ന്യൂഡൽഹി: പെട്രോളിനും ഡീസലിനും അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻസ് സെസ് (എഐഡിസി) ഈടാക്കാൻ ബജറ്റിൽ നിർദ്ദേശം. അതേസമയം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിനാൽ ഈ സെസിന്റെ പേരിൽ ഇന്ധന വില കൂടില്ല. പെട്രോൾ ലീറ്ററിന് രണ്ടര രൂപയും ഡീസൽ ലീറ്ററിന് നാലു രൂപയുമാണ് എഐഡിസിയായി ഈടാക്കുക. ‘‘ചില ഉൽപന്നങ്ങൾക്ക് അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡെവലപ്‌മെൻസ് സെസിന് നിർദ്ദേശിക്കുന്നു. എന്നാൽ ഇവ ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവിന് അധിക ബാധ്യത വരാതിരിക്കാനും ശ്രദ്ധപുലർത്തിയിട്ടുണ്ട്.'' – ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കർഷക ക്ഷേമത്തിനായാണ് പുതിയ സെസ് ഏർപ്പെടുത്തുന്നത്.

മദ്യത്തിന് നൂറു ശതമാനം അഗ്രി ഇൻഫ്രാ സെസ് ഏർപ്പെടുത്താനും ബജറ്റിൽ നിർദ്ദേശമുണ്ട്. അസംസ്‌കൃത പാമോയിൽ- 5 ശതമാനം, അസംസ്‌കൃത സൊയാബീൻ -20 ശതമാനം എന്നിവയ്ക്കും അഗ്രി സെസ് ഏർപ്പെടുത്തും. സ്വർണക്കട്ടി, വെള്ളിക്കട്ടി എന്നിവയ്ക്ക് അഞ്ചു ശതമാനവും ചില വളങ്ങൾക്ക് അഞ്ചു ശതമാനവും കൽക്കരിക്ക് ഒന്നര ശതമാനവും അഗ്രി സെസ് ഈടാക്കും. കടല, പീസ്, പരിപ്പ് , പരുത്തി എന്നിവയ്ക്കും അഗ്രി സെസ് ഈടാക്കുമെന്ന് ബജറ്റിൽ പറയുന്നു. നാളെ മുതൽ ഇതു നിലവിൽ വരും.

അതേസമയം, സ്വർണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ കുറച്ചു. സ്വർണത്തിനും വെള്ളിക്കും നിലവിൽ 12.5 ശതമാനം അടിസ്ഥാന കസ്റ്റംസ് തീരുവയുണ്ടെന്നും 2019 ജൂലൈയിൽ കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് ഉയർത്തിയതിനാൽ ഇവയുടെ വില കുത്തനെ ഉയർന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. മുമ്പത്തെ നിലയിലാക്കാൻ സ്വർണത്തിന്റെയും വെള്ളിയുടേയും കസ്റ്റംസ് തീരുവ കുറയ്ക്കുകയാണെന്നും അവർ പറഞ്ഞു.

സ്വർണം, വെള്ളി എന്നിവയുടെ വില വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സ്വർണ കള്ളക്കടത്ത് കേസുകൾ കൂടി വരുന്ന പശ്ചാത്തലത്തിൽ സർക്കാർ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 12.5 ശതമാനം ഇറക്കുമതി തീരുവ, മൂന്നു ശതമാനം ജിഎസ്ടി എന്നിവ മൂലം സ്വർണ്ണക്കടത്ത് കൂടിയതെന്ന വിലയിരുത്തലുണ്ടായിരുന്നു.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളുടെ പശ്ചാത്തലത്തിൽ സ്വർണം 'സുരക്ഷിത നിക്ഷേപമായി' മാറിയിട്ടുണ്ടെന്ന് വെള്ളിയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിനെ അപേക്ഷിച്ച് 2020 നവംബറിൽ സ്വർണ വില 26.2 ശതമാനം വർധിച്ചുരുന്നു.

  മൊബൈൽ ഫോൺ വിലയിലും വർധനവുണ്ടാകും. കേന്ദ്രബജറ്റിൽ വിദേശനിർമ്മിത മൊബൈൽ ഫോൺ ഘടകങ്ങൾക്കുള്ള ഇറക്കുമതി ഇളവിൽ മാറ്റം വരുത്തിയതോടെയാണ് വില കൂടാനുള്ള സാഹചര്യം ഉടലെടുത്തത്. നികുതി ഇല്ലാതിരുന്ന ഘടകങ്ങൾക്ക് 2.5 ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താനാണ് തീരുമാനിച്ചിക്കുന്നത്. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബജറ്റിൽ പറയുന്നു. 

ലെതർ, അമൂല്യ കല്ലുകൾ, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകൾ എന്നിവയുടെ ഇറക്കുമതി ചുങ്കം കൂട്ടിയതിന്റെ ഫലമായി ഇവ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾക്ക് വില കൂടും. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യൻ നിർമ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വർണ്ണത്തിനും വെള്ളിക്കും , ഇരുമ്പിനും വില കുറയും. പ്രധാനമായും വില കൂടുന്ന ഉത്പന്നങ്ങൾ ഇവയാണ്. പെട്രോളിനും ഡീസലിനും കാർഷിക സെസ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറയ്ക്കും എന്നതിനാൽ ഇന്ധന വിലയിൽ വർധനവുണ്ടാവാൻ സാധ്യതയില്ല.

വില കൂടും

1.ലെതർ ഉത്പന്നങ്ങൾ
2.ഇറക്കുമതി ചെയ്യുന്ന ഓട്ടോമൊബൈൽ ഭാഗങ്ങൾ
3.ഇലക്ട്രോണിക് ഉപകരണങ്ങൾ
4.മൊബൈൽ ഫോണുകൾ
5.അമൂല്യ കല്ലുകൾ, രത്നങ്ങൾ
6.സോളാർ സെല്ല്

വില കുറയുന്നവ

1.സ്വർണം , വെള്ളി
2.വൈദ്യുതി
3.ചെരുപ്പ്
4.ഇരുമ്പ്
5.സ്റ്റീൽ
6.ചെമ്പ്
7.നൈലോൺ തുണി