- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച കർഷകരുടെ കണക്ക് അറിയില്ല; പ്രക്ഷോഭത്തിനിടെ കർഷകർ മരിച്ചതിന് രേഖയുമില്ല, അതിനാൽ ധനസഹായവുമില്ലെന്ന് കേന്ദ്രസർക്കാർ നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് കേന്ദ്രസർക്കാർ; കൃഷിമന്ത്രിയുടെ മറുപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡൽഹി: പിൻവലിച്ച കാർഷിക നിയമങ്ങൾക്ക് എതിരായ പ്രതിഷേധങ്ങൾക്കിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കി.
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം നൽകുന്ന നടപടികളെക്കുറിച്ചുള്ള പ്രതിപക്ഷ ചോദ്യത്തിലാണ് കേന്ദ്രത്തിന്റെ ഉത്തരം. 750 കർഷകർ സമരത്തിനിടെ മരിച്ചെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ നിലപാട്. ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാർലമെന്റിൽ രേഖാമൂലം മറുപടി പറയവേയാണ് നരേന്ദ്ര സിങ് തോമസ് കർഷകർക്ക് സഹായം നൽകില്ലെന്ന് അറിയിച്ചത്. 'കാർഷിക മന്ത്രാലയത്തിന്റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാൽ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യമില്ല' -കൃഷിമന്ത്രി പ്രതികരിച്ചു.
കൃഷിമന്ത്രിയുടെ മറുപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഓക്‌സിജൻ ലഭിക്കാതെ രാജ്യത്ത് ആരും മരിച്ചില്ലെന്ന കേന്ദ്രസർക്കാർ വാദത്തിന് സമാനമാണ് ഈ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. കേന്ദ്ര സർക്കാറിന്റെ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന പ്രക്ഷോഭത്തിനിടെ 700ഓളം കർഷകർക്കാണ് ജീവൻ നഷ്ടമായത്. തിങ്കളാഴ്ച മൂന്ന് കാർഷിക നിയമങ്ങളും പാർലമെന്റ് പിൻവലിച്ചിരുന്നു. ചർച്ച ഒഴിവാക്കി മിനിട്ടുകൾക്കകം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാണ് നിയമങ്ങൾ പിൻവലിച്ചത്.
'അടിസ്ഥാന താങ്ങുവില പ്രശ്‌നം, ലഖിംപൂർ ഖേരി കർഷകക്കൊല, കർഷകരുടെ മരണം തുടങ്ങിയവ ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ, നിർഭാഗ്യവശാൽ ചർച്ച അനുവദിച്ചില്ല' -കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരം പിൻവലിക്കാൻ കർഷക സംഘടനകൾ തയാറായിട്ടില്ല. കർഷകർ ഉന്നയിക്കുന്ന മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടാൽ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കുവെന്നാണ് സംയുക്ത കിസാൻ മോർച്ചയുടെ പ്രതികരണം.
വിളകൾക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക, പ്രക്ഷോഭത്തിനിടെ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക തുടങ്ങിയവയാണ് കർഷകരുടെ ആവശ്യം.
രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം
പാർലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി. സസ്പെന്റ് ചെയ്ത എംപിമാരെ തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ കോൺഗ്രസും കർഷക പ്രശ്നങ്ങൾ ഉയർത്തി ലോക്സഭയിൽ ടിആർഎസും പ്രതിഷേധിച്ചു. തുടർന്ന് ഇരുസഭകളും രണ്ടുമണിവരെ നിർത്തിവച്ചു. രാജ്യസഭാ നടപടികൾ തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിൽ ഇറങ്ങി. എംപിമാരുടെ സസ്‌പെൻഷൻ നടപടികൾ പിൻവലിക്കണം എന്നായിരുന്നു ആവശ്യം.
എന്നാൽ, സസ്‌പെൻഷൻ പിൻവലിക്കണമെന്ന ആവശ്യം സഭാധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളി. സസ്‌പെന്റ് ചെയ്യപ്പെട്ട എംപിമാർ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും സസ്‌പെൻഷൻ പിൻവലിക്കുന്ന പ്രശ്‌നമേയില്ലെന്നും സ്പീക്കർ പറഞ്ഞു.
ലോക്‌സഭയിൽ കോൺഗ്രസ് എംപിമാർ നടപടികളുമായി സഹകരിച്ചു. ചോദ്യോത്തര വേളയിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധം ഉയർത്തിയില്ല. എന്നാൽ തെലങ്കാനയിൽ നിന്നുള്ള അംഗങ്ങൾ പ്രതിഷേധമുയർത്തുകയായിരുന്നു. കർഷക പ്രശ്‌നങ്ങൾ ഉയർത്തിയായിരുന്നു ടിആർഎസ് എംപിമാരുടെ പ്രതിഷേധം. ടിആർഎസ് എംപിമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.
മറുനാടന് ഡെസ്ക്