ലുധിയാന: കേന്ദ്രത്തിന്റെ കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ സമരവുമായി രംഗത്തെത്തിയ കർഷകർ അംബാനിക്കും അദാനിക്കുമെതിരായ സമരം കൂടുതൽ ഊർജ്ജിതമാക്കുന്നു. പഞ്ചാബിലാണ് ഇരുകൂട്ടരെയും ബഹിഷ്‌ക്കരിക്കാനുള്ള നീക്കം ശക്തമായിരിക്കുന്നത്.

പഞ്ചാബിലെ ലുധിയാനയിൽ റിലയൻസിന്റെ പെട്രോൾ പമ്പ് വളഞ്ഞാണ് കർഷകരുടെ പ്രതിഷേധം. കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരുടെ കാര്യത്തിൽ തങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇവർ പറഞ്ഞു. ഇന്ന് രാവിലെയാണ് ലുധിയാനയിലുള്ള റിലയൻസിന്റ പെട്രോൾപമ്പ് വളഞ്ഞ് കർഷകർ പ്രതിഷേധിച്ചത്.

ഈ പ്രശ്‌നത്തിന് കേന്ദ്ര സർക്കാർ എത്രയും വേഗം പരിഹാരം കാണണമെന്നും കാർഷിക നിയമം പിൻവലിക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും കർഷകർ അറിയിച്ചു. അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്തമാക്കാനും കർഷകർ തീരുമാനിച്ചിട്ടുണ്ട്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ പിരിവ് അനുവദിക്കില്ലെന്നും കർഷകർ അറിയിച്ചിട്ടുണ്ട്. സമരം കോർപ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം.

കോർപറേറ്റ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന കർഷകരുടെ ആഹ്വാനം രാജ്യവ്യാപകമായി സ്വീകരിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചാബിലെ വിവിധ റിലയൻ പമ്പുകൾക്ക് മുന്നിൽ കർഷകർ സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.