ന്യൂഡൽഹി: കർഷക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ സമരം തുടരുന്ന കർഷകരെ പ്രതിരോധിക്കാൻ വൻ സന്നാഹങ്ങളൊരുക്കി കേന്ദ്ര സർക്കാർ. ഇരട്ട ബാരിക്കേഡുകളും മുള്ളുകമ്പികളുമാണ് പ്രതിഷേധ സ്ഥലങ്ങളിൽ നിറഞ്ഞിരിക്കുന്നത്. കിടങ്ങുകൾ കുഴിച്ചും റോഡുകളിൽ ആണി വിതറിയും ഇന്റർനെറ്റ് വിച്ഛേദിച്ചുമാണ് കർഷകർക്കെതിരെ സർക്കാർ ആക്രമണം നടത്തുന്നതെന്ന് കർഷക സംഘടനകൾ ആരോപിച്ചു

റിപബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ രാജ്യതലസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങൾക്കു ശേഷം പ്രധാന സമരകേന്ദ്രങ്ങളായ സിംഘു, ഗസ്സിപുർ, തിക്രി തുടങ്ങിയ ഇടങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹി ഹരിയാന അതിർത്തിക്കു സമീപമുള്ള സിംഘുവിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതോടെ ജലക്ഷാമം രൂക്ഷമായതായും കർഷകർ അറിയിച്ചു. പ്രശ്‌നങ്ങൾ ഉണ്ടായ പ്രദേശത്തെ അഞ്ചു സോണുകളായി തിരിച്ച് അവിടെ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്



പ്രതിഷേധം നടക്കുന്ന ഇടങ്ങൾ വരെ വാട്ടർ ടാങ്കുകൾക്ക് എത്താനാകുന്നില്ല എന്നാണ് കർഷകർ അറിയിച്ചത്. കഴിഞ്ഞ നവംബർ മുതൽ ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഭക്ഷണം പാകം ചെയ്യാനോ ദിനചര്യകൾ നടത്താനോ ജലം ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചതിൽ ഇന്ത്യ ദുഃഖിതയാണെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം റേഡിയോ പരിപാടിയിൽ പറഞ്ഞത്.

പൊലീസിനു പുറമേ ദ്രുതകർമസേനയും സിആർപിഎഫും ഡൽഹി- യുപി അതിർത്തിയിലെ ഗസ്സിപുരിലുണ്ട്. കേന്ദ്രത്തിന്റെ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. പാലമാണ് പണിയേണ്ടതെന്നും മതിലുകളല്ലെന്നും ആണികളും മുള്ളുകമ്പികളും നിറച്ച ബാരിക്കേഡുകളുടെ ചിത്രങ്ങൾ പങ്കുവച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതിനിടെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ കർഷകരുടെ സമരം സമീപകാലത്തൊന്നും അവസാനിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് സൂചന നൽകി.

സമരം അടുത്തകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല. നിയമം പിൻവലിച്ചില്ലെങ്കിൽ വീട്ടിലേക്ക് മടക്കമില്ല എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പ്രക്ഷോഭം ഒക്ടോബറിന് മുമ്പ് അവസാനിക്കില്ല, രാകേഷ് ടികായത് പറഞ്ഞു.

സമരംചെയ്യുന്ന കർഷകർക്കെതിരായ പൊലീസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കർഷകരെ മോചിപ്പിക്കാൻ തയ്യാറാവുകയും ചെയ്തില്ലെങ്കിൽ സർക്കാരുമായി ഇനിയൊരു ഔപചാരിക ചർച്ചയ്ക്ക് തങ്ങൾ തയ്യാറല്ലെന്ന് സംയുക്ത കിസാൻ മോർച്ച ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം ആരംഭിച്ചതിന് ശേഷം പതിനൊന്നുവട്ടം കർഷകരും സർക്കാരും തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ജനുവരി 22-നായിരുന്നു അവസാന വട്ട ചർച്ച.

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്നത്. പുതിയ നിയമങ്ങൾ കർഷകർക്ക് അവസരങ്ങൾ തുറന്നുകൊടുക്കുമെന്നും കാർഷിക മേഖലയെ പരിഷ്‌കരിക്കുമെന്നുമാണ് കേന്ദ്രം പറയുന്നത്. എന്നാൽ കർഷക നിയമങ്ങൾ കോർപറേറ്റുകൾക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്നാണ് കർഷകരുടെ നിലപാട്.