ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ചരക്ക് വാഹന സംഘടന. സമരം അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം എന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് കോൺഗ്രസ് (എ.ഐ.എം ടി.സി) ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്നും സംഘടന അറിയിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ ഡിസംബർ എട്ടിന് പണിമുടക്കുമെന്ന് എ.ഐ.എം ടി.സി അറിയിച്ചു. ‘ഡിസംബർ എട്ട് മുതൽ ഉത്തരേന്ത്യയിലെ എല്ലാ പ്രവർത്തനങ്ങളും ഞങ്ങൾ അവസാനിപ്പിക്കും. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ രാജ്യവ്യാപകമായി ഞങ്ങളുടെ ചരക്ക് വാഹനങ്ങൾ പണിമുടക്കും', എ.ഐ.എം ടി.സി പ്രസിഡണ്ട് കുൽതരാൻ സിങ് അത്വാൽ പറഞ്ഞു. കർഷകർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ചെയ്യുന്നതെന്നും എ.ഐ.എം ടി.സി പ്രസ്താവനയിൽ പറയുന്നു. ചരക്ക് ഗതാഗതം പോലെ ഇന്ത്യയുടെ നട്ടെല്ലാണ് കൃഷിയെന്നും എ.ഐ.എം ടി.സി പറഞ്ഞു.

അതിനിടെ, പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് കർഷകർ. രാജ്യ വ്യാപക പ്രക്ഷോഭത്തിനാണ് ക്രാന്തികാരി കിസാൻ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബർ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്. അതിനിടെ, കർഷകരുമയി നാളെയും ചർച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ, സർക്കാർ നിർദ്ദേശം അനുസരിച്ച് ബുറാഡി മൈതാനത്തേക്ക് മാറിയ തങ്ങളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു വിഭാ​ഗം കർഷകർ രം​ഗത്തെത്തി. ബുറാഡി മൈതാനത്തേക്ക് മാറിയാൽ ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപാഝി അം​ഗീകരിച്ച കർഷകരാണ് കേന്ദ്ര സർക്കാർ തങ്ങളെ ചർച്ചക്ക് വിളിച്ചില്ല എന്ന ആരോപണമുയർത്തി രം​ഗത്തെത്തിയത്. ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധികളാണ് കേന്ദ്ര സർക്കാർ പറഞ്ഞുപറ്റിച്ചു എന്ന ആരോപണമുയർത്തുന്നത്.

' ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയാൽ ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും കർഷകർ ഇങ്ങോട്ടേക്ക് മാറിയത്. പക്ഷേ, കഴിഞ്ഞദിവസം നടന്ന ചർച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചില്ല.'- ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി കൺവീനർ സർദാർ വി എം സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരോട് മാത്രമേ സർക്കാർ ചർച്ച നടത്തുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നും യുപിയിൽ നിന്നുമുള്ള കർഷകരെ സർക്കാർ വഞ്ചിച്ചു. ബുറാഡിയിൽ തുടരുന്നതുകൊണ്ട് ഇനി അർത്ഥമില്ല'- സർദാർ കൂട്ടിച്ചേർത്തു.

ഡൽഹി അതിർത്തിയിലെത്തിയ ഒരു വിഭാഗം കർഷകർ സർക്കാർ നിർദ്ദേശത്തെ തുടർന്ന്‌ ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയിരുന്നു. എന്നാൽ ബുറാഡി തുറന്ന ജയിലാണെന്ന് ആരോപിച്ച് മറ്റു വിഭാഗങ്ങൾ അതിർത്തികളിൽ തന്നെ തമ്പടിക്കുകയായിരുന്നു. ഇവരെയാണ് സർക്കാർ കഴിഞ്ഞദിവസം ചർച്ചയ്ക്ക് വിളിച്ചത്. കർഷകരുമായി ആദ്യഘട്ടം നടത്തിയ ചർച്ച പരാജയമായിരുന്നു. വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.