ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന് കൂടുതൽ കരുത്ത് പകർന്ന് കേരളലോബി. പ്രക്ഷോഭത്തിന്റെ ഭാഗമായി ലോക്‌സഭ സ്തംഭിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പോരാട്ടത്തിനാണ് കേരളലോബി നേതൃത്വം നൽകുന്നത്. പ്രക്ഷോഭത്തെക്കുറിച്ച് പ്രത്യേക ചർച്ച നടത്താൻ കേന്ദ്ര സർക്കാർ തയാറാകും വരെ സഭയിൽ പ്രതിഷേധം തുടരണമെന്നാണ് കേരളത്തിൽ നിന്നുള്ള എംപിമാരുടെ നിലപാട്.സഭയിൽ നടുത്തളത്തിലിറങ്ങിയുള്ള പ്രതിഷേധത്തിനും കേരളത്തിലെ എംപിമാരാണു നേതൃത്വം നൽകിയത്.പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിലെ എംപിമാരും ഒപ്പം നിന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലുള്ള നന്ദി പ്രമേയത്തിനിടെ പ്രക്ഷോഭത്തെക്കുറിച്ചു ചർച്ചയാവാമെന്ന കേന്ദ്ര വാഗ്ദാനം രാജ്യസഭയിൽ അംഗീകരിച്ച കോൺഗ്രസ് പക്ഷേ, ലോക്‌സഭയിൽ പ്രത്യേക ചർച്ച തന്നെ വേണമെന്നു നിലപാടെടുത്താണു കഴിഞ്ഞ ദിവസങ്ങളിൽ സഭാ നടപടികൾ തടസ്സപ്പെടുത്തിയത്.കർഷക പ്രക്ഷോഭത്തിൽ വിശദമായ ചർച്ച വേണമെന്നും കേന്ദ്രത്തെ കടന്നാക്രമിക്കാനുള്ള അവസരമായി അതുപയോഗിക്കണമെന്നും എംപിമാർ ചൂണ്ടിക്കാട്ടി. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും അതു പാർട്ടിക്കു ഗുണം ചെയ്യുമെന്ന വാദം രാഹുൽ ഗാന്ധിയും അംഗീകരിച്ചു. തുടർന്ന് മറ്റു കക്ഷി നേതാക്കളുമായി രാഹുൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യത്തിൽ ഉറച്ചു നിൽക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.

എന്നാൽ, ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരടക്കം രാജ്യസഭയിലെ ഏതാനും കോൺഗ്രസ് എംപിമാർക്ക് ലോക്‌സഭ സ്തംഭിപ്പിക്കുന്നതിൽ അതൃപ്തിയു
ണ്ട്. സഭ നടത്താനാവാത്ത വിധം ബഹളമുണ്ടാക്കുന്ന കേരള ലോബിയുടെ നിലപാട് ഗുണം ചെയ്യില്ലെന്നാണ് ഇവരുടെ വാദം. ജനങ്ങളുടെ വോട്ട് നേടി പാർലമെന്റിലെത്തിയവരെന്ന നിലയിൽ ഉത്തരം പറയേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്നും കേന്ദ്രത്തെ മുൾമുനയിൽ നിർത്തുന്ന പ്രതിഷേധമാണു വേണ്ടതെന്നുമാണു കേരളത്തിൽ നിന്നടക്കമുള്ള അംഗങ്ങൾ ഇതിനു നൽകുന്ന മറുപടി.

പാർലമെന്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് അവസാനിക്കുമെന്നിരിക്കെ, നന്ദി പ്രമേയം, ബജറ്റ് എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കേണ്ടതുണ്ട്.അതുകൊണ്ട് തന്നെ ലോക്‌സഭയിലെ ബഹളം അവസാനിപ്പിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണു കേന്ദ്രം. സ്പീക്കർ ഓം ബിർല അടുത്തദിവസം വിളിച്ചിട്ടുള്ള കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രശ്‌നപരിഹാരം ഉരുത്തിരിയുമെന്നാണു പ്രതീക്ഷ.

ദേശീയപാത ഉപരോധം പൂർണ്ണം

കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകസംഘടനകളുടെ ആഹ്വാനപ്രകാരം കഴിഞ്ഞ ദിവസം നടന്ന റോഡ് തടയൽ പഞ്ചാബിലും ഹരിയാണയിലും രാജസ്ഥാനിലും പൂർണം. കരിമ്പ് വിളവെടുപ്പുനടക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. മറ്റുസംസ്ഥാനങ്ങളിലും പ്രധാനകേന്ദ്രങ്ങളിലെ ദേശീയ-സംസ്ഥാന പാതകളിലെ ഗതാഗതം കർഷകർ സ്തംഭിപ്പിച്ചു.ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെനടന്ന സമരത്തിൽ എവിടെയും സംഘർഷമൊന്നും റിപ്പോർട്ടുചെയ്തിട്ടില്ല.സമരത്തിന് പിന്തുണപ്രഖ്യാപിച്ച് പല സംസ്ഥാനങ്ങളിലും കോൺഗ്രസും ഇടതുപാർട്ടികളും റോഡ് തടഞ്ഞു.

റോഡിനുകുറുകെ വാഹനങ്ങളിട്ടും ധർണ നടത്തിയുമായിരുന്നു പ്രതിഷേധം. ഡൽഹിയെ റോഡ്തടയൽ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. എങ്കിലും റിപ്പബ്ലിക്ദിനത്തിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിൽ അരലക്ഷത്തോളം പൊലീസുകാരുടെയും അർധസൈനികരുടെയും കാവലിലായിരുന്നു ദേശീയതലസ്ഥാനം.മണ്ഡിഹൗസ്, ഐ.ടി.ഒ. എന്നിവയടക്കം പത്ത് മെട്രോസ്റ്റേഷനുകൾ സുരക്ഷാ മുൻകരുതലിൽ അടച്ചിട്ടു.

അതേസമയം കർഷക സമരത്തെ നേരിടാൻ വീണ്ടും കേന്ദ്രസർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചു. സിംഗു, ഖാസിപൂർ, തിക്രി അതിർത്തികളിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇൻർനെറ്റ് വിച്ഛേദിച്ചത്.ശനിയാഴ്ച രാത്രി 11:59 വരെയാണ് ഇന്റർനെറ്റ് ബന്ധത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജനുവരി 29 നും അതിർത്തി പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിലക്കിയിരുന്നു.

 

സമയം ഗാന്ധിജയന്തി വരെ; നിലപാട് വ്യക്തമാക്കി കർഷക നേതൃത്വം

കാർഷികനിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാരിന് ഒക്ടോബർ രണ്ടുവരെ സമയമുണ്ടെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. അതിനുശേഷം മറ്റു സമരപരിപാടികൾക്ക് രൂപംനൽകും. ആവശ്യങ്ങൾ അംഗീകരിക്കാതെ കർഷകർ വീടുകളിലേക്ക് മടങ്ങില്ലെന്നും ഗസ്സിപ്പുർ സമരകേന്ദ്രത്തിൽ സംസാരിക്കവേ ടിക്കായത്ത് വ്യക്തമാക്കി.കർഷക സമരം അടിച്ചമർത്താനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങൾ ഏതുവിധേനയും പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഖാസിപ്പൂരിൽ കർഷകർ നടത്തുന്ന സമരം ഒക്ടോബർ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് അറിയിച്ചു.'ഖാസിപ്പൂരിലെ പാടങ്ങൾ ഞങ്ങൾ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കർഷകരെയും ഒപ്പം കൂട്ടും', ടികായത് വ്യക്തമാക്കി

കേന്ദ്രസർക്കാരിനെ ചോദ്യം ചെയ്യാൻ ശക്തമായ പ്രതിപക്ഷമുണ്ടായിരുന്നെങ്കിൽ കർഷകർ ദുരിതത്തിലാകില്ലായിരുന്നുവെന്നും രാകേഷ് ടികായത് കുറ്റപ്പെടുത്തി.
'രാജ്യത്തെ പ്രതിപക്ഷം ശക്തമായിരുന്നുവെങ്കിൽ കർഷകർക്ക് ഈ ഗതി വരില്ലായിരുന്നു. അവർ ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. എന്നാൽ അവരൊന്നും ചെയ്യുന്നില്ല. പ്രതിപക്ഷത്തുള്ള ഏതെങ്കിലും നേതാക്കൾ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ജയിലിൽ പോയതായി അറിവുണ്ടോ?', ടികായത് ചോദിച്ചു.