ന്യൂഡൽഹി: കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ നടത്തിയ അമിതാവേശം തിരിച്ചടിയാകുമോയെന്ന ആശങ്കയിൽ ബിജെപി. വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് കർഷകരെ പുകച്ചു ചാടിക്കാൻ നടത്തിയ ശ്രമത്തിനെതിരെ ഗ്രാമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ സമരത്തിൽ അണിചേരാൻ കർഷകരോട് കണ്ണീരൊഴുക്കി രാകേഷ് ടികായത്ത് നടത്തിയ ആഹ്വാനം പടിഞ്ഞാറൻ യുപിയിലും ഹരിയാനയിലും ജാതിരാഷ്ട്രീയത്തിന്റെ തിരയിളക്കുമോ എന്ന ആശങ്കയും ബിജെപി നേതൃത്വത്തിൽ ഉടലെടുത്തിട്ടുണ്ട്.

ഡൽഹി-യുപി അതിർത്തിയിലെ ഗസ്സിപ്പുരിൽ കർഷകരെ ഒഴിപ്പിക്കാൻ യുപി സർക്കാർ നടപടിയാരംഭിച്ചപ്പോഴാണ് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് കണ്ണീരൊഴുക്കി സമരത്തിൽ ചേരാൻ കർഷകരോട് ആഹ്വാനം ചെയ്തത്. ആഹ്വാനമേറ്റെടുത്ത് അടുത്ത ദിവസം യുപിയിലെ മുസഫർപുരിൽ ഒത്തുചേരാൻ മുൻകയ്യെടുത്തത് ജാട്ടുകളാണ്. ഇതാണു ബിജെപിക്കു തലവേദനയാകുന്നത്. രാകേഷിന്റെ സഹോദരൻ നരേഷ് ടികായത്ത് ആണു യോഗം നിയന്ത്രിച്ചത്. സമരത്തിനു യോഗം പൂർണപിന്തുണ പ്രഖ്യാപിച്ചു. ഹരിയാനയിൽ നിന്നുള്ള ജാട്ട് കർഷകരും മുസഫർപുരിലെ സമ്മേളനത്തിനെത്തിയിരുന്നു. നൂറു കണക്കിനു കർഷകർ അതിർത്തികളിലേക്കു വന്നുകൊണ്ടിരിക്കുന്നു.

ഹരിയാനയിൽ ഭരണം നിലനിർത്താൻ ബിജെപിക്ക് ജനനായക് ജനതാപാർട്ടിയെ ആശ്രയിക്കേണ്ടി വന്നിരുന്നു. ജാട്ട് ഭൂരിപക്ഷമുള്ള ജെജെപിക്കും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്കുംമേൽ കർഷക സമരത്തിന്റെ പേരിൽ ഭരണത്തിൽനിന്നു പിന്മാറാൻ വലിയ സമ്മർദമാണ്. ഐഎൻഎൽഡി നേതാവായ ദുഷ്യന്തിന്റെ അമ്മാവൻ അഭയ്‌സിങ് ചൗട്ടാല എംഎൽഎ സ്ഥാനം രാജിവച്ച ശേഷം ഗസ്സിപ്പുർ സമരത്തിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ദുഷ്യന്ത് കാലുമാറുമോ എന്ന ബിജെപിയുടെ ആശങ്ക അസ്ഥാനത്തല്ല.

ജാട്ട് വികാരം ഇളകിമറിഞ്ഞാൽ ഉത്തരേന്ത്യയിലെ ബിജെപിയുടെ വോട്ടുബാങ്കിന് ഇളക്കം തട്ടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഠാക്കൂർ ചായ്വ് ജാട്ടുകൾക്കുണ്ടാക്കിയ അസ്വസ്ഥതയും ഇതോടൊപ്പമുണ്ട്. സിഖ്, ഹിന്ദു ജാട്ടുകൾ തമ്മിൽ കർഷക സമരത്തിന്റെ പേരിലൊരു കൂട്ടായ്മ വന്നാൽ അത് എത്രത്തോളം ദോഷം ചെയ്യുമെന്നതു പാർട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉയർന്ന ജാതിക്കാരായ സമ്പന്ന കർഷകർ പുതിയ നിയമങ്ങളോടു കാണിക്കുന്ന വിമുഖതയും പ്രശ്‌നമാണ്. വിഷയം കൈവിട്ടു പോകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണു ബിജെപി. ഖാപ് പഞ്ചായത്ത് തലവന്മാരെയും പാർട്ടിയിലെ ജാട്ട് നേതാക്കളെയും ഉപയോഗിച്ച് സമുദായത്തിന്റെ ആശങ്ക പരിഹരിക്കാൻ പാർട്ടി ശ്രമം തുടങ്ങി.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് പിന്നാലെ കർഷക സമരം കൂടുതൽ കരുത്തോടെ തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്. ഏറ്റവും വലിയ ആൾക്കൂട്ടം ഫെബ്രുവരി രണ്ടിനു കർഷക സമര വേദികളിലെത്തും. പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ, യുപി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ കർഷകരെത്തുമെന്നു കർഷക നേതാവ് ബൽബീർ സിങ് രജേവാൽ പറഞ്ഞു.

അറസ്റ്റിലുള്ള കർഷകരെ വിട്ടയച്ചശേഷം കേന്ദ്ര സർക്കാരുമായി തുടർ ചർച്ച നടത്തിയാൽ മതിയെന്നാണു സംഘടനകളുടെ തീരുമാനം. ചെങ്കോട്ടയിലേക്ക് ഇരച്ചു കയറിയതൊഴികെ, റിപ്പബ്ലിക് ദിനത്തിലുണ്ടായ മറ്റു സംഘർഷങ്ങളിൽ കർഷകർക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.



കർഷകരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കൂടുതൽ കർഷകരെ സമരവേദിയിൽ എത്തിക്കാൻ നീക്കം. സമരവേദികളിലേക്കു കൂടുതൽ കർഷകരെത്തുന്നതു തടയാൻ ഡൽഹി- മീററ്റ് എക്രസ്പ്രസ് വേ അടച്ചിട്ടും ഇന്നലെ പിന്തുണയുമായി കൂടുതൽപേരെത്തി. നിരാഹാരമിരുന്ന നേതാക്കൾ വിവിധയിടങ്ങളിൽ യോഗങ്ങളെ അഭിസംബോധന ചെയ്തു. ഗസ്സിപ്പുരിൽ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പങ്കെടുത്ത യോഗം വൈകാരികമായി. ലക്ഷ്യം കാണാതെ സമരത്തിൽ പിന്മാറില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം കണ്ണീരണിഞ്ഞു.

സിംഘുവിൽ വെള്ളിയാഴ്ചയുണ്ടായ അക്രമസംഭവങ്ങളുടെ പേരിൽ കൂട്ട അറസ്റ്റ് നടക്കുന്നതിനിടെ വീണ്ടും ഗ്രാമീണരെന്ന പേരിൽ ചിലർ സമരവേദിക്കടുത്തെത്തി. കനത്ത സുരക്ഷയുണ്ടായിരുന്നതിനാൽ സംഘർഷം ഒഴിവായി. 44 പേരെയാണ് ഇന്നലെ മാത്രം അറസ്റ്റ് ചെയ്തത്. ഇവരിൽ പഞ്ചാബ് സ്വദേശി രഞ്ജീത് സിങ്ങിനെ (22) അറസ്റ്റ് ചെയ്തത് പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിപ്പരുക്കേൽപിച്ച കേസിലാണ്. റിപ്പബ്ലിക് ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ടു മാത്രം 38 കേസുകൾ രജിസ്റ്റർ ചെയ്തു. ആകെ 84 പേരെ അറസ്റ്റ്‌ െചയ്തു. തിക്രി, സിംഘു, ഗസ്സിപ്പുർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് വിഛേദിച്ചത് ഇന്നത്തേക്കു കൂടി നീട്ടിയിട്ടുണ്ട്.

സമരം സംബന്ധിച്ച് പാർലമെന്റിൽ ചർച്ച വേണമെന്നു സർവകക്ഷി യോഗത്തിൽ പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. ബില്ലുകൾ വിശദമായി ചർച്ച ചെയ്യാതെയാണു പാസാക്കിയതെന്നും പിൻവലിക്കണമെന്നും ആവശ്യമുയർന്നു. സമരത്തെ അവഗണിക്കരുതെന്നു കോൺഗ്രസ് നേരത്തേ പറഞ്ഞതാണെന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിച്ചത് കേന്ദ്രസർക്കാരിനുള്ള താക്കീതാണെന്നു തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായ പറഞ്ഞു. പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നും സമരത്തെക്കുറിച്ചു ചർച്ചകൾ വേണമെന്നും സിപിഎം നേതാവ് എളമരം കരീം, ആം ആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ, ശിവസേന നേതാവ് വിനായക് റൗട്ട് എന്നിവർ ആവശ്യപ്പെട്ടു. നിയമങ്ങൾ കർഷകർക്കു ഗുണകരമാണെന്നു ജെഡിയുവിന്റെ ആർസിപി സിങ് പറഞ്ഞു.

എന്നാൽ കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ടു പാർലമെന്റിലെ വിശദ ചർച്ച അടുത്ത മാസം ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലായിരിക്കുമെന്ന് കേന്ദ്ര സർക്കാർ സൂചന നൽകിക്കഴിഞ്ഞു. അടിയന്തര ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിലനിൽക്കെയാണിത്.

ഈ മാസം 15 വരെയുള്ള ആദ്യ ഘട്ടത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചർച്ച നടക്കുമെന്നു കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. മാർച്ച് 8ന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിന്റെ തുടക്കത്തിൽ ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. തുടർന്ന് ഏതു വിഷയത്തെക്കുറിച്ചും പ്രതിപക്ഷത്തിനു ചോദിക്കാമെന്നും ഉത്തരം നൽകാൻ കേന്ദ്രം തയാറാണെന്നും മന്ത്രി പറഞ്ഞു.

ഇതിനിടെ, കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വേളയിൽ കർഷകരോഷം ഉയരുമെന്ന ആശങ്കയിൽ രാജ്യതലസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി. കർഷകർ നടത്താനിരുന്ന പാർലമെന്റ് മാർച്ച് ഉപേക്ഷിച്ചെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. പ്രക്ഷോഭകേന്ദ്രങ്ങളായ ഗസ്സിപ്പുർ, സിംഘു, തിക്രി എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള വഴികളിൽ വൻ പൊലീസ് സന്നാഹമുണ്ട്.

ദേശീയപാതകളിലടക്കം ബാരിക്കേഡുകൾ, കോൺക്രീറ്റ് കട്ടകൾ എന്നിവ സജ്ജമാക്കി. അവ മറികടന്ന് നീങ്ങുന്ന ട്രാക്ടറുകളും വാഹനങ്ങളും പഞ്ചറാക്കാൻ ആണി തറച്ച പലകകളും നിരത്തി; സിംഘുവിൽ പലയിടത്തും ഗതാഗതം തടയാൻ റോഡിൽ കുഴികളെടുത്തു. മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനത്തിലും നിയന്ത്രണമേർപ്പെടുത്തി. ഹരിയാനയിലെ 14 ജില്ലകളിൽ ഏർപ്പെടുത്തിയ മൊബൈൽ ഇന്റർനെറ്റ് വിലക്ക് ഇന്ന് വൈകുന്നേരം 5 മണി വരെ നീട്ടി.

കൂടുതൽ കേസ്, അറസ്റ്റ്

മാധ്യമപ്രവർത്തകരായ മൻദീപ് പുനിയ, ധർമേന്ദ്ര സിങ് എന്നിവരെ പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്തു; ധർമേന്ദ്രയെ പിന്നീട് വിട്ടയച്ചെങ്കിലും മൻദീപ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം സിംഘുവിൽ കർഷകരെ ആക്രമിച്ചതു ബിജെപി പ്രവർത്തകരാണെന്നു മൻദീപ് റിപ്പോർട്ട് ചെയ്തിരുന്നു. സിംഘുവിൽ നിന്നു മൻദീപിനെ പൊലീസ് ബലമായി പിടിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അതിനു താഴെ ഇങ്ങനെ കുറിച്ചു 'സത്യത്തെ ഭയക്കുന്നവർ യഥാർഥ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു'.

ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചതിനെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുംവിധം ട്വീറ്റ് ചെയ്‌തെന്ന ആരോപണത്തിൽ ശശി തരൂർ എംപിക്കും രാജ്ദീപ് സർദേശായി ഉൾപ്പെടെ 6 മാധ്യമ പ്രവർത്തകർക്കും എതിരെ ബെംഗളൂരു പൊലീസും കേസെടുത്തു. സ്വകാര്യ കമ്പനി ജീവനക്കാരൻ ബി.എസ്. രാകേഷ് നൽകിയ പരാതിയിൽ രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണു പാരപ്പന അഗ്രഹാര പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ നേരത്തെ യുപി, മധ്യപ്രദേശ് പൊലീസും കേസെടുത്തിരുന്നു.

റിപ്പബ്ലിക് ദിനത്തിലെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 38 കേസ് രജിസ്റ്റർ ചെയ്‌തെന്നും 84 പേർ അറസ്റ്റിലായെന്നും ഡൽഹി പൊലീസ് അറിയിച്ചു. പൊതുജനങ്ങളിലും മാധ്യമപ്രവർത്തകരിലും നിന്നുമായി 1700 വിഡിയോ, സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെന്നും വ്യക്തമാക്കി. ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ഇതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. മൊബൈൽ സന്ദേശങ്ങളും ഡൽഹിയിലെത്തിയ ട്രാക്ടറുകളുടെ റജിസ്‌ട്രേഷൻ വിവരങ്ങളും പരിശോധിക്കുന്നുണ്ട്.

റിപ്പബ്ലിക് ദിനത്തിലെ കർഷക പരേഡിൽ പങ്കെടുത്ത നൂറിലധികം പേരെ കാണാതായതായി സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകും. ഇവരെ കണ്ടെത്താൻ കർഷകരെ ഉൾപ്പെടുത്തി സമിതിക്കു രൂപം നൽകിയെന്നും മോർച്ച നേതാവ് ദർശൻ പാൽ പറഞ്ഞു.