ഗുവാഹത്തി: കോവിഡ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമൊക്കെ എതിരെ നടക്കുന്ന ദുഷ്‌ചെയ്തികൾ സമീപകാലത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിൽ മിക്കതിലും ആശുപത്രിയോ ജീവനക്കാരോ ആയിരുന്നു പ്രതിഭാഗം.എങ്കിലും ജനങ്ങൾ പ്രതികരിക്കുന്ന സംഭവങ്ങൾ കുറവായിരുന്നു. എന്നാൽ ഇപ്പോഴിത ജനങ്ങളുടെ ഒരു പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്, കോവിഡ് രോഗി മരിച്ചതിനെത്തുടർന്ന് ഡോക്ടറെ ബന്ധുക്കൾ ക്രൂരമായി മർദ്ദിക്കുന്നതാണ് വീഡിയോ.

കഴിഞ്ഞ ദിവസം അസമിലെ ഹോജായി പ്രദേശത്തെ ഉഡായി മോഡൽ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഗുവാഹത്തിയിൽ നിന്നും 140 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി. ഇവിടെ കോവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന പിപാൽ പുഖുരി സ്വദേശിയായ ജിയാസ് ഉദ്ദീൻ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഓക്‌സിജൻ ദൗർലഭ്യമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ഇയാളുടെ ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജൂനിയർ ഡോക്ടർക്ക് നേരെ അതിക്രമം നടത്തിയത്.

 


കോവിഡ് ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കൾ ഡോക്ടറെ ആശുപത്രി മുറിയിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.ഡ്യൂട്ടി ഡോക്ടറായ സിയൂജ് കുമാറിനെ ഇടിക്കുകയും ചവിട്ടുകയും ചെയ്തതിന് ശേഷം ഇഷ്ടിക അടക്കം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.പരിക്കേറ്റ സിയൂജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡോക്ടറുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോ പങ്കുവച്ചുകൊണ്ട് നിരവധി ഡോക്ടർമാരും സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. വീഡിയോ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമം നടത്തിയ 24 പേരെ അറസ്റ്റ് ചെയ്തതായും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.