ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ നടന്ന അനിഷ്ട സംഭവങ്ങളുടെ പേരിൽ കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടയക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കർഷക സംഘടനകൾ. ചർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്നും കർഷക നേതാക്കൾ ആവശ്യപ്പെട്ടു. സമ്മർദ്ദത്തിന്റെ പേരിൽ മാത്രം കർഷകർ ഒന്നിനും സമ്മതം മൂളില്ല. മാന്യമായ ഒരു പ്രശ്നപരിഹാരത്തിലെത്തേണ്ടതുണ്ടെന്നും കർഷക നേതാക്കൾ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് 84 പേരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നരേഷ് ടികായത്ത് അടക്കമുള്ള നേതാക്കളുടെ പ്രതികരണം. സംഘർഷത്തിനിടെ പ്രതിഷേധക്കാരിലൊരാൾ മരണപ്പെടുകയും ഒട്ടേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തെ തുടർന്ന് സിംഘു അതിർത്തിയിൽ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവർത്തകരെ സമരഭൂമിയിലേയ്ക്ക് കടത്തിവിടുന്നില്ല. സമരഭൂമിയിലേയ്ക്ക് കൂടുതൽ കർഷകരെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ദേശീയപാതയിൽ കുഴിയെടുത്ത് കോൺക്രീറ്റ് ബാരിക്കേഡുകളും സ്ഥാപിച്ച് തുടങ്ങി. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതും പൊലീസ് തടഞ്ഞു.



അതേ സമയം കർഷക പ്രതിഷേധം തകർക്കാൻ ഇന്റർ നെറ്റ് വിച്ഛേദിച്ച ഹരിയാന സർക്കാരിന്റെ നടപടിയെ വിഫലമാക്കുന്ന ഇടപെടലുകളാണ് ഹരിയാനയിലേയും ഡൽഹിയിലേയും നാട്ടുകാരിൽ നിന്നും ഉണ്ടാകുന്നത്. സംഘർഷം ഇല്ലാതാക്കാനും ക്രമസമാധാനം നിലനിർത്താനും എന്ന് പറഞ്ഞുകൊണ്ടായിരുന്നു 17 ജില്ലകളിലെ ഇന്റർനെറ്റ് ബന്ധം സർക്കാർ വിച്ഛേദിച്ചത്. എന്നാൽ കർഷകർക്ക് ആശയവിനിമയം നടത്താൻ നാട്ടുകാർ ആരാധനാലയങ്ങൾ തുറന്നു നൽകി. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികൾ വഴി കർഷകർ ആശയ വിനിമയം നടത്തുന്നുണ്ട്.

ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും മുസ്ലിം പള്ളികളുമൊക്കെ കർഷകർ തമ്മിലുള്ള ആശയവിനിമയത്തിന് സൗകര്യം ഒരുക്കുന്നുണ്ട്. കർഷക പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് ശ്രമം തുടങ്ങിയതോടെ വലിയ തരത്തിലുള്ള പിന്തുണയാണ് കർഷകർക്ക് ലഭിക്കുന്നത്.

ഖാസിപ്പൂരിൽ സമരം നടത്തുന്ന കർഷകരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞദിവസം യു.പി പൊലീസ് എത്തിയിരുന്നു. വെടിയേറ്റ് മരിക്കേണ്ടി വന്നാലും സമരമുഖത്ത് നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് കർഷകർ സ്വീകരിച്ചത്.

അതിനിടെ കർഷക സമരത്തിന് പരിഹാരം കാണുംവരെ 306 ഗ്രാമങ്ങളിൽ ബിജെപിക്ക് വിലക്കേർപ്പെടുത്തി ഹരിയാനയിലെ ധാദൻ ഖാപ്പ് രംഗത്തെത്തി. കല്യാണം പോലുള്ള പരിപാടികളിൽ ഒന്നും തന്നെ ബിജെപിക്കാരയോ ജെ.ജെ.പിക്കാരയോ ക്ഷണിക്കേണ്ടതില്ലെന്നാണ് തീരുമാനം.

കർഷക പ്രക്ഷോഭം തുടരുന്നതുവരെയും മൂന്ന് കാർഷിക നിയമങ്ങൾ സർക്കാർ റദ്ദാക്കുന്നതുവരെയും 306 ഗ്രാമങ്ങളിൽ നിന്നുള്ള ആരും വിവാഹച്ചടങ്ങുകൾ ഉൾപ്പെടെയുള്ള ഏതെങ്കിലും പരിപാടികളിൽ ബിജെപി-ജെ.ജെ.പി നേതാക്കളെ ക്ഷണിക്കില്ലെന്ന് തീരുമാനിച്ചതായി ധാദൻ ഖാപ്പ് നേതാവ് ആസാദ് പാൽവാ പറഞ്ഞു. കർഷക സമരം അടിച്ചമർത്താൻ ഹരിയാന സർക്കാർ ശ്രമം തുടരുന്നതിനിടെയാണ് ധാദൻ ഖാപ്പുകൾ നിലപാട് കടുപ്പിച്ചത്.



കർഷകർക്ക് പിന്തുണയുമായി കൂടുതൽ പേർ സമര സ്ഥലത്ത് എത്തിയതോടെ ആശങ്കയിലായിരിക്കുകയാണ് ബിജെപിയും കേന്ദ്രസർക്കാരും. റിപബ്ലിക് ദിനത്തിലെ സംഘർഷം കർഷക സമരത്തെ തകർക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. എന്നാൽ കർഷകരുടെ പുതിയ നടപടി ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്.

റിപ്പബ്ലിക് ദിനത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട് 38 കേസുകളാണ് ഡൽഹി പൊലീസ് ഇതുവരെ ഫയൽ ചെയ്തിരിക്കുന്നത്. 1700 മൊബൈൽ വിഡിയോ ക്ലിപ്പുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. അതേസമയം സർക്കാരുമായുള്ള ചർച്ചയ്ക്ക് ഉപാധികൾ വയ്ക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ചെങ്കോട്ട അക്രമം ഒഴികെയുള്ള കേസുകൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. സർക്കാരിന്റെ കാലാവധി തീരും വരെ നിയമം മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടേക്കും. നിയമം റദ്ദാക്കുന്നത് ചർച്ചയാകണമെന്നും സംഘടനകൾ നിലപാടെടുക്കും.