ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭം കടുപ്പിക്കുമെന്ന് കർഷകരുടെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ ഹരിയാനയിൽ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കർഷക സംഘടനകൾ പറഞ്ഞു. ബിജെപി നേതാക്കളെയും മന്ത്രിമാരെയും സംസ്ഥാനത്ത് ദേശീയപതാക ഉയർത്താൻ അനുവദിക്കില്ലെന്നും കർഷക സംഘടനാ നേതാക്കൾ കൂട്ടിച്ചേർത്തു.

ഹരിയാനയിൽ വ്യാപകമായി റാലികളും ട്രാക്ടർ പരേഡും നടത്തും. സംസ്ഥാനത്തെ മന്ത്രിമാർക്ക് നേരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കർഷകർ പറഞ്ഞു.

നിലവിൽ ജന്തർ മന്ദിറിലാണ് കർഷകരുടെ പ്രതിഷേധ സമരം പുരോഗമിക്കുന്നത്. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് മണി വരെ ദിവസേന 200 പേർക്കാണ് പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ പൊലീസ് അനുമതി നൽകിയിരിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിനകത്തും വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്.