ന്യൂഡൽഹി: റിപ്പബ്ലിക്ദിനത്തിൽ ട്രാക്ടർറാലി ചെങ്കോട്ടയിൽ കൊടിനാട്ടുന്നതിലും അക്രമത്തിലും കലാശിച്ചതിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന തിരിച്ചറിവിൽ കർഷക സംഘടനകൾ. പ്രതിഷേധം അതിരുവിട്ട സാഹചര്യത്തിൽ നേരത്തേ പ്രഖ്യാപിച്ച പാർലമെന്റ് മാർച്ചിൽനിന്ന് കർഷകസംഘടനകൾ പിന്മാറി. ഭാരതീയ കിസാൻ യൂണിയൻ (ഭാനുപ്രതാപ് സിങ് വിഭാഗം), രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘതൻ എന്നീ സംഘടനകകൾ സമരത്തിൽനിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ കർഷക സംഘടനകൾ പലവഴിക്ക് പോവുകയാണ്. കർഷക സംഘചനകൾ പാർലമെന്റ് മാർച്ചിനു പകരം ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30-ന് ഉപവാസവും ജനസഭയും നടത്തും.

അക്രമത്തിൽ മുന്നൂറോളം പൊലീസുകാർക്കാണ് പരിക്കേറ്റത്. അതിനിടെ അക്രമവുമായി ബന്ധപ്പെട്ട് നേതാക്കളെയടക്കം പ്രതികളാക്കി കർഷകർക്കെതിരേ 22 കേസുകൾ രജിസ്റ്റർ ചെയ്തു. ചെങ്കോട്ടയിലേതടക്കം പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതിനാണ് കേസുകളേറെയും. 200 പേരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിന് ആഹ്വാനംനൽകിയ 550 അക്കൗണ്ടുകളുടെ പ്രവർത്തനം ട്വിറ്റർ ബുധനാഴ്ച താത്കാലികമായി നിർത്തിവെച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്തി. ഡൽഹി-യു.പി. അതിർത്തിയായ ചില്ലയിൽ സമരംനടത്തുന്ന ഭാനുപ്രതാപ് സിങ് വിഭാഗം കർഷകസമരത്തിന് നേതൃത്വംനൽകുന്ന സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമല്ല. ഇവരാണ് അക്രമങ്ങൾ നടത്തിയത്.

അതിനിടെ സമരക്കാരുമായി ചർച്ചകൾ തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ചർച്ചയുടെ വാതിലുകൾ അടഞ്ഞതായി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. കേന്ദ്രമന്ത്രിസഭ റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഭവങ്ങൾ വിശദമായി ചർച്ച ചെയ്തുവെന്നാണ് സൂചനകൾ. നിശ്ചിത കാലത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാമെന്ന് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. ഒന്നരവർഷത്തോളം നിയമങ്ങൾ മരവിപ്പിക്കാമെന്നും പിന്നീട് ചർച്ച ചെയ്തു തീരുമാനിക്കാമെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. പൗരത്വ നിയമത്തിനും ഇതുവരെ ചട്ടങ്ങളൊന്നും തീരുമാനിച്ചിട്ടില്ല.

മോർച്ചയുടെ ഭാഗമായിട്ടുള്ള ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ഭാഗമാണ് സമരത്തിൽ നിന്നു പിന്മാറിയ രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘതൻ. ഈ സംഘടനയുടെ നേതാവ് വി എം.സിങ് നേരത്തേ കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനറായിരുന്നു. അഭിപ്രായഭിന്നതയെത്തുടർന്ന് സിങ്ങിനെ ഈ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇന്നലെ കർഷക സംഘടനകൾ യോഗം ചേർന്നിരുന്നു. റാലി അക്രമാസക്തമായതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും സമരം തുടരുമെന്നും സംയുക്ത കിസാൻ മോർച്ച നേതാക്കൾ സിംഘുവിൽചേർന്ന യോഗത്തിനുശേഷം വ്യക്തമാക്കി.

അക്രമത്തിനു പിന്നിൽ ബിജെപി.-ആർ.എസ്.എസ്. ഏജന്റുമാരാണെന്ന് നേതാക്കൾ ആരോപിച്ചു. ചെങ്കോട്ടയിൽ സിഖ് പതാക (ഖൽസ) നാട്ടിയതടക്കമുള്ള സംഘർഷത്തിലെ മുഖ്യ ആസൂത്രകൻ പഞ്ചാബി ചലച്ചിത്രനടൻ ദീപ് സിദ്ദുവാണ്. സിദ്ദുവിന് ബിജെപി. നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സംഘർഷമുണ്ടായ നാലുമണിക്കൂർ പൊലീസ് കാഴ്ചക്കാരായി നിന്നു. സിദ്ദുവിനെ അറസ്റ്റുചെയ്യാത്തതെന്തെന്നും നേതാക്കൾ ചോദിച്ചു.

രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് സർക്കാരിന് ലഭിച്ചിരുന്നോയെന്നും പൊലീസുകാർ മൂകസാക്ഷികളായത് എന്തുകൊണ്ടെന്നും ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആവശ്യപ്പെട്ടു. സിപിഎം. അടക്കമുള്ള പ്രതിപക്ഷകക്ഷികളും സർക്കാരിനെതിരേ രംഗത്തെത്തി. 'അന്നദാതാക്കൾ എന്നു പറഞ്ഞവർ ഭീകരവാദികളാണെന്നു തെളിഞ്ഞുവെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. ചൊവ്വാഴ്ച രാത്രി തന്നെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേർന്നു. സമരത്തിൽ രാജ്യവിരുദ്ധ ശക്തികൾ നുഴഞ്ഞുകയറിയെന്ന പാർട്ടിയുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഡൽഹിയിലെ അക്രമങ്ങളെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

റിപ്പബ്ലിക്ദിനത്തിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ ഹർജികൾ. സംഭവത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിനിത് ജിൻഡാൽ ഹർജി നൽകിയത്. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയതിനെതിരെ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായി നിയമവിദ്യാർത്ഥിയും കോടതിയെ സമീപിച്ചു. അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയോഗിക്കണമെന്ന് അഭിഭാഷകനായ വിശാൽ തിവാരി ഹർജിയിൽ ആവശ്യപ്പെട്ടു.

ട്രാക്ടറുകൾ ഒന്നിനു പിറകെ ഒന്നായി നീങ്ങണം, ഒരു ട്രാക്ടറിൽ അഞ്ചിൽ കൂടുതൽ പേർ കയറാനാവില്ല എന്നതടക്കം കർശന നിർദേശങ്ങളാണു കിസാൻ പരേഡിൽ പങ്കെടുക്കുന്ന കർഷകർക്കു സംഘടനകൾ നൽകിയിരുന്നത്. അവയെല്ലാം കാറ്റിൽപ്പറത്തി ഒരു വിഭാഗം കർഷകർ ഡൽഹിയിലേക്ക് ഇരച്ചുകയറിയതു സംഘടനാ നേതാക്കളെ ഞെട്ടിച്ചു. പ്രശ്‌നങ്ങൾ സൃഷ്ടിച്ച കർഷകരുമായി തങ്ങൾക്കു ബന്ധമില്ലെന്നും കൃഷി നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമല്ലാത്തവരാണ് അതിനു പിന്നിലെന്നും പിന്നാലെ സംഘടനകൾ വാർത്താക്കുറിപ്പിറക്കി.

സിംഘുവിൽ ചേർന്ന കർഷക സംഘടനകളുടെ യോഗത്തിൽ അഭിപ്രായവ്യത്യാസങ്ങളുയർന്നു. പ്രക്ഷോഭത്തിൽ തുടർന്നു പങ്കെടുക്കാൻ താൽപര്യമില്ലെന്ന് 2 സംഘടനകൾ അറിയിച്ചത് കർഷകരെ ചൊടിപ്പിച്ചു. ഇവർക്കെതിരെ മുദ്രാവാക്യം വിളികളുമായി ഏതാനും പേർ രംഗത്തുവന്നു.