റൂറൽ എസ്പി കാർത്തിക്കിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി വിശദീകരണം തേടി.
ആലുവ ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്. സംഭവത്തിൽ കേസ് ഫയലുകൾ മുഖ്യമന്ത്രി പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷിച്ച സ്പെഷ്യൽ ബ്രാഞ്ച് എസ്പിയെയും ഡി.വൈ.എസ്പിയെയും മുഖ്യമന്ത്രി വിളിപ്പിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ആലുവ സിഐ. സൈജു പോൾ അവധിയിൽ പ്രവേശിച്ചു. സംഭവത്തിൽ കസ്റ്റഡി റിപ്പോർട്ട് തയ്യാറാക്കിയതിൽ മേൽനോട്ടം വഹിക്കുന്നതിൽ സിഐക്ക് വീഴ്ച സംഭവിച്ചു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ റൂറൽ എസ് പി തന്നെ നേരത്തെ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അവധിയിൽ പ്രവേശിച്ചിരിക്കുന്നത് ആരോഗ്യകാരണത്താലാണെന്നും കേസുമായി ബന്ധപ്പെട്ടല്ലെന്നുമാണ് പൊലീസുകാർ നൽകുന്ന വിവരം.
മൊഫിയയുടെ ആത്മഹത്യയിൽ സിഐക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരോപിച്ച് സമരംചെയ്ത കോൺഗ്രസ് പ്രവർത്തകരുടെ കസ്റ്റഡി റിപ്പോർട്ടിലാണ് പൊലീസ് തീവ്രവാദ ബന്ധം ആരോപിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് ആലുവ എംഎൽഎ അൻവർ സാദത്ത് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഡിജിപി വിശദീകരണം തേടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
അറസ്റ്റിലായ മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും തിങ്കളാഴ്ച ആലുവ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. വെള്ളിയാഴ്ച ഇവർക്ക് താത്കാലിക ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായവരെ നീണ്ടകാലം റിമാൻഡ് ചെയ്യുകയെന്ന ലക്ഷ്യത്തോടെ പൊലീസ് നടത്തിയ നീക്കമെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം കോടതിയിൽ പ്രതിഭാഗം അഭിഭാഷകർ ചൂണ്ടിക്കാട്ടുകയും ചെയ്തു. കോൺഗ്രസ് ജനപ്രതിനിധികൾ തുടർച്ചയായി 50 മണിക്കൂർ പൊലീസ് സ്റ്റേഷൻ ഉപരോധം നടത്തിയ ശേഷമാണ് മൊഫിയയുടെ ആത്മഹത്യാ കുറിപ്പിൽ പരാമർശമുണ്ടായിരുന്ന സിഐ. സി.എൽ. സുധീറിനെ സസ്പെൻഡ് ചെയ്തത്. ഇതോടെ ആലുവ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സമരക്കാരോട് തീരാത്ത പകയുണ്ടായെന്നാണ് ആരോപണം.
സമരക്കാരെ എങ്ങനെയെങ്കിലും ജയിലിൽ കിടത്തുകയെന്ന ലക്ഷ്യത്തോടെ ജാമ്യം ലഭിക്കാത്ത മൂന്ന് കേസുകളും ജാമ്യം ലഭിക്കുന്ന ഏഴ് കുറ്റങ്ങളുമാണ് സമരക്കാർക്കെതിരേ ചുമത്തിയിരുന്നത്. ഡി.ഐ.ജി.യുടെ ഔദ്യോഗിക വാഹനം തടഞ്ഞതിനും ഫ്ലാഗ് പോസ്റ്റ് കേടുവരുത്തിയതിനും ജലപീരങ്കിക്ക് കേടുവരുത്തിയതിനും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും അവരെ പരിക്കേൽപ്പിച്ചതിനുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നത്.
ഇതിൽ ജലപീരങ്കിക്ക് കേടുപാടുകൾ വരുത്തിയ കേസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് അറസ്റ്റിലായവർക്ക് തീവ്രവാദ ബന്ധം ആരോപിച്ചത്. മൂന്നുപേർക്കെതിരേയും മൂന്ന് കുറ്റകൃത്യങ്ങൾ ഒരേ പോലെ ചുമത്തിയിട്ടും ഒന്നിൽ മാത്രം തീവ്രവാദ ബന്ധം ആരോപിച്ചത് റിമാൻഡ് ചെയ്യിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണമുയർന്നു.
സംഭവത്തിൽ എസ്ഐ. ആർ. വിനോദിനെയും ഗ്രേഡ് എസ്ഐ. രാജേഷിനെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തു. വാഹനം നശിപ്പിച്ച കേസുകൾ ഉള്ളതിനാൽ കോടതിയിൽ കെട്ടിവെക്കേണ്ട ജാമ്യത്തുകയായ 63,700 രൂപ അൻവർ സാദത്ത് എംഎൽഎ.യാണ് നൽകിയത്. ഈ തുക കെട്ടി വെച്ചതിനു ശേഷം മൂന്ന് പ്രതികളും തിങ്കളാഴ്ച സ്ഥിരം ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
മറുനാടന് മലയാളി ബ്യൂറോ